ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിന് (Uttarakhand Elections 2022) മുന്നോടിയായി സംസ്ഥാനത്തിന് വേണ്ടിയുള്ള 11 പോയിന്റ് അജണ്ട (11 point Agenda) പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (Aam Aadmi Party) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ (Arvind Kejriwal). ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനമാക്കി മാറ്റുമെന്നും കെജ്രിവാൾ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തരാഖണ്ഡിൽ എത്തിയ അദ്ദേഹം ഹരിദ്വാറിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
ആത്മീയ തലസ്ഥാനമായി മാറുന്നതോടെ സംസ്ഥാനത്തെ അനേകം യുവാക്കൾക്കു തൊഴിലവസരങ്ങൾ ലഭിക്കുമെന്നും ടൂറിസം രംഗത്ത് വളർച്ചയുണ്ടാകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. രാജ്യത്തെ പ്രധാന ആരാധനാ കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അയോധ്യയിലേക്കും അജ്മീറിലേക്കും കർതാർപുർ ഗുരുദ്വാരയിലേക്കും സൗജന്യ തീർത്ഥയാത്ര അനുവദിക്കും. ഡൽഹിയിൽ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുള്ള മുഖ്യമന്ത്രി തീർത്ഥയാത്ര യോജനയിലൂടെ 40,000-ഓളം പേർക്ക് രാജ്യത്തെ വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞതായും കെജ്രിവാൾ കൂട്ടിച്ചേർത്തു.
ഇതിനുപുറമെ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി അവസാനിപ്പിക്കുമെന്നും എല്ലാവർക്കും സൗജന്യമായ വിദ്യാഭ്യാസവും ചികിത്സയും നൽകുമെന്നും കെജ്രിവാൾ തന്റെ 11 പോയിന്റ് അജണ്ട പ്രഖ്യാപനത്തിനിടെ പറഞ്ഞു. ഉത്തരാഖണ്ഡിലെ ജനങ്ങളെ കോൺഗ്രസ്-ബിജെപി സർക്കാരുകൾ വര്ഷങ്ങളായി "കൊള്ളയടിക്കുന്നു" എന്ന് ആരോപിച്ച അദ്ദേഹം, ജനങ്ങൾക്ക് "സത്യസന്ധമായ ബദൽ" നൽകാൻ തന്റെ ആം ആദ്മി പാർട്ടിക്ക് (AAP) മാത്രമേ കഴിയൂവെന്നും പറഞ്ഞു.
Also read- വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാം; മുദ്രക്കടലാസിൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകി AAP സ്ഥാനാർത്ഥികൾ
"ബിജെപിക്കോ കോൺഗ്രസിനോ അഞ്ച് വർഷം കൂടി നൽകിയാൽ ഒന്നും മാറാൻ പോകുന്നില്ല. അവരുടെ ഖജനാവ് നിറക്കുക മാത്രമാണ് അവർ ചെയ്യുന്നത്," അദ്ദേഹം പറഞ്ഞു. "സദുദ്ദേശത്തോടെ ഒരു പാർട്ടിയെ തിരഞ്ഞെടുക്കാൻ ഈ തിരഞ്ഞെടുപ്പുകളിൽ നിങ്ങൾക്ക് അവസരമുണ്ട്. കഴിഞ്ഞ 21 വർഷ൦ സംസ്ഥാനത്തിന് കോൺഗ്രസും ബിജെപിയും മാറിമാറി നൽകിയ അഴിമതി സർക്കാരുകൾക്കുള്ള ഏക സത്യസന്ധമായ ബദൽ എഎപിയാണ്." - കെജ്രിവാൾ കൂട്ടിച്ചേർത്തു.
നല്ല റോഡുകളും സ്കൂളുകളും മെച്ചപ്പെട്ട ആരോഗ്യ സൗകര്യങ്ങളും തൊഴിലവസരങ്ങൾ എന്നിങ്ങനെ ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ആം ആദ്മി പാർട്ടി നൽകുന്ന വാഗ്ദാനങ്ങൾ ഡൽഹിയിൽ ഇതിനകം ചെയ്തിട്ടുള്ള കാര്യങ്ങളാണെന്നും കെജ്രിവാൾ പറഞ്ഞു. “ഞാൻ പൊള്ളയായ വാഗ്ദാനങ്ങൾ അല്ല മുന്നോട്ട് വെക്കുന്നത്.. ഇവിടെ ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്ന കാര്യങ്ങൾ ഞങ്ങൾ ഡൽഹിയിൽ ചെയ്തുകഴിഞ്ഞു. ഡൽഹിയിൽ ഞങ്ങൾ നല്ല സർക്കാർ സ്കൂളുകളും ആശുപത്രികളും സ്ഥാപിച്ചു, ഇവിടെയും അത് ചെയ്യും." -അദ്ദേഹം പറഞ്ഞു.
നിയസമഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ രണ്ടു മാസമായി ഉത്തരാഖണ്ഡിൽ കെജ്രിവാൾ ഇടയ്ക്കിടെ സന്ദർശനം നടത്തുന്നുണ്ട്. ഫെബ്രുവരി 14-നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. മാർച്ച് 10-നാണ് ഫല പ്രഖ്യാപനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.