കൊല്‍ക്കത്തയില്‍ നടന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിന്റെ വേദിയില്‍ കയറാന്‍ വിസമ്മതിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദ്ഘാടന വേദിയില്‍ ബിജെപി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കിയതാണ് മമതയെ ചൊടിപ്പിച്ചത്.
ഹൗറ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിനിടെയായിരുന്നു മമത ബാനര്‍ജി തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. ന്യൂ ജല്‍പൈഗുരിയിലേക്കുള്ള ട്രെയിനിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധ പരിപാടികളില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യം ഉയര്‍ത്തുന്ന പതിവുണ്ടായിരുന്നു. ഒടുവില്‍ കാണികള്‍ക്കൊപ്പം കസേരയില്‍ ഇരുന്നാണ് മമത തന്റെ പ്രതിഷേധമറിയിച്ചത്.
കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവും ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും മമതയെ അനുനയിപ്പിച്ച് വേദിയിലേക്ക് ആനയിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
അമ്മ ഹീരാബെന്‍ മോദിയുടെ മരണത്തെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൗറ-ന്യൂ ജല്‍പൈഗുരി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ചടങ്ങിനെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍ മമത മറന്നില്ല. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, അങ്ങേക്ക് ഏറെ ദുഃഖകരവും നഷ്ടമുളവാക്കിയതുമാണ് ഈ ദിവസം എന്നറിയാം. ഈ ദുഃഖം സഹിക്കാന്‍ ഈശ്വരന് അങ്ങേക്ക് കരുത്തേകട്ടെ. അങ്ങയുടെ അമ്മയുടെ മരണം സംഭവിച്ചതിനാല്‍ ബംഗാളിലെത്താനും ഈ പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാനും അങ്ങേക്ക് സാധിച്ചില്ലെങ്കിലും ഓണ്‍ലൈനിലൂടെ ചടങ്ങില്‍ പങ്കെടുത്തതിന് അങ്ങേക്ക് നന്ദിയറിയിക്കുന്നു’, മമത പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.