HOME » NEWS » India » UP WANTS TO BAN POPULAR FRONT OF INDIA RV

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോ? ഉത്തർപ്രദേശിന്റെ ആവശ്യം; ആഭ്യന്തരമന്ത്രാലയത്തിൽ റിപ്പോർട്ടുകളുടെ നീണ്ടനിര

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് 2018 ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നാൽ ഇത് പിന്നീട് മുഖ്യമന്ത്രി നിഷേധിച്ചു.

News18 Malayalam | news18-malayalam
Updated: January 5, 2020, 4:36 PM IST
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമോ? ഉത്തർപ്രദേശിന്റെ ആവശ്യം; ആഭ്യന്തരമന്ത്രാലയത്തിൽ റിപ്പോർട്ടുകളുടെ നീണ്ടനിര
popular front
  • Share this:
അരുണിമ

പൗരത്വ നിമയ ഭേദഗതിക്കെതിരെ കഴിഞ്ഞ മാസം നടന്ന പ്രതിഷേധത്തിനിടെ സംസ്ഥാനത്തൊട്ടാകെ കലാപം നടത്തിയെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 25 അംഗങ്ങളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യെ നിരോധിക്കണമെന്നാണ് ഉത്തർപ്രദേശ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഉത്തർപ്രദേശിൽ നിന്ന് ഇത്തരമൊരു ശുപാർശ ലഭിച്ചിട്ടുണ്ടോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2001ൽ നിരോധിക്കപ്പെട്ട സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന പിഎഫ്ഐക്കെതിരെ നടപടിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുതിരുമോ എന്നാണ് ഇനി അറിയേണ്ടത്. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നുവെന്ന് ആരോപിക്കപ്പെടുന്ന മറ്റു മൂന്ന് റിപ്പോർട്ടുകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നിലുണ്ട്.

2010ലാണ് ഇന്റലിജൻസ് ബ്യൂറോ ആദ്യമായി പി‌എഫ്‌ഐക്കെതിരെ റിപ്പോർട്ട് നൽകുന്നത്. 'നിരോധിത സംഘടനയായ സിമിയുമായി സഹകരിക്കുന്ന ഇസ്ലാമിക സംഘടനകളുടെ ഒരു കൂട്ടായ്മ' ആണ് പിഎഫ്ഐ എന്നാണ് റിപ്പോർട്ടിലെ പരാമർശം. കേരളം മുതൽ രാജസ്ഥാൻ വരെയും ഗോവ, യുപി, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ മേഖല എന്നിവിടങ്ങളിലേക്കും പി‌എഫ്‌ഐ വ്യാപിക്കുകയാണെന്ന് അന്നത്തെ ഐബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

“ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആന്റ് എജ്യുക്കേഷണൽ സൊസൈറ്റി, പശ്ചിമ ബംഗാളിലെ നാഗ്രിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിയോംഗ് സോഷ്യൽ ഫോറം, ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഓഫ് സോഷ്യൽ ജസ്റ്റിസ് തുടങ്ങിയ സംഘടനകളെല്ലാം പി‌എഫ്‌ഐയുടെ ശൃംഖലയുടെ ഭാഗമാണ്” -റിപ്പോർട്ടിൽ പറയുന്നു.

Also Read- രാഹുലും പ്രിയങ്കയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപത്തിന് ശ്രമിക്കുന്നുവെന്ന് അമിത്ഷാ

മുസാഫർനഗർ, അസം‌ഗഡ് എന്നിവയുൾപ്പെടെ കിഴക്ക്, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒരു ഡസനോളം ജില്ലകളിൽ പി‌എഫ്‌ഐയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യു‌പിയുടെ ബാരബങ്കി, മുസാഫർ‌നഗർ ജില്ലകളിൽ നിന്ന് ധാരാളം ആക്ഷേപകരമായ പോസ്റ്ററുകൾ കണ്ടെടുത്തതിന് ശേഷമാണ് മുന്നറിയിപ്പുകൾ ലഭിച്ചത്. മക്കാ മസ്ജിദ്, അജ്മീർ, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മുസ്ലിംകൾ പോരാടണമെന്ന അഭ്യർത്ഥനകളാണ് പോസ്റ്ററുകളിൽ അടങ്ങിയിരിക്കുന്നത്'- ഐ ബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ ന്യൂമാൻസ് കോളജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിനെ 2010 ജൂലൈ 4ന് പിഎഫ്‌ഐ അംഗങ്ങൾ ആക്രമിക്കുകയും കൈ വെട്ടിമാറ്റുകും ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യു‌എ‌പി‌എ) പി‌എഫ്‌ഐ നിരോധിക്കുന്നത് സംബന്ധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം ആലോചിക്കുമ്പോൾ അന്നത്തെ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള കേരളത്തിൽ വർധിച്ചുവരുന്ന ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. പി‌എഫ്‌ഐയുടെ പേരുപറയാതെ 2010 സെപ്റ്റംബറിൽ പിള്ള തിരുവനന്തപുരത്ത് ഇങ്ങനെ പറഞ്ഞു- “മത മൗലികവാദം ആശങ്കയ്ക്ക് കാരണമാകുന്നു. ഇതിനെ വളരാൻ നാം അനുവദിക്കരുത്. ഭീഷണി തടയുന്നതിന് ഫലപ്രദമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് കേരളത്തിന്റെ ഭാവിക്ക് ഗുരുതരമായ ഭീഷണിയാണ്. ” അന്നത്തെ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി സംസ്ഥാനത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും ജോസഫിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും ചർച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പരാമർശം.

2017ൽ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച സമഗ്രമായ ഒരു റിപ്പോർട്ട് സമർപ്പിച്ചതോടെ പി‌എഫ്‌ഐയെ നിരോധിക്കണമെന്ന ആവശ്യങ്ങൾ ശക്തമായി. ഏജൻസി അന്വേഷിച്ച ഭീകരതയുമായി ബന്ധപ്പെട്ട കേസുകളുമായി ഈ ഇസ്ലാമിക് ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകർക്കലിനും തുടർന്നുള്ള കലാപങ്ങൾക്കും ശേഷം 1993 ൽ രൂപീകരിച്ച നാഷണൽ ഡെവലപ്മെന്‌റ് ഫ്രണ്ടിന്റെ (NDF)രണ്ടാം അവതാരമാണ് പി‌എഫ്‌ഐ എന്ന് എൻ‌ഐ‌എ രേഖയിൽ പറയുന്നു.

''എൻ‌ഡി‌എഫ് പിന്നീട് തമിഴ്‌നാട്ടിലെ എം‌എൻ‌പി, കർണാടകയിലെ കെ‌എഫ്‌ഡി, സിറ്റിസൺസ് ഫോറം (ഗോവ), കമ്മ്യൂണിറ്റി സോഷ്യൽ ആന്റ് എജ്യുക്കേഷണൽ സൊസൈറ്റി (രാജസ്ഥാൻ), നാഗ്രിക് അധികാർ സുരക്ഷാ സമിതി (ആന്ധ്രപ്രദേശ്) എന്നിവയുമായി ലയിച്ച് പി‌എഫ്‌ഐ രൂപീകരിച്ചു. 2006 നവംബർ ഒൻപതിന്‌ ബാംഗ്ലൂരിലാണ് പി‌എഫ്‌ഐ രൂപീകരണം ആദ്യമായി പ്രഖ്യാപിച്ചത് ”എൻ‌ഐ‌എ രേഖയിൽ പറയുന്നു.

പി‌എഫ്‌ഐ ഇപ്പോൾ മണിപ്പൂർ, അസം, ഉത്തർപ്രദേശ്, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചതായും കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുണ്ടെന്നും എൻഐഎ അറിയിച്ചു. 23 സംസ്ഥാനങ്ങളിൽ സംഘടനക്ക് സാന്നിധ്യമുണ്ടെന്ന് അതിന്റെ നേതൃത്വം തന്നെ അവകാശപ്പെടുന്നു.

Also Read- എൻ ആർ സിയെക്കുറിച്ച് കേരളത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.

രുദ്രേഷ് കൊലപാതക കേസ്, ബാംഗ്ലൂർ സ്ഫോടന കേസ്, കേരളത്തിലെ അധ്യാപകന്റെ കൈവെട്ടു കേസ്, ഹാദിയ കേസ്, ഐസിസ് ഒമർ-അൽ-ഹിന്ദി കേസ് എന്നിവയിൽ പി‌എഫ്‌ഐക്കും ഇതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്‌ഡി‌പി‌ഐക്കും പങ്കാളിത്തമുണ്ടെന്ന് എൻ‌ഐ‌എ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘടനാ ഘടന, ഭാരവാഹികൾ, ധനസഹായത്തിന്റെ ഉറവിടം, പി‌എഫ്‌ഐയുടെ തീവ്രവാദ ബന്ധങ്ങൾ എന്നിവയുടെ പൂർണ്ണ വിവരങ്ങൾ റിപ്പോർട്ടായി നൽകി. മുസ്ലീം സമുദായത്തിലെ അംഗങ്ങൾക്കെതിരായ ചെറിയ കേസുകളിൽ പോലും ഇടപെടാനും പ്രതികരിക്കാനും കേഡർമാരെ ബോധപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു. ഇസ്ലാമിക മൂല്യങ്ങളുടെ രക്ഷാധികാരിയായി പ്രവർത്തിക്കാനും കേഡറിനെ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ അവരെ സദാചാര പോലീസായി മാറ്റുകയും ചെയ്യുന്നു. കേഡർമാർക്ക് ആയോധനകലയിൽ പരിശീലനം നൽകുന്നു. ശക്തികേന്ദ്രങ്ങളിലെ ചില സ്ഥലങ്ങളിൽ വടിയും കത്തിയും വാളും ഉപയോഗിക്കാനും പരിശീലനം നൽകുന്നു ”എൻ‌ഐ‌എ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, ക്രമസമാധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പി‌എഫ്‌ഐയുടെ പങ്കാളിത്തം കുറഞ്ഞുവരികയാണെന്ന് അന്വേഷണ ഏജൻസി ”അഭിപ്രായപ്പെട്ടു. കൈവെട്ടുകേസിന് ശേഷം കേരള പോലീസിന്റെ നടപടിക്ക് ശേഷമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാർ പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് 2018 ൽ അന്നത്തെ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. എന്നാൽ ഇത് പിന്നീട് മുഖ്യമന്ത്രി നിഷേധിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ ജാർഖണ്ഡ് സർക്കാർ 2019 ഫെബ്രുവരിയിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. 1908 ലെ ഇന്ത്യൻ ക്രിമിനൽ നിയമ ഭേദഗതി നിയമത്തിലെ 16-ാം വകുപ്പ് പ്രകാരം ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നിരോധനം. 2018ൽ പിഎഫ്ഐയെ നിരോധിച്ചിരുന്നുവെങ്കിലും ജാർഖണ്ഡ് ഹൈക്കോടതി ഇത് നീക്കിയിരുന്നു.

ഇപ്പോൾ, സംസ്ഥാന ആഭ്യന്തര വകുപ്പിന് അയച്ച കത്തിൽ ഉത്തർപ്രദേശ് പൊലീസ് പറയുന്നത് ഇങ്ങനെ- പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്യമാലി, മീററ്റ്, ദിയോബന്ധ് എന്നിവിടങ്ങളിൽ കലാപത്തിന് പ്രേരണ നൽകിയതമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾ ഉണ്ടെന്ന് പറയുന്നു. യുഎപിഎയിലെ വിവിധ വകുപ്പുകൾ പ്രകാരം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചേർന്ന് യുപി സർക്കാർ ഏറ്റെടുത്തിരിക്കുകയാണെന്ന് ഡിജിപി ഒ പി സിംഗ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
Published by: Rajesh V
First published: January 5, 2020, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading