അയോധ്യ: രാമക്ഷേത്ര നിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വി എച്ച് പിയുടെ ധർമ്മസഭയും ശിവസേനയുടെ പരിപാടിയും ഇന്ന്. സംഘപരിവാർ പ്രവർത്തകരും സന്യാസികളുമടക്കം മൂന്നു ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ പറഞ്ഞു. കർശന സുരക്ഷാ സന്നാഹങ്ങളാണ് അയോധ്യയിൽ ഒരുക്കിയിരിക്കുന്നത്.
ബാബറി മസ്ജിദ് തകർത്ത 1992ന് ശേഷം അയോധ്യയിൽ ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് അവകാശവാദം. ഉടൻ ക്ഷേത്ര നിർമ്മാണമെന്നതാണ് ധർമ്മ സഭയുടെ മുദ്രാവാക്യം. ഒരു ലക്ഷത്തോളം ആർഎസ്എസ് പ്രവർത്തകർ അടക്കം മൂന്നു ലക്ഷം പേരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധി വരുന്നതിന് മുൻപേ അയോധ്യയിൽ രാമ ക്ഷേത്ര നിർമ്മാണത്തിനായി നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം.
കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു
അതേസമയം, രാമക്ഷേത്ര വിഷയത്തിൽ ബിജെപി കുംഭകർണ്ണ സേവ വെടിയണമെന്നു ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന റാലി.
ഇന്നലെ അയോധ്യയിൽ എത്തിയ താക്കറെ സന്യാസികളുമായി ചർച്ചകൾ നടത്തി. നിരവധി തീവണ്ടികളിലായി മൂവായിരത്തിലധികം ശിവസേന പ്രവർത്തകർ എത്തിയിട്ടുണ്ട്. അക്രമ സാധ്യത ഉള്ളതിനാൽ കർശന സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തർക്ക ഭൂമിക്ക് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ തെരഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അയോധ്യ വിഷയം ആളിക്കത്തിക്കാനുള്ള നീക്കം.
അതേസമയം, അയോധ്യ വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കമല്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കി. കേസ് ജനുവരിയില്‍ സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനാല്‍ ഓര്‍ഡിനന്‍സിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayodhya, Ram temple, Shivsena, Vhp, അയോധ്യ, രാമക്ഷേത്രം, ശിവസേന