ഉത്തരാഖണ്ഡില്‍ (Uttarakhand) റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകത്തില്‍ ബി.ജെ.പി (BJP) നേതാവായ വിനോദ് ആര്യയുടെ മകന് പുല്‍കിത് ആര്യന് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ യാമകേശ്വര്‍ ബ്ലോക്കിലെ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ 19 കാരിയായ അങ്കിത ഭണ്ഡാരിയാണ് (Ankita Murder Case) കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ റിസോര്‍ട്ടിലെ രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരുമാസം മുമ്പാണ് അങ്കിത ഭണ്ഡാരി റിസോർട്ടിൽ ജോലിക്കെത്തിയത്. റിസോർട്ടിലെത്തിയവരുമായി യുവതി ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ല. ഇതാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് പറഞ്ഞു. മഹിളാ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. ആകെ മൂന്നുപേരാണ് കേസിൽ അറസ്റ്റിലായത്. പുൽകിത് ആര്യയ്ക്ക് പുറമെ റിസോർട്ട് മാനേജർ സൗരഭ് ഭാസ്കർ, അങ്കിത് എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. അങ്കിതയെ കനാലിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
കൊലപാതകം വലിയ വിവാദമായതോടെ, പുല്‍കിതിന്റെ റിസോര്‍ട്ട് ഇടിച്ച് നിരത്തണമെന്ന ആവശ്യം ശക്തമായിരുന്നു. അതേസമയം, കേസ് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ഐജി പി രേണുക ദേവിയുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ രൂപീകരിച്ചതായി മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി അറിയിച്ചിരുന്നു.
ഹരിദ്വാറില്‍ നിന്നുള്ള ബിജെപി നേതാവും ഉത്തരാഖണ്ഡ് മതി കലാ ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ വിനോദ് ആര്യയുടെ മകനാണ് കേസില്‍ അറസ്റ്റിലായ പുല്‍കിത് ആര്യ.
റിസോര്‍ട്ടിലെ മാനേജര്‍ സൗരഭ് ഭാസ്കര്‍, അസിസ്റ്റന്റ് മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെയും അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ കേസില്‍ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൗരി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ശേഖര്‍ ചന്ദ്ര സുയാല്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ സമീപത്തെ ചില്ല കനാലില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളെ വിളിപ്പിച്ചതായി എസ്ഡിആര്‍എഫ് വ്യക്തമാക്കി.
അതേസമയം, സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റിസോര്‍ട്ടിന് നേരെ കല്ലെറിയുകയും പ്രതികളെ മര്‍ദിക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് റിസോര്‍ട്ട് ഇടിച്ചു നിരത്തിയിരുന്നു.
വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ കനാലിലേക്ക് തള്ളിയിടുകയും വെള്ളത്തില്‍ മുങ്ങി മരിക്കുകയുമായിരുന്നുവെന്ന് പ്രതികള്‍ കുറ്റം സമ്മതം നടത്തി. മൂന്ന് പ്രതികളെയും കോട്വാര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു. മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതോടയൊണ് സംഭവം പുറത്തറിയുന്നത്.
അതേസമയം, സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളമുള്ള റിസോര്‍ട്ടുകള്‍ പരിശോധിക്കാന്‍ എല്ലാ ജില്ലാ മജിസ്ട്രേറ്റര്‍മാര്‍ക്കും മുഖ്യമന്ത്രി ധാമി നിര്‍ദ്ദേശം നല്കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിയെടുത്തുവെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നിരുന്നു. തമ്പാനൂര്‍ ഓവര്‍ ബ്രിഡ്ജില്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്(34) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നാഗര്‍കോവില്‍ സ്വദേശിയാണ്. ഹോട്ടലിലെ കസേരയില്‍ ഇരിക്കുകയായിരുന്നു അയ്യപ്പനെ പ്രതി തുടരെ തുടരെ വെട്ടുകയായിരുന്നു.
കൊലപാതകത്തില്‍ നെടുമങ്ങാട് കല്ലിയോട് സ്വദേശി അജീഷിനെ പൊലീസ് പിടികൂടിയിരുന്നു. ഒരാഴ്ച മുന്‍പുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമെന്നാണ് വിവരം. വെട്ടുകത്തിയും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് എത്തിയത്. നേരത്തെയും പല കേസുകളിലെ പ്രതിയാണ് അജീഷ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.