ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ ഉപയോഗം പൂര്‍ണ്ണമായും കുറയ്ക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങള്‍ പൂര്‍ണ്ണമായി ഇലക്ട്രിക് വാഹനങ്ങളിലേക്കോ ഫ്ളക്സ് എഞ്ചിനുകളിൽ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളിലേക്കോ മാറുന്നതിലൂടെ ഈ ലക്ഷ്യം നേടാനാകുമെന്നും വായു മലിനീകരണം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെട്രോളിന്റെയും ഡീസലിന്റെയും സ്ഥാനത്ത് ജനങ്ങള്‍ എല്‍എന്‍ജി, സിഎന്‍ജി, ബയോ ഡീസല്‍, ഹൈഡ്രജന്‍, ഗ്രീന്‍ ഹൈഡ്രജന്‍ ഇലക്ട്രിക്, എഥനോള്‍ എന്നിവ ഉപയോഗിക്കണം എന്നാണ് എന്റെ ആഗ്രഹം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ ഉപയോഗം നിര്‍ത്താനും കഴിയും. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് സാധ്യമല്ല,” ഗഡ്കരി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളെപ്പറ്റി മുമ്പ് നിരവധി ആശങ്കകള്‍ ഉണ്ടായിരുന്നു.
അത് എങ്ങനെ ചാര്‍ജ് ചെയ്യും തുടങ്ങി നിരവധി വെല്ലുവിളികളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാലം മാറിയെന്നും ഇലക്ട്രിക് വാഹനങ്ങള്‍ ജനപ്രിയമായെന്നും അവ ലഭിക്കാന്‍ ആളുകള്‍ ഇപ്പോള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയേണ്ട അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
” നിങ്ങളോട് ഒന്നേ എനിക്ക് പറയാനുള്ളൂ. ഇപ്പോള്‍ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുത്. ഇലക്ട്രിക് വാഹനങ്ങളോ, ഫ്ളക്സ് എന്ജിന് കാറുകളോ വാങ്ങുക. ഫ്ളക്സ് എന്ജിന് കാറുകളില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ഉപയോഗിക്കാന്‍ കഴിയും. നമ്മുടെ കര്‍ഷകര്‍ അന്നദാതാവ് മാത്രമല്ല. ഊര്‍ജദാതാവ് കൂടിയാണ്,’ നിതിന്‍ ഗഡ്കരി പറഞ്ഞു.
അതേസമയം റോഡുകള്‍ പാര്‍ക്കിംഗിന് വേണ്ടിയുള്ളതല്ലെന്നും അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി നഗരത്തെ വായുമലിനീകരണ മുക്തമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് താന്‍ ജലവിഭവ മന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയിലെ ജലമലിനീകരണം തടയാന്‍ 6000 കോടി രൂപയാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യതലസ്ഥാനത്തെ വായു-ജല-ശബ്ദ മലീനീകരണം ഇല്ലാതാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദില്ലി ഡീകോണ്‍ജഷന്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന അര്‍ബന്‍ എക്സ്റ്റന്‍ഷന്‍ റോഡ് പ്രോജക്ടിന്റെ പുരോഗതി പരിശോധിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.