ബംഗളൂരു: പിതാവിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതിൽ അസ്വസ്ഥനായ മകൻ ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു.ബംഗളൂരു ബന്നർഘട്ട റോഡിലെ ഒരു ആശുപത്രിയിലാണ് സംഭവം. ബംഗളൂരു സ്വദേശിയായ ജഗദീഷ് കുമാർ എന്നയാളാണ് ഐസിയുവിനുള്ളിൽ കയ്യേറ്റം നടത്തിയത്. റിപ്പോർട്ടുകൾ അനുസരിച്ച് ജഗദീഷിന്റെ പിതാവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മധ്യവയസ്കനായ ഇയാൾ പിന്നീട് കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി തുടരുകയാണ്. അക്രമം നടന്ന ദിവസം ഇയാളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിക്കുകയും ചെയ്തു. ശ്വാസകോശത്തിലെ അണുബാധ വഷളാവുകയാണെന്നും നിലവിൽ നോൺ-കോവിഡ് ഐസിയുവിൽ രോഗിയെ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് ഡോക്ടർ അറിയിച്ചത്. ആരോഗ്യനില വളരെ മോശമായി വരികയാണെന്നും വ്യക്തമാക്കിയിരുന്നു.
Also Read-
അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കില്ല; യുപിയിലെ 'കൊറോണ മാതാ' ക്ഷേത്രം അധികൃതർ പൊളിച്ചു
ഇതുകേട്ട് അസ്വസ്ഥനായ ജഗദീഷ്, ഐസിയുവിലേക്ക് ഇരച്ചു കയറി കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഡോക്ടറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒരു നഴ്സിനെയും ഇയാൾ ആക്രമിച്ചു എന്നും പറയപ്പെടുന്നുണ്ട്.
ഐസിയു ആയതിനാൽ തന്നെ ഇവിടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നില്ല. പിന്നാലെ ആശുപത്രി അധികൃതർ തന്നെ പൊലീസിനെ വിവരം അറിയിച്ച് ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്തു. നിലവിൽ ഇയാള്‍ ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അച്ഛന്റെ ആരോഗ്യനിലയോർത്തുള്ള മനോവിഷമം കൊണ്ട് നിയന്ത്രണം വിട്ടു പോയതെന്നാണ് സംഭവത്തിൽ ജഗദീഷിന്റെ വിശദീകരണം.
കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അതിക്രമ സംഭവങ്ങളും വർധിച്ചു വരികയാണ്. അസ്സമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡൽ ഹോസ്പിറ്റൽ കോവിഡ് ഫെസിലിറ്റി സെന്ററിലെ
ജൂനിയർ ഡോക്ടർക്ക് നേരെ ഈയടുത്ത് അക്രമം നടന്നിരുന്നു.
ഗുവാഹത്തിയിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് സംഭവം നടന്ന കോവിഡ് ഫെസിലിറ്റി. ഇവിടെ ചികിത്സയിരുന്ന പിപാല് പുഖുരി ഗ്രാമവാസിയായ ജിയാസ് ഉദ്ദീൻ എന്നയാള്‍ ഇവിടെ മരണപ്പെട്ടിരുന്നു. ഓക്സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിന് നേരെ തിരിഞ്ഞത്. ഇടിയും തൊഴിയും അടക്കം ക്രൂര മർദനങ്ങൾക്ക് പുറമെ ഇഷ്ടിക അടക്കം ഉപയോഗിച്ചും ആക്രമിച്ചു. കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.