NSA | ചോദ്യപേപ്പർ ചോർത്തി; UPയിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
NSA | ചോദ്യപേപ്പർ ചോർത്തി; UPയിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്
കേസുമായി ബന്ധപ്പെട്ട് പോലീസ് ഇത് വരെ 52 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് മാധ്യമപ്രവർത്തകരും ആറ് സ്കൂൾ മാനേജർമാരും അഞ്ച് സ്കൂൾ പ്രിൻസിപ്പാൾമാരും ഉൾപ്പെടുന്നു.
ബല്ലിയ (യുപി): ഉത്തർപ്രദേശിൽ ചോദ്യപേപ്പർ ചോർത്തിയതിന് (Paper Leak Case) സ്കൂൾ പ്രിൻസിപ്പാളിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം (National Security Act - NSA) കേസെടുത്തു. യുപി ബോർഡ് ഓഫ് സെക്കൻററി എജ്യുക്കേഷൻ നടത്തിയ 12-ാം ക്ലാസ് പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യപേപ്പറാണ് ചോർന്നത്. മാർച്ച് 30നായിരുന്നു പരീക്ഷ. പ്രിൻസിപ്പാളിനെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരം പോലീസ് ഞായറാഴ്ചയാണ് അറിയിച്ചത്.
മാ ലച്ചിയമുറാത് യാദവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ അക്ഷയ് ലാൽ യാദവിനെതിരെയാണ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുള്ളതെന്ന് ഉഭാവോൺ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയ അവിനാഷ് സിങ് പറഞ്ഞു. ചോദ്യപേപ്പർ ചോർത്തുന്നതിൻെറ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന നിർഭയ് നരെയ്ൻ സിങ്, ഭിംപുര മഹാരാജി ദേവി മെമ്മോറിയൽ ഇൻറർ കോളേജ് മാനേജർ രാജു പ്രജാപതി, രവീന്ദ്ര സിങ് എന്നിവർക്കെതിരെയും ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പോലീസ് ഇത് വരെ 52 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് മാധ്യമപ്രവർത്തകരും ആറ് സ്കൂൾ മാനേജർമാരും അഞ്ച് സ്കൂൾ പ്രിൻസിപ്പാൾമാരും ഉൾപ്പെടുന്നു. ബല്ലിയ ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് (DIOS) ചുമതല വഹിക്കുന്ന ബ്രിജേഷ് മിശ്രയും അറസ്റ്റിലായവരിൽ പെടുന്നു. കേസിൽ അറസ്റ്റിലായിരുന്ന മൂന്ന് മാധ്യമപ്രവർത്തകർക്ക് കോടതി ഈയടുത്ത് ജാമ്യം അനുവദിച്ചിരുന്നു.
ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഉത്തർപ്രദേശ് വിദ്യാഭ്യാസ വകുപ്പ് 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. 24 ജില്ലകളിലാണ് പരീക്ഷകൾ റദ്ദാക്കിയത്. യുപി സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയതായിരുന്നു ഈ കേസ്. യുപി അധ്യാപക യോഗ്യതാ പരീക്ഷയുടെ ചോദ്യപേപ്പറുകളും നാല് മാസം മുമ്പ് ചോർന്നിരുന്നു. ഇത് വലിയ വിമർശനത്തിന് ഇടയാക്കി. ഇംഗ്ലീഷ് പരീക്ഷ നടക്കുന്നതിന് മുമ്പാണ് ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്ന് വ്യക്തമായത്. ബല്ലിയയിൽ നിന്നാണ് ചോദ്യപേപ്പർ പുറത്തായത്. ആകെയുള്ള 75 ജില്ലകളിൽ 24 ജില്ലകളിലെ പരീക്ഷയും നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ നിർദ്ദേശം നൽകുകയാണ് ചെയ്തത്.
ഗാസിയാബാദ്, വാരാണസി, ഗോരഖ്പൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെയെല്ലാം പരീക്ഷ റദ്ദാക്കി. ഒരു പ്രത്യേക സീരീസിലുള്ള ചോദ്യപേപ്പർ മാത്രമാണ് ചോർന്നിരുന്നത്. അതിനാൽ, മറ്റ് ജില്ലകളിൽ സാധാരണ പോലെത്തന്നെ പരീക്ഷ നടത്തി. 24 ജില്ലകളിൽ ഏപ്രിൽ 13നാണ് പിന്നീട് പുതിയ ചോദ്യപേപ്പറുകളുമായി പരീക്ഷ നടത്തിയത്. ബല്ലിയ ജില്ലാ ഇൻസ്പെക്ടർ ഓഫ് സ്കൂൾസ് (DIOS) ബ്രിജേഷ് മിശ്രയെ ഉടൻ തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കി. യുപി പോലീസ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനാണ് അന്വേഷണച്ചുമതല നൽകിയത്. കേസിലെ പ്രതികൾക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ മാതൃകാപരമായ രീതിയിൽ കർശന ശിക്ഷാ നടപടി ഉണ്ടാവുമെന്ന് സംസ്ഥാനത്തെ സെക്കൻററി എജ്യുക്കേഷൻ മന്ത്രി ഗുലാബ് ദേവി വ്യക്തമാക്കി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.