ന്യൂഡൽഹി: ഉത്തർപ്രദേശ് രാജ്യത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി മാറുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ന്യൂസ് 18 ചീഫ് എഡിറ്റർ രാഹുൽ ജോഷിയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.
ആറു വർഷം കൊണ്ട് ഉത്തർപ്രദേശിന്‍റെ വളർച്ചയും ആളോഹരി വരുമാനവും ഇരട്ടിയായി. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശ് അതിന്റെ വികസന യാത്ര തുടരുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കോവിഡ് പ്രതിസന്ധിയിലും ഉത്തർപ്രദേശിന്‍റെ വളർച്ച ശക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം ഉത്തർപ്രദേശിൽ നടക്കാൻപോകുന്ന ആഗോള നിക്ഷേപക ഉച്ചകോടി ചരിത്രസംഭവമായി മാറുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയെ അഞ്ച് ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയെന്ന ചരിത്ര നേട്ടത്തിലേക്കെത്തിക്കുന്നതിൽ ഉത്തർപ്രദേശിന് നിർണായക പങ്ക് വഹിക്കാനാകും. ഒരു ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തർപ്രദേശിന്‍റെ ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിന്റെ വളർച്ചാ നിരക്ക് 13 മുതൽ 14 ശതമാനം വരെയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അടുത്ത മാസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് മുന്നോടിയായി, സംസ്ഥാനം കണ്ടെത്തിയ 25 മേഖലകളിലേക്കും നിക്ഷേപകരെ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാമചരിതമാനസത്തെക്കുറിച്ചുള്ള വിവാദങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.