ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുപയോഗിച്ചുള്ള വിപ്ലവത്തിന് ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നേതൃത്വം നൽകുമെന്നും ജിന കൂട്ടിച്ചേർത്തു.
2023 മാർച്ചിലാണ് ജിന റൈമോണ്ടോ ഇന്ത്യ സന്ദർശിച്ചത്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവർ കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കാര്യങ്ങളാണ് അന്ന് തനിക്ക് മുന്നിൽ പ്രദർശിപ്പിച്ചതെന്ന് ജിന വ്യക്തമാക്കി. സംസ്‌കാരം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ട മികച്ച ഇന്ത്യൻ മാതൃകകളാണ് തനിക്ക് മുന്നിൽ അവതരിപ്പിക്കപ്പെട്ടതെന്നും അവർ പറഞ്ഞു. കൂടാതെ സന്ദർശന വേളയിൽ ഹോളി ആഘോഷത്തിൽ ജിന പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായി ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യാ ഹൗസിലെ ഇന്ത്യൻ – അമേരിക്കൻ വംശജരുടെ പരിപാടിയിൽ പങ്കെടുക്കവെയാണ് ജിന ഇന്ത്യയെ വാനോളം പുകഴ്ത്തി സംസാരിച്ചത്.
Also read: ‘അയോഗ്യനാക്കാം, ജയിലിലടയ്ക്കാം, പക്ഷേ ചോദ്യം അവസാനിക്കില്ല’; രാഹുൽ ഗാന്ധി കോലാറിൽ
”ഞാൻ ഈയടുത്താണ് ഇന്ത്യ സന്ദർശിച്ചത്. ഹോളിയ്ക്ക് മുമ്പാണ് ഞാൻ പോയത്. അതുകൊണ്ട് തന്നെ ഹോളി ആഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞു. പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്നെ സ്വീകരിച്ചത്,’ ജിന റൈമോണ്ടോ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റിയും ജിന പറഞ്ഞു. മോദി ഒരു ദാർശനികനാണെന്നാണ് ജിന റൈമോണ്ടോ പറഞ്ഞത്.
”പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താൻ എനിക്ക് ഏകദേശം ഒരു ഒന്നരമണിക്കൂർ ലഭിച്ചു. ജനപ്രിയനായ ലോക നേതാവാണ് അദ്ദേഹം. ദാർശനികനായ വ്യക്തിയാണ്. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല,’ റൈമോണ്ടോ പറഞ്ഞു.
വിവിധ മേഖലകളിൽ പങ്കാളിത്തം ഉറപ്പാക്കുമെന്ന് ഇന്ത്യ-യുഎസ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശം, പ്രതിരോധം, പുതിയ തലമുറ സാങ്കേതിക വിദ്യകൾ എന്നിവയിലാണ് ഇരു രാജ്യങ്ങളും പങ്കാളിത്തം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.