• HOME
  • »
  • NEWS
  • »
  • india
  • »
  • ഇ ശ്രീധരൻ കാര്യക്ഷമതയുടെ പ്രതീകമെന്ന് വി മുരളീധരൻ

ഇ ശ്രീധരൻ കാര്യക്ഷമതയുടെ പ്രതീകമെന്ന് വി മുരളീധരൻ

ഇ ശ്രീധരൻ , ജേക്കബ് തോമസ് അടക്കം സമൂഹം ഒന്നാകെ അംഗീകരിച്ച വ്യക്തികൾ ബി ജെ പി യുടെ ഭാഗമാകുന്നത്. കേരളത്തിലെ ജനങ്ങൾക്ക് മാറി ചിന്തിക്കാനുള്ള അവസരമാണിതെന്നും വി മുരളീധരൻ പറഞ്ഞു.

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
ന്യൂഡൽഹി: ഇ ശ്രീധരൻ കാര്യക്ഷമതയുടെ പ്രതീകമെന്ന് കേന്ദ്ര മന്ത്രി വി മുരളിധരൻ. സത്യസന്തരും വികസന തൽപരരുമായ ആളുകളുടെ സാനിധ്യം ബി ജെ പിക്ക് കൂടുതൽ കരുത്ത് പകരുമെന്നും മന്ത്രി ന്യൂസ് 18 നോട് പറഞ്ഞു.
വർഷങ്ങളായി രണ്ട് മുന്നണികളാണ് കേരളം ഭരിക്കുന്നത്. ഇത് മൂലം സംസ്ഥാനത്ത് വികസനം മുരടിച്ചിരിക്കുകയാണ്. ഇരുമുന്നണികളുടേയും ഭരണത്തിന് കീഴിൽ അഴിമതി എല്ലാ മേഖലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇ ശ്രീധരൻ , ജേക്കബ് തോമസ് അടക്കം സമൂഹം ഒന്നാകെ അംഗീകരിച്ച വ്യക്തികൾ ബി ജെ പി യുടെ ഭാഗമാകുന്നത്. കേരളത്തിലെ ജനങ്ങൾക്ക് മാറി ചിന്തിക്കാനുള്ള അവസരമാണിതെന്നും വി മുരളീധരൻ പറഞ്ഞു.

അഴിമതി രഹിത ബദൽ കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നു. ഇ ശ്രീധരനും ജേക്കബ് തോമസും ബി ജെ പി യുടെ ആശയങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നവരാണ്. തിരഞ്ഞെടുപ്പിൽ ഇരുവരും സ്ഥാനാർത്ഥികളാകുമെന്നാണ് പ്രതീക്ഷ. എവിടെ മത്സരിക്കുമെന്നത് പാർട്ടി തീരുമാനിക്കും.ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ. സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുമെന്നും മുരളിധരൻ പറഞ്ഞു.

മെട്രോമാന്‍ ഇ. ശ്രീധരന്‍ ബി ജെ പിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിജയയാത്രയില്‍ വെച്ച് അദ്ദേഹം ഔപചാരികമായി ബി ജെ പിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ. ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബി ജെ പിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

പ്രശസ്തനായ, എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെയായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബി ജെ പിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബി ജെ പി വന്നാലേ കഴിയൂ എന്ന് ഇ ശ്രീധരൻ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബി ജെ പി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാനും താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read-  'മത്സ്യത്തൊഴിലാളികൾക്ക് മന്ത്രാലയം ഇല്ലാത്തതെന്തുകൊണ്ട്?' രാഹുൽ ഗാന്ധിയെ ട്രോളി ട്വിറ്റർ ലോകം

നേരത്തെ കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്  ഇ ശ്രീധരൻ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്ക് ഒരു പ്രശ്നവുമില്ലെന്നും പ്രതിഷേധക്കാർക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇ ശ്രീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഇ ശ്രീധരൻ അന്ന്  നടത്തിയത്. കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാണ് ഇ ശ്രീധരൻ കുറ്റപ്പെടുത്തിയത്.
Published by:Anuraj GR
First published: