• HOME
 • »
 • NEWS
 • »
 • india
 • »
 • യോ​ഗിയുടെ ഉറപ്പിനു പിന്നാലെ വമ്പൻ ഓപ്പറേഷൻ; യുപിയിലെ ഗുണ്ടാനേതാവ് അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യോ​ഗിയുടെ ഉറപ്പിനു പിന്നാലെ വമ്പൻ ഓപ്പറേഷൻ; യുപിയിലെ ഗുണ്ടാനേതാവ് അസദ് അഹമ്മദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഫെബ്രുവരി 24-ന് പ്രയാഗ്‌രാജിൽ വെച്ച് പട്ടാപ്പകൽ ഉമേഷ് പാലിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ അസദ് രക്ഷപ്പെടുകയായിരുന്നു

 • Share this:

  കാൺപുർ: ഉത്തർപ്രദേശിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് അസദ് അഹമ്മദ് ഏറ്റുമുട്ടലിലിനിടെ വെടിയേറ്റ് മരിച്ചു. അതീഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തിനെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തർപ്രദേശ് പോലീസ് സമീപകാലത്തൊന്നും നടത്തിയിട്ടില്ലാത്ത വമ്പൻ ഓപ്പറേഷനിൽ അസദ് ഏറ്റുമുട്ടലിൽ മരിച്ചത്. 50 ദിവസത്തെ അതിസൂക്ഷ്മമായ പിന്തുടരലിനൊടുവിലാണ് അതീഖിന്റെ മകൻ അസദ് പോലീസ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്.

  യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്‌ടിഎഫ്) ഒന്നിലധികം ടീമുകൾ നടത്തിയ തിരച്ചിൽ അസദിനെ തേടി നിരവധി സംസ്ഥാനങ്ങളിലും വിദേശത്തും പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 24-ന് പ്രയാഗ്‌രാജിൽ വെച്ച് പട്ടാപ്പകൽ ഉമേഷ് പാലിനെ വെടിവെച്ച് കൊന്നതിന് പിന്നാലെ അസദ് രക്ഷപ്പെടുകയായിരുന്നു. പോലീസിന്റെ നിരീക്ഷണ വലയത്തിൽ പെടാതിരിക്കാൻ മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരുന്നത് അന്വേഷണ സംഘത്തിന്റെ ജോലി കൂടുതൽ കഠിനമാക്കി. എന്നിരുന്നാലും വ്യാഴാഴ്ച ഝാൻസിയിൽ വച്ച് മോട്ടോർ സൈക്കിളിൽ അസദിനെയും അദ്ദേഹത്തിന്റെ പ്രധാന സഹായി ഗുലാമിനെയും യുപി എസ്ടിഎഫ് പിന്തുടരുകയും തുടർന്ന് ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

  ഉമേഷ് പാൽ കേസിലെ മറ്റ് രണ്ട് പ്രതികളെ യുപി പോലീസ് നേരത്തെ എൻകൗണ്ടറിൽ വധിച്ചിരുന്നു.

  “ആദ്യ ദിവസം മുതൽ ഞങ്ങൾ അവനെ (അസാദ്) പിന്തുടരുകയായിരുന്നു. ഇന്ന് ഞങ്ങൾക്ക് അസദ് ഝാൻസിയിലുണ്ടെന്ന് വിവരം കിട്ടി. അവർ രാജ്യം വിട്ട് പോയിരുന്നില്ല എന്നുറപ്പിച്ചു. മുമ്പ് പലതവണ അവസരങ്ങൾ നഷ്ടമായെങ്കിലും ഇത്തവണ പിടികൂടുക തന്നെ ചെയ്തു. അസദിന്റെ പക്കൽ നിന്ന് വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്. വിവരങ്ങൾ കൈമാറാൻ അവർ സുരക്ഷിതമായ മറ്റ് ചില മാർഗങ്ങൾ ഉപയോഗിച്ചിരുന്നു.” യുപി എസ്ടിഎഫ് മേധാവി അമിതാഭ് യാഷ് പറഞ്ഞു.

  ഫെബ്രുവരി 24ന് ഉമേഷ് പാലിനെ കൊലപ്പെടുത്തുന്ന സമയത്ത് അസദ് അഹമ്മദ് കൊലയാളി സംഘത്തിനൊപ്പം ഉണ്ടായിരുന്നെങ്കിലും രംഗത്ത് വന്നിരുന്നില്ല. കാറിനുള്ളിൽ തന്നെ തുടരുകയാണ് ചെയ്തത്. ഫെബ്രുവരി 24 ന് ഇയാളുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം കൊലപാതകം നടത്തുമ്പോൾ അസദ് അഹമ്മദ് തന്റെ മൊബൈൽ ഫോൺ ലഖ്‌നൗവിലെ ഫ്ലാറ്റിൽ ഉപേക്ഷിച്ചിരുന്നു. എന്നാൽ അക്രമികളുടെ വെടിയേറ്റ് ഉമേഷ് പാൽ തന്റെ വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ട അസദ് കാറിൽ നിന്ന് പുറത്തുവന്ന് വെടിവയ്ക്കാൻ പുറകെ പാഞ്ഞു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് അസദിനെ പിടികൂടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നിർദ്ദേശം നൽകിയത്. അതോടെ യുപി എസ്ടിഎഫ് അസദിന് വേണ്ടി വലവിരിച്ചു.

  ഉമേഷ് പാൽ കൊല്ലപ്പെടുന്നത് വരെ അസദ് അഹമ്മദ് എന്ന യുവാവിനെതിരെ ഒരൊറ്റ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല എന്നതാണ് പ്രത്യേകത. എന്നാൽ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ അര ഡസനോളം വരുന്ന കൊലയാളികൾക്ക് നേതൃത്വം കൊടുത്തതോടെ അസദ് ഉത്തർപ്രദേശിലെ ‘മോസ്റ്റ് വാണ്ടഡ്’ ആളായി മാറി. അസദിന്റെ തലയ്ക്ക് സർക്കാർ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

  Also Read- ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി അതിഖ് അഹമ്മദിന്റെ ഭാര്യ; ആരാണ് ഒളിവിലുള്ള ഷൈസ്ത പർവീൺ?

  ഗുണ്ടാതലവനും രാഷ്ട്രീയക്കാരനുമായ അതിഖ് അഹമ്മദിന്റെ മൂന്നാമത്തെ മകനാണ് അസദ്, കഴിഞ്ഞ ഓഗസ്റ്റിൽ തന്റെ മൂത്ത രണ്ട് സഹോദരന്മാർ കോടതിയിൽ കീഴടങ്ങിയതിന് ശേഷം പിതാവിന്റെ ഗുണ്ടാസംഘത്തിന്റെ നിയന്ത്രണം അസദ് ഏറ്റെടുത്തതായി പറയപ്പെടുന്നു. ലഖ്‌നൗവിലാണ് അസദ് വളർന്നത്. അവിടെ മികച്ച സ്‌കൂളിൽ പഠിച്ച് 12-ാം ക്ലാസ് പാസായെങ്കിലും കുടുംബത്തിന്റെ ക്രിമിനൽ പശ്ചാത്തലം കാരണം പാസ്‌പോർട്ട് ക്ലിയർ ചെയ്യാത്തതിനാൽ തുടർ പഠനത്തിനായി വിദേശത്തേക്ക് പോകാൻ കഴിഞ്ഞില്ല. സിസിടിവിയിൽ പതിയുന്നത് വരെ അസദ് യുപി പൊലീസിന്റെ ലിസ്റ്റിൽ തന്നെ ഉണ്ടായിരുന്നില്ല. തന്റെ കുടുംബവുമായി ദീർഘകാലമായി ശത്രുത പുലർത്തിയിരുന്ന ഉമേഷ് പാലിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ ജയിലിൽ കിടക്കുന്ന അതിഖിൽ നിന്നും അഷ്‌റഫിൽ നിന്നും അസദ് നിർദ്ദേശങ്ങൾ സ്വീകരിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ആ വഴിക്കുള്ള അന്വേഷണവും നടന്ന് വരികയാണ്.

  Published by:Anuraj GR
  First published: