ലഖ്‌നൗ: ഏകദേശം അഞ്ചുവർഷത്തിനുശേഷം ആദ്യമായി ഉത്തർപ്രദേശ് (Uttar Pradesh) മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) അമ്മയെ സന്ദർശിച്ചു. അമ്മയുടെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രം 'മാ' എന്ന അടിക്കുറിപ്പോടെ ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയായതിന് ശേഷം യോഗി ആദിത്യനാഥ് ആദ്യമായാണ് അമ്മ സാവിത്രി ദേവിയെ സന്ദർശിക്കുന്നത്.
ഉത്തരാഖണ്ഡിലെ തന്റെ ജന്മനാടായ പൗരിയിൽ എത്തിയാണ് ആദിത്യനാഥ് അമ്മയെ സന്ദർശിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഉത്തരാഖണ്ഡിലെത്തിയത്. 2017 ഫെബ്രുവരിയിലാണ് യോഗി അവസാനമായി തന്റെ ഗ്രാമം സന്ദർശിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ആനന്ദ് സിംഗ് ബിഷ്ത് 2020 ഏപ്രിലിൽ മരിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം യോഗിക്ക് അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
"അവസാന നിമിഷത്തിൽ പിതാവിനെ ഒരു നോക്ക് കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ കോവിഡിന്റെ സമയത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ നിർവഹിക്കുന്നതിനാൽ എനിക്ക് അതിന് കഴിഞ്ഞില്ല," -മുഖ്യമന്ത്രി പറഞ്ഞു.
माँ pic.twitter.com/3YA7VBksMA
— Yogi Adityanath (@myogiadityanath) May 3, 2022
ഈ വർഷം മാർച്ചിൽ തുടർച്ചയായി രണ്ടാം തവണയും യുപി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, അമ്മയുടെ അനുഗ്രഹം വാങ്ങാൻ ജന്മഗ്രാമം സന്ദർശിക്കുമെന്ന് യോഗി പറഞ്ഞിരുന്നു. സംസ്ഥാന സന്ദർശനത്തിന്റെ ആദ്യ ദിവസം, യമകേശ്വരിലെ മഹായോഗി ഗുരു ഗോരഖ്നാഥ് മഹാവിദ്യാലയ വിത്യാനിയിൽ അദ്ദേഹം തന്റെ ആത്മീയ ഗുരു മഹന്ത് വൈദ്യനാഥിന്റെ (ഗോരഖ്നാഥ് ക്ഷേത്രത്തിന്റെ) പ്രതിമ ഉദ്ഘാടനം ചെയ്തു. താൻ ജനിച്ച സ്ഥലത്ത് തന്റെ ആത്മീയ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read- Suhasini Maniratnam| 'ഹിന്ദി പഠിച്ചാൽ നല്ലത്, ഹിന്ദി സംസാരിക്കുന്നവർ നല്ലവർ': നടി സുഹാസിനി
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, ക്യാബിനറ്റ് മന്ത്രിമാരായ സത്പാൽ മഹാരാജ്, ധൻ സിംഗ് റാവത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, എൻഎച്ച്-58ന് സമീപം ഗംഗാ കനാലിനോട് ചേർന്ന് പുതുതായി നിർമ്മിച്ച ഭാഗീരഥി ഹോട്ടൽ ഉദ്ഘാടനം ചെയ്യാൻ അദ്ദേഹം മെയ് 5 ന് ഹരിദ്വാർ സന്ദർശിക്കും. ഉത്തർപ്രദേശ് ടൂറിസം കോർപ്പറേഷനാണ് ഹോട്ടൽ നിർമിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CM Yogi Adityanath, Uttarakhand