ലക്നൗ: ആംആദ്മി പാര്‍ട്ടി രാജ്യസഭ അംഗം സഞ്ജയ് സിംഗിനെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ച് കോടതി. ഉത്തര്‍പ്രദേശ് എംപി-എംഎൽഎ കോടതിയാണ് ആപ് മുതിര്‍ന്ന നേതാവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 12ന് നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ സഞ്ജയ് സിംഗ് നടത്തിയ ചില പരാമർശങ്ങളാണ് കേസിന് അടിസ്ഥാനം. ഉത്തര്‍പ്രദേശ് സർക്കാർ ചില പ്രത്യേക ജാതിക്കാരെ മാത്രം അനുകൂലിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.
വിവാദം ഉയർത്തിയ ഈ പരാമർശത്തിന്‍റെ പേരിലാണ് സഞ്ജയ് സിംഗിനെതിരെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി ഹസ്തർഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് എംപിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ സെപ്റ്റംബർ ഏഴിന് സഞ്ജയ്ക്കെതിരെ ചാര്‍ജ് ഷീറ്റ് ഫയൽ ചെയ്തു. പത്തുദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തെ വിചാരണ ചെയ്യാൻ സംസ്ഥാന സർക്കാർ അനുമതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ കോടതി എംപിക്ക് സമൻസ് അയക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സിംഗ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും എംപി-എംഎൽഎ കോടതി ഉത്തരവ് റദ്ദാക്കണമെന്ന അപേക്ഷ ജസ്റ്റിസ് രാകേഷ് ശ്രീവാസ്ത തള്ളുകയായിരുന്നു.
പ്രത്യേക കോടതി ഉത്തരവിൽ നിയമവിരുദ്ധതയില്ലെന്ന സർക്കാർ അഭിഭാഷകൻ വിമൽ ശ്രീവാസ്തവയുടെ വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി അപേക്ഷ തള്ളിയത്. വ്യക്തിപരമായ ഹാജരാകലിൽ നിന്നും ഒഴിവാക്കണമെന്ന് സിംഗിന്‍റെ അഭിഭാഷകൻ എംപി-എംഎൽഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജാമ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ഹർജി ജഡ്ജി നിരസിക്കുകയായിരുന്നു.
കേസ് തുടർവാദത്തിനായി ഫെബ്രുവരി 17ലേക്ക് മാറ്റിയിരിക്കുകയാണ്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.