• HOME
 • »
 • NEWS
 • »
 • india
 • »
 • Patanjali Ayurved | തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; മലയാളി ഡോക്ടറുടെ പരാതിയിൽ അഞ്ച് രാംദേവ് 'മരുന്നുകളുടെ' ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

Patanjali Ayurved | തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; മലയാളി ഡോക്ടറുടെ പരാതിയിൽ അഞ്ച് രാംദേവ് 'മരുന്നുകളുടെ' ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു

കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധൻ കെവി ബാബു ഈ വർഷം ജൂലൈയിൽ നൽകിയ പരാതി പരി​ഗണിച്ചാണ് അതോറിറ്റിയുടെ നടപടി.

 • Share this:
  രാംദേവിന്റെ ( Ramdev) ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് (Patanjali Ayurved) പുറത്തിറക്കുന്ന അഞ്ച് മരുന്നകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് (Uttarakhand) നിരോധിച്ചു. രക്തസമ്മർദ്ദം, പ്രമേഹം, ഗോയിറ്റർ, ​ഗ്ലോക്കോമ, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കുള്ള ചികിത്സക്കായി കമ്പനി പുറത്തിറക്കിയിരുന്ന അഞ്ച് ഉത്പ്പന്നങ്ങളുടെ നിർമ്മാണം നിർത്തി വെയ്ക്കാൻ പതഞ്ജലി ആയുർവേദിനോട് ഉത്തരാഖണ്ഡിലെ  ആരോ​ഗ്യ നിയന്ത്രണ അതോറിറ്റി ബുധനാഴ്ച ആവശ്യപ്പെട്ടു.

  ഈ ഉത്പന്നങ്ങളുടെ പേരിൽ കമ്പനി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധൻ കെവി ബാബു ഈ വർഷം ജൂലൈയിൽ നൽകിയ പരാതി പരി​ഗണിച്ചാണ് അതോറിറ്റിയുടെ നടപടി.
  പതഞ്ജലിയുടെ ആയുർവേദ ആരോഗ്യ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ പ്രചരിപ്പിക്കുന്ന മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയുടെ ഉത്പാദനം നിർത്തിവെയ്ക്കാൻ ഇതിന്റെ നിർമ്മാതാക്കളായ ദിവ്യ ഫാർമസിയോട് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ആയുർവേദ, യുനാനി ലൈസൻസിങ് അതോറിറ്റി (Ayurveda and Unani Licensing Authority) നിർദ്ദേശിച്ചു.

  Also Read - ജി20 ലോ​ഗോയിൽ താമര: രാഷ്ട്രീയമെന്ന് കോൺ​ഗ്രസ്; രാജീവ് എന്നാൽ താമരയെന്ന് ബിജെപി

  പുതിയ അംഗീകാരം നേടുന്നതിനായി അഞ്ച് ഫോർമുലേഷനുകളിൽ ഓരോന്നിനും പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിക്കാൻ പതഞ്ജലിയോട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.

  പുതുക്കിയ സൂചനകൾ അതോറിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ കമ്പനിക്ക് ഉത്പാദനം പുനരാരംഭിക്കാൻ കഴിയൂ എന്ന് ദിവ്യ ഫാർമസിക്ക് അയച്ച കത്തിൽ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പരസ്യങ്ങൾ മാത്രമേ കമ്പനി ഭാവിയിൽ പ്രചരിപ്പിക്കാവൂ എന്നും അല്ലെങ്കിൽ മരുന്നുകളുടെ നിർമാണ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

  Also Read-'എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ല': 17കാരന്റെ ആത്മഹത്യയിൽ അമ്മയുടെ ഹർജി ഹൈക്കോടതി തള്ളി

  ഈ അഞ്ച് ഉത്പ്പന്നങ്ങളുടെ പരസ്യം നൽകുന്നതിൽ നിന്നും പിൻമാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബർ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ദിവ്യ ഫാർമസിയുടെ പരസ്യങ്ങൾ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940, മാജിക് റെമഡീസ് ആക്ട്, 1954 എന്നിവയുടെ ലംഘനമാണെന്നാണ് കെവി ബാബു ലൈസൻസിങ് അതോറിറ്റിക്ക് നൽകിയിരിക്കുന്ന പരാതി. രക്തസമ്മർദ്ദം, ​ഗ്ലൂക്കോമ, ഗോയിറ്റർ, പ്രമേഹം, കരൾ രോ​ഗങ്ങൾ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, അല്ലെങ്കിൽ രോ​ഗശമനം എന്നിവ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ ഈ നിയമങ്ങൾ നിരോധിക്കുന്നുണ്ട്.

  രണ്ട് നിയമങ്ങളുടെയും ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് ലൈസൻസിങ് അതോറിറ്റി ബുധനാഴ്ച ദിവ്യ ഫാർമസിയ്ക്ക് അയച്ച കത്തിൽ പറയുന്നു. ലിപിഡോം എന്ന ഉത്പ്പന്നം “ഒരാഴ്‌ചയ്‌ക്കുള്ളിൽ” കൊളസ്‌ട്രോൾ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും രക്തസമ്മർദ്ദത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുമെന്നുമാണ് പരസ്യത്തിൽ അവകാശപ്പെടുന്നതെന്ന് കെ വി ബാബുവിന്റെ പരാതിയിൽ പറയുന്നു.

  ദിവ്യ ഫാർമസിയും പതഞ്ജലിയും കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ അന്വേഷണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കമ്പനിയിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരുടെ പ്രതികരണങ്ങളും ലഭ്യമായിട്ടില്ല. പൊതുജനങ്ങൾക്ക് മുമ്പാകെ ഇത്തരത്തിലുള്ള പരസ്യങ്ങൾ എത്തുന്നതിൽ താൻ ഉൾപ്പടെയുള്ള ഡോക്ടർമാർക്കിടയിൽ ആശങ്കയുള്ളതിനാലാണ് അധികൃതരോട് പരാതിപ്പെടാൻ തീരുമാനിച്ചതെന്ന് കെ വി ബാബു പറഞ്ഞു. "ലൈസൻസിങ് അതോറിറ്റിയുടെ ഇന്നത്തെ തീരുമാനം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രം വിശ്വസിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന എല്ലാവർക്കും സ്വാഗതാർഹമാണെന്നും" കെ വി ബാബു പറഞ്ഞു.

  “ഉത്പാദനം നിർത്തി ക്ലെയിമുകൾ പുനഃപരിശോധിക്കാനുള്ള ഉത്തരവ് ആശ്വാസം നൽകുന്നതാണ്. തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നൽകിയതിനെ തുടർന്ന് പല ഉപഭോക്താക്കളും ഉത്പ്പന്നങ്ങൾ കഴിച്ചിരിക്കാം,” അൽവാർ ആസ്ഥാനമായുള്ള ഫിസിഷ്യനും യുണൈറ്റഡ് പ്രൈവറ്റ് ഹോസ്പിറ്റൽസ് & ക്ലിനിക്ക് അസോസിയേഷൻ ഓഫ് രാജസ്ഥാൻ കൺവീനറുമായ രാജ് ശേഖർ യാദവ് പറഞ്ഞു.
  Published by:Arun krishna
  First published: