സേലം-ഉളുണ്ടൂര്‍പേട്ട് സെക്ഷനിലെയും നാമക്കല്‍, കൃഷ്ണഗിരി ജില്ലകളിലെയും അഞ്ച് ടോള്‍ ഗേറ്റുകളിലെ (Toll Gate) ജീവനക്കാരുടെ അടിക്കടിയുള്ള പണിമുടക്കിനെ (Strike) തുടര്‍ന്ന് വാഹനങ്ങള്‍ പണം നല്‍കാതെ കടന്നുപോയി. പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് 14ന് വീരചോലപുരം (കല്ലക്കുറുച്ചി) ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. പിന്നീട് പോലീസും റവന്യൂ, ടോള്‍ പ്ലാസ അധികൃതരും ചേർന്ന് തൊഴിലാളികളെ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു.
കഴിഞ്ഞ വര്‍ഷം ഫാസ്ടാഗ് ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം നടപ്പിലാക്കിയതിന് ശേഷം സേലം, വില്ലുപുരം, ഈറോഡ്, നാമക്കല്‍ ജില്ലകളിലായി നൂറിലധികം ടോള്‍ പ്ലാസ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി ഒരു ജീവനക്കാരന്‍ പറഞ്ഞു. ടോള്‍ പ്ലാസയിലെ ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്നത് കണക്കിലെടുക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഫാസ്ടാഗ് സംവിധാനം അവതരിപ്പിച്ചതെന്നും ജീവനക്കാരന്‍ പറഞ്ഞു.
'മിക്ക ജീവനക്കാരും അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ കാലയളവിൽ ദിവസേന ഏകദേശം 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ നോട്ടീസ് നല്‍കാതെയാണ് ഇവരെ പിരിച്ചുവിട്ടത്. സേലം-ഉളുണ്ടൂര്‍പേട്ട് സെക്ഷനിലെ മൂന്ന് ടോള്‍ പ്ലാസകളിലായി ഇരുപതിലധികം തൊഴിലാളികളുടെ സേവനമാണ് മാനേജ്മെന്റ് അവസാനിപ്പിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഞങ്ങളുടെ ശമ്പളവും മുടങ്ങി,'' വീരചോലപുരത്ത് നിന്നുള്ള ജീവനക്കാരന്‍ പറഞ്ഞു. മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ഒരു തൊഴിലാളി സംഘടന ലേബര്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അസോസിയേഷന്‍ അംഗം കൂട്ടിച്ചേര്‍ത്തു.
2020 ജനുവരി 15 നാണ് സംസ്ഥാനത്ത് 35 ടോള്‍ ഗേറ്റുകളിലായി ഫാസ്ടാഗ് സംവിധാനം ആദ്യമായി അവതരിപ്പിച്ചത്. ഒരുപാട് വാഹനങ്ങൾ കടന്നുപോകുന്ന, ബാക്കി 12 ടോള്‍ ഗേറ്റുകളില്‍ നേരിട്ടും ഫാസ്ടാഗ് വഴിയും ടോള്‍ ശേഖരിക്കാൻ 25 ശതമാനം ഹൈബ്രിഡ് ലെയ്‌ൻ സംവിധാനങ്ങളും ഒരുക്കി. ഈ ഹൈബ്രിഡ് പാതകളും 2020 മെയ് 15ന് ഫാസ്ടാഗ് മാത്രമുള്ള പാതകളാക്കി മാറ്റി. ഒരു വര്‍ഷത്തിലേറെയായി ഫാസ്ടാഗില്‍ തകരാറുകള്‍ നേരിട്ടതിനാല്‍ ടോള്‍ പ്ലാസ മാനേജ്മെന്റ് ജീവനക്കാരുടെ എണ്ണം ഉടൻ കുറച്ചില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.
Also read- Nationwide Strike | ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു; പണിമുടക്കിനിടെ സിപിഎം - സിപിഐ സംഘർഷം, കല്ലേറ്
വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്. ഇത് ഉപയോഗിച്ച് സ്കാനിങ് നടത്താനായി റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്ഐഡി) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍ ആവശ്യമായ ടോള്‍ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ഈടാക്കും. ആമസോണ്‍, പേടിഎം, സ്നാപ്ഡീല്‍ തുടങ്ങിയ എല്ലാ പ്രധാന റീട്ടെയില്‍ പ്ലാറ്റ്ഫോമുകളിലും ഫാസ്ടാഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fastag, Strike, Toll plaza