ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് (UP election) റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) കാൽ തൊട്ടുവണങ്ങാന്‍ ഒരുങ്ങിയ ബിജെപി നേതാവിനെ (BJP Leader) തടഞ്ഞ് പ്രധാനമന്ത്രി. ബിജെപിയുടെ ഉന്നാവ് ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാറാണ് (Avadhesh katyar) റാലി പരിപാടി നടക്കുന്ന വേദിയിൽ പ്രധാനമന്ത്രിയുടെ കാൽ തൊട്ടുവണങ്ങാൻ ഒരുങ്ങിയത്.
പ്രധാനമന്ത്രി റാലിയില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ബിജെപിയുടെ യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ബിജെപിയുടെ ഉന്നാവ് ജില്ലാ പ്രസിഡന്റ് അവധേഷ് കത്യാര്‍ എന്നിവർ അദ്ദേഹത്തെ ശ്രീരാമന്റെ വിഗ്രഹം നൽകി സ്വാഗതം ചെയ്തു. ഇതിന് ശേഷമായിരുന്നു അവധേഷ് കത്യാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തോട്ടുവണങ്ങാൻ ശ്രമിച്ചത്. എന്നാൽ ഉടൻ തന്നെ പ്രധാനമന്ത്രി ഇയാളെ തടയുകയാണുണ്ടായത്. തന്റെ കാലില്‍ തൊട്ടുവണങ്ങരുതെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് നിർദേശം നൽകിയ പ്രധാനമന്ത്രി തന്റെ കാൽ തോട്ടുവണങ്ങാൻ ഒരുങ്ങിയ അവധേഷ് കത്യാറുടെ കാൽ തോട്ടുവണങ്ങുകയാണുണ്ടായത്.
സംഭവത്തിന്റെ വീഡിയോ ബിജെപി നേതാവായ അരുൺ യാദവ് തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. മോദിജിക്ക് മാത്രമേ ഒരു പാർട്ടി പ്രവർത്തകന്റെ കാൽ തൊട്ടുവണങ്ങാൻ കഴിയുകയുള്ളൂ, എന്ന അടിക്കുറിപ്പോടെ അരുൺ യാദവ് പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ലഭിക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന തെരെഞ്ഞെടുപ്പിൽ ഫെബ്രുവരി 23 ന്, നാലാം ഘട്ടത്തിലാണ് ഉന്നാവിലെ വോട്ടെടുപ്പ്. ഉന്നാവ് ബലാത്സംഗ കേസിൽ ബിജെപി നേതാവ് കുല്‍ദീപ് സിങ് സെംഗാര്‍ ജയിലിലായ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പ് ബിജെപിക്ക് നിര്‍ണായകമാണ്. ജില്ലയില്‍ ആറ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
Also read-
Narendra Modi| ഗുജറാത്തിൽ തുടങ്ങിയ പോരാട്ടം ആഗോളതലത്തിൽ എത്തിനിൽക്കുമ്പോൾ; തീവ്രവാദത്തെ വേരോടെ പിഴുതെറിയുന്നതിൽ മോദി വഹിച്ച പങ്ക് എന്ത്?ഉന്നാവിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിക്കുകയും ചെയ്തു. "സ്വന്തം പിതാവിനെ വേദിയിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടാണ് അയാൾ പാർട്ടി പിടിച്ചെടുത്തത്. പിന്നീട് തന്റെ സീറ്റ് (കർഹാൽ) സംരക്ഷിക്കാൻ അദ്ദേഹത്തോട് [മുലായത്തോട്] തന്നെ അപേക്ഷിക്കേണ്ടി വന്നു,” പ്രധാനമന്ത്രി മോദി പറഞ്ഞു.
"രാജവംശങ്ങളെ സംബന്ധിച്ചിടത്തോളം അവർ മുൻഗണന നൽകുക അവരുടെയും അവരുടെ അടുപ്പക്കാരുടെയും താൽപ്പര്യങ്ങളാണ്, അതുകൊണ്ട് തന്നെ യുപിയിലെ ജനങ്ങൾ എവിടെയെങ്കിലും അപമാനിക്കപ്പെടുകയോ മറിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്യുമ്പോൾ അത് തങ്ങൾക്ക് ഗുണം നൽകുന്ന കാര്യത്തിന് അല്ലെങ്കിൽ അവർ അതിനെതിരെ കണ്ണടയ്ക്കും." - മോദി കൂട്ടിച്ചേർത്തു.
നിലവിൽ യുപിയിലെ തെരെഞ്ഞുടിപ്പിന്റെ മൂന്ന് ഘട്ടങ്ങൾ പൂർത്തിയായി. ഇന്നലെ നടന്ന മൂന്നാം ഘട്ടത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടിങ്ങും പൂർത്തിയായി. അഖിലേഷ് മത്സരിക്കുന്ന കർഹാൽ മണ്ഡലത്തിലേതിന് പുറമെ അവധ്, ബുന്ദേൽഖണ്ഡ് എന്നിങ്ങനെ 59 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ്ങാണ് പൂർത്തിയായത്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാർച്ച് ഏഴിന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10 ന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.