ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം അസാധുവാക്കിയ വിഷയത്തില്‍ പ്രതിഷേധമുയരുകയാണ്. ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും രംഗത്തെത്തിയിരിക്കുകയാണ്. ഇക്കണോമിക് ടൈംസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അയോഗ്യത കല്‍പ്പിക്കുന്ന വിഷയത്തെ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ബിജെപി സര്‍ക്കാര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ നിസ്സാര കേസുകളുടെ പിന്‍ബലത്തില്‍ കോടതി സംവിധാനങ്ങളെ കൂടി ഉപയോഗിക്കുകയാണ്. കേവലം രണ്ട് വര്‍ഷത്തെ ശിക്ഷാവിധി നിയമസഭാംഗങ്ങളെ അയോഗ്യത കല്‍പ്പിക്കുന്നതിന് അടിസ്ഥാനമായി കാണുന്നു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെ തല്‍ക്ഷണം അയോഗ്യരാക്കുന്ന രീതിയ്ക്ക് നിയമപരമായ പരിഹാരം കാണുക എന്നതായിരുന്നു അന്ന് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഉദ്ദേശ്യം. എന്നാല്‍ സമീപകാല സംഭവങ്ങളുടെ ഉദ്ദേശ്യ ശുദ്ധി പരിശോധിക്കേണ്ട കാലമായിരിക്കുന്നു”, എന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.
2013ലെ ഓര്‍ഡിനന്‍സ് അനുസരിച്ച് ശിക്ഷയ്ക്കെതിരെയുള്ള അപ്പീല്‍ 90 ദിവസത്തിനുളളില്‍ അംഗീകരിക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്യുന്ന പക്ഷം നിയമസഭാംഗങ്ങള്‍ക്ക് തങ്ങളുടെ സീറ്റ് നിലനിര്‍ത്താനുള്ള (വോട്ടിംഗ് അവകാശവും ശമ്പളവും ഇല്ലാതെ) വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. അയോഗ്യതയ്ക്ക് ഉള്ള മാനദണ്ഡം ഇപ്പോഴത്തെ പോലെ രണ്ട് വര്‍ഷം ശിക്ഷയായിരിക്കരുതെന്നും 7 വര്‍ഷം തടവ് ശിക്ഷയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
”ഏഴ് വര്‍ഷം തടവ് ശിക്ഷ ലഭിക്കാന്‍ തക്ക ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെയാണ് അയോഗ്യരാക്കേണ്ടത്. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കാണ് സാധാരണയായി എഴ് വര്‍ഷത്തിന് മുകളില്‍ ശിക്ഷ വിധിക്കാറുള്ളത്,’ കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.
Also Read- പത്തു വർഷം മുമ്പ് രാഹുല്‍ ഗാന്ധി കീറിയെറിഞ്ഞ അതേ ഓർഡിനൻസ് ഇന്ന് രാഹുലിന് തിരിച്ചടിയായി
അതേസമയം യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുനപരിശോധിക്കാനുള്ള സമയമായെന്നാണ് മുന്‍ യുപിഎ മന്ത്രി അശ്വിനികുമാറും പറഞ്ഞത്.
അതേസമയം 2013ലാണ് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കുന്നത് ഒഴിവാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാഹുല്‍ ഗാന്ധി തന്നെ പരസ്യമായി കീറിയെറിയെറിയുകയും ചെയ്തിരുന്നു.
പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പു ചെയ്ത ആ പ്രവൃത്തി ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്കു തന്നെ തിരിച്ചടി ആയിരിക്കുകയാണ്. അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തുകയും രണ്ടുകൊല്ലം തടവിന് വിധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍, രാഹുല്‍ ഗാന്ധി ലോക്സഭാ അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കപ്പെട്ടിരിക്കുകയുമാണ്. നിയമയുദ്ധത്തിന് പുറമേ മറ്റു പല കാര്യങ്ങളിലും രാഹുല്‍ ഗാന്ധിക്ക് പോരാടേണ്ടി വരും. ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കില്‍, നിയമപ്രകാരം ആറ് വര്‍ഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
Also Read-രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; സ്റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് ?
2019ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് സൂററ്റ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്ത് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത്.
അതേസമയം ബിജെപി സര്‍ക്കാരിന്റെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.
എന്നാല്‍ നിയമപ്രകാരമാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. തെറ്റായ രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിജെപി പക്ഷം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kapil Sibal, Rahul gandhi, UPA government