ലക്നൗ: തന്നെ വിമർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൊതുജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സന്യാസിയെ തടസപ്പെടുത്തിയാൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് യോഗിയുടെ മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോടുള്ള യുിപി പൊലീസിന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് പ്രിയങ്ക യോഗിക്കെതിരെ രംഗത്തെത്തിയത്. യോഗിക്ക് കാവി വസ്ത്രം ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. പ്രിയങ്കയുടെ വിമർശനത്തിന് തൊട്ടുപിന്നാലെയാണ് മറുപടിയുമായി യോഗിയുടെ ഓഫീസ് എത്തിയിരിക്കുന്നത്.
എല്ലാം ത്യജിച്ചുകൊണ്ട് പൊതുജന സേവനത്തിനായിട്ടാണ് യോഗി കാവി ധരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. അദ്ദേഹം കാവി ധരിക്കുക മാത്രമല്ല അതിനെ പ്രതിനിധീകരിക്കുക കൂടിയാണ്. പൊതുജനസേവനം നടത്തുന്ന സന്യാസിയെ തടസപ്പെടുത്തിയാൽ ശിക്ഷ നേരിടേണ്ടി വരും.- ട്വിറ്ററിൽ വ്യക്തമാക്കുന്നു.
പൊതുജനക്ഷേമം കാവിൽ എന്ന ഹാഷ് ടാഗിലൂടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനന്തരാവകാശത്തിലൂടെ രാഷ്ട്രീയവർക്കും രാജ്യത്തെ അവഗണിക്കുന്നവർക്കും പൊതുജനസേവനത്തിന്റെ അർത്ഥം എങ്ങനെ മനസ്സിലാകുമെന്നും ഇതിൽ ചോദിക്കുന്നുണ്ട്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.