• HOME
  • »
  • NEWS
  • »
  • india
  • »
  • നിയമസഭാ നടപടികൾ കവർ ചെയ്യുന്നതിന് സ്വകാര്യ ചാനലുകൾക്ക് വിലക്ക്; പ്രതിഷേധവുമായി കർണാടകത്തിലെ മാധ്യമപ്രവർത്തകർ

നിയമസഭാ നടപടികൾ കവർ ചെയ്യുന്നതിന് സ്വകാര്യ ചാനലുകൾക്ക് വിലക്ക്; പ്രതിഷേധവുമായി കർണാടകത്തിലെ മാധ്യമപ്രവർത്തകർ

മുൻപ് നിയമസഭാസമ്മേളനത്തിനിടെ മന്ത്രി മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണുന്നത് സ്വകാര്യ ചാനൽ പുറത്തുവിടുകയും വിവാദമാവുകയും ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ബംഗളൂരു: ശീതകാലസമ്മേളനം വ്യാഴാഴ്ച തുടങ്ങാനിരിക്കെ കർണാടക നിയമസഭയിൽ സ്വകാര്യ ചാനൽ പ്രവർത്തകർക്ക് നിരോധനം. സഭാനടപടികൾ പകർത്തുന്നതിനാണ് നിയമസഭാസ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി സ്വകാര്യ വാർത്താചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. സ്പീക്കറുടെ നടപടിയിൽ വ്യാപകമായ പ്രതിഷേധമുയർന്നു. നടപടിക്കെതിരെ നാളെ കർണാടകയില്‍ മാധ്യമപ്രവർത്തകർ പ്രതിഷേധിക്കും.

    നിയമസഭയിൽ സ്വകാര്യ ചാനലുകളുടെ ക്യാമറ നിരോധിച്ചിരിക്കയാണെന്ന് സ്പീക്കർ വ്യക്തമാക്കി. നടപടികൾ നിയമസഭ റെക്കോഡ് ചെയ്യും. സ്വകാര്യചാനലുകൾക്ക് ആവശ്യമായ വീഡിയോദൃശ്യങ്ങൾ നിയമസഭയിൽനിന്ന്‌ ലഭിക്കും -സ്പീക്കർ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് സഭയ്ക്കുള്ളിൽ പ്രവേശിക്കാം. എന്നാൽ, സ്വകാര്യചാനൽ ക്യാമറകൾ അനുവദിക്കില്ല. സഭാനടപടികൾ ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്താനും പാടില്ല. ലോക്‌സഭയിലും രാജ്യസഭയിലും സ്വകാര്യചാനലുകളെ വീഡിയോ പകർത്താൻ അനുവദിക്കാറില്ലെന്നും സ്പീക്കർ വിശദീകരിച്ചു. നിരോധനം താൽക്കാലികമാണെന്നും മൂന്നു ദിവസത്തിനു ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നുമാണ് സ്പീക്കറുടെ നിലപാട്.

    1994 മുതൽ നിയമസഭാനടപടികൾ പകർത്താൻ സ്വകാര്യചാനലുകൾക്ക് അനുമതി നൽകുന്നുണ്ട്. കോൺഗ്രസ് നേതാവ് കെ.ആർ. രമേശ് കുമാർ സ്പീക്കറായിരുന്നപ്പോഴാണ് സ്വകാര്യചാനൽ പ്രവർത്തകർക്ക് അനുമതി നൽകിയത്. എന്നാൽ നിരോധനം കൊണ്ടുവരുന്നതിന്റെ കാരണം വിശദീകരിച്ചിട്ടില്ല. നിരോധനത്തെ ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയും എതിർത്തു.

    2012-ൽ ബി.ജെ.പി. മന്ത്രി ലക്ഷ്മൺ സാവദി നിയമസഭാസമ്മേളനത്തിനിടെ മൊബൈൽ ഫോണിൽ അശ്ലീലവീഡിയോ കാണുന്നത് സ്വകാര്യ ചാനൽ പുറത്തുവിട്ടിരുന്നു. ഇത് ഏറെ വിവാദമാകുകയും ലക്ഷ്മൺ സാവദി മന്ത്രിസ്ഥാനം രാജിവെക്കുകയുംചെയ്തു. അന്ന് നിയമസഭാസ്പീക്കറായിരുന്ന കെ.ജി. ബൊപ്പയ്യ സ്വകാര്യ ചാനലുകൾക്ക് നിയമസഭയിൽ താത്‌കാലികവിലക്ക് ഏർപ്പെടുത്തിയിരുന്നു.

    ഇപ്പോൾ ഉപമുഖ്യമന്ത്രിയാണ് ലക്ഷ്മൺ സാവദി. 2014-ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ അന്നത്തെ സ്പീക്കർ കാഗൊഡു തിമ്മപ്പയും നിയമസഭയിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്താൻ നീക്കം നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടർന്ന്‌ അന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

    First published: