HOME » NEWS » India » UP MINISTER REFUSING TO MEET MUSLIM VICTIMS OF ANTI CAA VIOLENCE IN BIJNOR RV

CAA പ്രതിഷധത്തിനിടെ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ വീട് സന്ദർശിക്കാൻ വിസമ്മതിച്ച് യു പി മന്ത്രി; വിവാദം

'ഞാൻ എന്തിനാണ് കലാപകാരികളുടെ വീടുകളിൽ പോകേണ്ടത്? കലാപം നടത്തുകയും വികാരം ആളിക്കത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർ - അവർ എങ്ങനെയാണ് സമൂഹത്തിന്റെ ഭാഗമാകുന്നത്?'

News18 Malayalam
Updated: December 26, 2019, 6:16 PM IST
CAA പ്രതിഷധത്തിനിടെ കൊല്ലപ്പെട്ട മുസ്ലിങ്ങളുടെ വീട് സന്ദർശിക്കാൻ വിസമ്മതിച്ച് യു പി മന്ത്രി; വിവാദം
യുപി മന്ത്രി കപിൽ ദേവ് അഗർവാൾ
  • Share this:
ബിജ്നോർ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിൽ പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീട് സന്ദർശിക്കാൻ വിസമ്മതിച്ച് മന്ത്രി. വ്യാപക പ്രതിഷേധങ്ങൾക്ക് വേദിയായ ബിജ്നോർ സന്ദർശിക്കാനെത്തിയ മന്ത്രി കപിൽ ദേവ് അഗർവാളാണ് മുസ്ലിം ഇരകളുടെ വീടുകൾ സന്ദർശിക്കാൻ വിസമ്മതിച്ചത്. കലാപകാരികളുടെ വീട്ടിൽ പോകുന്നത് എന്തിനെന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

കൊല്ലപ്പെട്ട മുസ്ലിം യുവാക്കളുടെ വീടുകൾ സന്ദർശിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി ഇങ്ങനെ- 'ഞാൻ എന്തിനാണ് കലാപകാരികളുടെ സ്ഥലത്തേക്ക് പോകേണ്ടത്? നശീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും നാടിന് തീവെയ്ക്കുകയും ചെയ്യുന്നവർ എങ്ങനെ സമൂഹത്തിന്റെ ഭാഗമാകും'.

Also Read- 'നേതാക്കൾ അക്രമത്തിലേക്ക് അണികളെ തള്ളിവിടുന്നവരല്ല'; CAA പ്രതിഷേധങ്ങൾക്കെതിരെ കരസേനാമേധാവി

യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയാണ് കപിൽ ദേവ് അഗർവാൾ. ബിജ്നോർ ഉൾപ്പെടുന്ന ജില്ലയുടെ ചുമതലയും അദ്ദേഹത്തിനാണ്. ഇതിനിടെ, പ്രതിഷേധങ്ങള്‍ക്കിടെ പരിക്കേറ്റ ഓം രാജ് സൈനിയെയും കുടുംബത്തെയും മന്ത്രി സന്ദർശിച്ചു.

ബിജ്നോറിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഞായറാഴ്ച സന്ദർശിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന അക്രമത്തിൽ സുലൈമാൻ (20), അനസ് (25) എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ആദ്യം നിഷേധിച്ചെങ്കിലും സുലൈമാൻ കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിയേറ്റാണെന്ന് യുപി പൊലീസ് സമ്മതിച്ചിരുന്നു, കലാപകാരികൾ നാടൻ തോക്കുകൾ ഉപയോഗിച്ച് തങ്ങൾക്കുനേരെ വെടിയുതിർത്തപ്പോൾ സ്വയം രക്ഷക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

എന്നാൽ, സുലൈമാന് അക്രമവുമായി യാതൊരു ബന്ധവും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഉത്തർപ്രദേശിൽ മാത്രം പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു. പൊതുമുതലുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
Published by: Rajesh V
First published: December 26, 2019, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading