ന്യൂഡൽഹി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉന്നാവോ പെൺകുട്ടിയെയും അഭിഭാഷകനെയും തുടര്‍ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റാൻ സുപ്രീംകോടതിയുടെ നിർദേശം. തിങ്കളാഴ്ചയാണ് സുപ്രീംകോടതി നിർദേശം നൽകിയത്.
ലക്നൗവിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരെയും വ്യോമ മാർഗം ഡൽഹിയിലെത്തിക്കും. ജൂലൈ 28നാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റത്.
നമ്പര്‍ മറച്ച ട്രക്ക് അമിത വേഗത്തിലെത്തി ഇവർ സഞ്ചരിക്കുകയായിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കേസ് പരിഗണിച്ച സമയത്ത് ആശുപത്രി മാറ്റം ആവശ്യപ്പെട്ട് പെൺകുട്ടിയുടെയോ അഭിഭാഷകന്റെയോ കുടുംബത്തിലെ ആരും എത്തിയിരുന്നില്ല.വിശദമായ വാദം കേൾക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഗുരുതരാവസ്ഥയിലുളള പെൺകുട്ടിക്ക് വിദഗ്ധ ചികിത്സ നൽകുന്നതിന് എയിംസിലേക്ക് മാറ്റാൻ അമ്മ ആവശ്യപ്പെട്ടതായി അഭിഭാഷകൻ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. ഇതിന് ജസ്റ്റിസുമാർ അനുമതി നൽകുകയായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.