കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാമർശത്തിൽ യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്. അപകീർത്തിപ്പെടുത്തൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യു പി പൊലീസ് കേസെടുത്തത്. ബിജെപി നേതാവ് പുഷ്പ സിംഗിന്റെ പരാതിയിലാണ് നടപടി. പരാമർശത്തിലൂടെ കോൺഗ്രസിന്റെ സംസ്കാരമാണ് വ്യക്തമാകുന്നതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നതെന്നായിരുന്നു അജയ് റായിയുടെ വിമർശനം. ‘ലട്കയും ഝഡ്കയുമെന്ന നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് കൊണ്ടാണ് അജയ് റായ് മന്ത്രിയെ വിമര്‍ശിച്ചത്. രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പുള്ള ഇറാനിയുടെ അഭിനയ ജീവിതത്തെ കുറിച്ചുള്ള പരാമർശമായാണ് ഇതിനെ വിലയിരുത്തുന്നത്.
പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടേത് സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നുമാണ് ബിജെപി വക്താവ് ഷഹദാദ് പുണെ വാല വിഷയത്തിൽ പ്രതികരിച്ചത്. അജയ് റായ് പ്രയോഗത്തിൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ താൻ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായി പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.