• HOME
  • »
  • NEWS
  • »
  • india
  • »
  • വാലന്റൈൻസ് ദിനത്തിൽ പശുക്കളോടുള്ള സ്നേഹം റോട്ടിയും ശര്‍ക്കരയും നല്‍കി ആഘോഷിക്കണം: യുപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

വാലന്റൈൻസ് ദിനത്തിൽ പശുക്കളോടുള്ള സ്നേഹം റോട്ടിയും ശര്‍ക്കരയും നല്‍കി ആഘോഷിക്കണം: യുപി മൃഗസംരക്ഷണ വകുപ്പ് മന്ത്രി

പശുക്കളുടെ തലയിലും കഴുത്തിലും പിടിച്ച് അനുഗ്രഹം വാങ്ങണമെന്നും മന്ത്രി

(Representational Image)

(Representational Image)

  • Share this:

    ലഖ്‌നൗ: വാലന്റൈന്‍സ് ദിനത്തില്‍ പശുക്കളെ പൂജിക്കണമെന്ന് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാല്‍ സിംഗ്. കൂടാതെ ഈ ദിനത്തിൽ പശുക്കള്‍ക്ക് ശര്‍ക്കരയും റോട്ടിയും നല്‍കി അവയുടെ അനുഗ്രഹം വാങ്ങണമെന്നും മന്ത്രി പറഞ്ഞു.

    ”വാലന്റൈന്‍സ് ഡേ എന്നാല്‍ പ്രണയത്തിന്റെ ദിവസമാണ്. ഫെബ്രുവരി 14ന് പശുക്കളോടുള്ള നമ്മുടെ സ്‌നേഹം അവയ്ക്ക് റോട്ടിയും ശര്‍ക്കരയും നല്‍കി ആഘോഷിക്കണം. പശുക്കളുടെ തലയിലും കഴുത്തിലും പിടിച്ച് അനുഗ്രഹം വാങ്ങണം,” ധരംപാല്‍ സിംഗ് പറഞ്ഞു.

    “ഗാവോ വിശ്വസ്യ മാതാറാ” എന്ന വേദവാക്കിന്റെ അർത്ഥം ലോകത്തിന്റെ അമ്മയാണ് പശു എന്നാണെന്നും മന്ത്രി പറഞ്ഞു. അതിനാൽ ദിവസവും ഗോമാതാവിനെ പരിപാലിക്കുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

    ‘ഇന്ത്യക്കാര്‍ തങ്ങളുടെ എല്ലാ ചടങ്ങുകള്‍ക്കും പശുക്കളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കുന്ന മൃഗമാണ് പശു. വൈകാരികമോ മതപരമോ ആയ കാരണങ്ങൾ കൊണ്ട് മാത്രമല്ല, മനുഷ്യ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിലും പശു പരമപ്രധാനമാണ്.
    Also Read- പ്രണയദിനത്തിൽ പശുവിനെ ആലിംഗനം ചെയ്യേണ്ട; വിവാദ ഉത്തരവ് മൃഗക്ഷേമ ബോർഡ് പിൻവലിച്ചു

    അതുകൊണ്ടാണ് വാലന്റൈൻസ് ദിനത്തിൽ ഗോമാതാവിനോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും പരസ്പരം ബോധവാന്മാരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്നും മന്ത്രിയുടെ വാക്കുകൾ.

    കുറച്ച് ദിവസം മുമ്പാണ് പ്രണയദിനമായ ഫെബ്രുവരി 14ന് പശുവിനെ ആലിംഗനം ചെയ്യണം എന്ന ഉത്തരവ് കേന്ദ്രമൃഗക്ഷേമ ബോര്‍ഡ് പുറത്തിറക്കിയത്. ഫെബ്രുവരി ആറിനാണ് ഈ വിവാദ ഉത്തരവ് പുറത്തിറക്കിയത്. പിന്നീട് ഫെബ്രുവരി 10ന് ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.

    പശുവിനെ ആലിംഗനം ചെയ്യണം എന്ന് അഭ്യര്‍ത്ഥിക്കുന്ന സര്‍ക്കുലര്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാർ സർക്കുലർ പിൻവലിച്ചത്.

    Also Read- ‘ബോയ്ഫ്രണ്ട് വാടകയ്ക്ക്’; പ്രണയദിനത്തില്‍ സ്പെഷ്യൽ ഓഫറുമായി യുവാവ്; പോസ്റ്റ് വൈറല്‍

    അതേസമയം, എന്ത് കാരണത്താലാണ് നേരത്തേ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുന്നതെന്ന് മൃഗ ക്ഷേമ ബോര്‍ഡ് സെക്രട്ടറി എസ് കെ. ദത്ത ഫെബ്രുവരി പത്തിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നില്ല.

    പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടേയും നട്ടെല്ലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാന്‍ കേന്ദ്രം ആഹ്വാനം ചെയ്തത്. കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് ‘കൗ ഹഗ് ഡേ’ ആചരിക്കാനുള്ള ആഹ്വാനമെന്ന് മൃഗ ക്ഷേമ ബോര്‍ഡ് വിശദീകരിച്ചിരുന്നു.

    പാശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം നമ്മുടെ പൈതൃകം മറന്നു പോകാന്‍ ഇടയാക്കിയിരിക്കുന്നു. ഈ ഘട്ടത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരികമായ സന്തോഷത്തിന് കാരണമാകും. അതുകൊണ്ട് ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് മൃഗ ക്ഷേമ ബോര്‍ഡ് ആദ്യം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

    ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ആയാണ് പൊതുവെ ആഘോഷിക്കുന്നത്. വാലന്റൈന്‍സ് ഡേ ആചരണം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളും മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

    Published by:Naseeba TC
    First published: