• HOME
  • »
  • NEWS
  • »
  • india
  • »
  • UTS App | ട്രെയിൻ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട; 20 കിലോ മീറ്റർ വരെയുള്ള യാത്രക്ക് യുടിഎസ് ആപ്പ്

UTS App | ട്രെയിൻ ടിക്കറ്റെടുക്കാൻ ക്യൂ നിൽക്കേണ്ട; 20 കിലോ മീറ്റർ വരെയുള്ള യാത്രക്ക് യുടിഎസ് ആപ്പ്

റിസർവേഷൻ ആവശ്യമില്ലാത്ത ടിക്കറ്റുകളാണ് ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുക

Train

Train

  • Share this:
റെയില്‍വേ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. നോണ്‍ - സബ് അര്‍ബന്‍ പ്രദേശങ്ങളിലെ (non-suburban sections) റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് 20 കിലോമീറ്റര്‍ വരെ ദൂരം പോകാൻ ഇനി മുതല്‍ യുടിഎസ് മൊബൈല്‍ ആപ്പ് (UTS mobile app) വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. റിസർവേഷൻ ആവശ്യമില്ലാത്ത ടിക്കറ്റുകളാണ് ഇത്തരത്തിൽ ബുക്ക് ചെയ്യാൻ സാധിക്കുക. നഗരപ്രാന്ത പ്രദേശങ്ങളിൽ 5 കിലോമീറ്റര്‍ ആണ് ആപ്പ് വഴി ടിക്ക് ബുക്ക് ചെയ്യാനുള്ള ദൂരം നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, സബര്‍ബന്‍ വിഭാഗത്തിന് (suburban sections) യുടിഎസ് മൊബൈല്‍ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ദൂരപരിധി 2 കിലോമീറ്റര്‍ ആയിരുന്നു.

പ്രതിദിന പാസഞ്ചര്‍ ട്രെയിനുകളുടെയും മറ്റ് ദീർഘ ദൂര ട്രെയിനുകളുടെയും ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചാണ് റെയില്‍വേ ബോര്‍ഡ് നവംബര്‍ 7 ന് എല്ലാ സോണുകള്‍ക്കും ഈ പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സീസണ്‍ ടിക്കറ്റുകള്‍, പ്രതിമാസ പാസുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ എന്നിവയും യുടിഎസ് ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്. ആന്‍ഡ്രോയിഡ്, ഐഒഎസ്, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സ്മാര്‍ട്‌ഫോണുകളിലും മൊബൈല്‍ ആപ്പ് ലഭ്യമാണ്. ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

R- Wallet, PayTM, Mobikwik പോലുള്ള വാലറ്റുകള്‍ വഴിയോ ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയോ ടിക്കറ്റിനായി പണമടയ്ക്കാം. ഇത് റിസര്‍വേഷൻ വേണ്ടാത്ത ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ വലിയ വര്‍ധനവുണ്ടാക്കിയിട്ടുണ്ടെന്നും റെയില്‍വേ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഗുണം ചെയ്യുമെന്നും റെയില്‍വേ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഐആര്‍സിടിസി അക്കൗണ്ട് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഒരു മാസം 24 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഇന്ത്യന്‍ റെയില്‍വേ അനുവദിച്ചിരുന്നു. ഐആര്‍സിടിസി യൂസര്‍ ഐഡിയും ആധാറും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ഐആര്‍സിടിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ഒരു മാസം 24 ട്രെയിന്‍ ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്.

അതേസമയം ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് പ്രതിമാസം 12 ടിക്കറ്റുകള്‍ വരെ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ പ്രതിമാസം 12 ടിക്കറ്റുകളും ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ 6 ടിക്കറ്റുകളും ബുക്ക് ചെയ്യാനാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) അനുവദിച്ചിരുന്നത്. ട്രെയിനില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ക്കും ഒരേ അക്കൗണ്ട് ഉപയോഗിച്ച് കുടുംബാംഗങ്ങള്‍ക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ കൂടി ബുക്ക് ചെയ്യുന്നവര്‍ക്കും ഇത് സഹായകമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

അടുത്തിടെ, കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ലാന്‍ഡ് പോളിസിയില്‍ ഭേദഗതി വരുത്തിയിരുന്നു. രണ്ട് സുപ്രധാന തീരുമാനങ്ങളാണ് ഈ ഭേദഗതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നത്. റെയില്‍വേ ഭൂമി ലൈസന്‍സ് ഫീ (LLF) കേന്ദ്ര സര്‍ക്കാര്‍ 6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമായി കുറച്ചു. അതേസമയം ലീസ് കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 35 വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.
Published by:user_57
First published: