നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • POCSO | 'ഇര ഇപ്പോൾ തന്റെ ഭാര്യ'; തടവുശിക്ഷ ഭാര്യയെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദം പരിഗണിച്ച് പോക്സോ കേസ് പ്രതിയെ വിട്ടയച്ച് കോടതി

    POCSO | 'ഇര ഇപ്പോൾ തന്റെ ഭാര്യ'; തടവുശിക്ഷ ഭാര്യയെ കൂടുതൽ ദുരിതത്തിലാക്കുമെന്ന വാദം പരിഗണിച്ച് പോക്സോ കേസ് പ്രതിയെ വിട്ടയച്ച് കോടതി

    പതിവായി കോടതി നടപടികളില്‍ ഹാജരാകണമെന്നതും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് യുവാവിന് ജാമ്യം അനുവദിച്ച് വിട്ടയച്ചത്

    News18 Malayalam

    News18 Malayalam

    • Share this:
      മൂന്ന് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തതിന് ഗുജറാത്ത് സ്വദേശിയായ യുവാവ് ബലാത്സംഗക്കുറ്റത്തിനും (Rape Charges) പോക്‌സോ (POCSO) കുറ്റത്തിനും അറസ്റ്റിലായിരുന്നു. ഇപ്പോള്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ വിട്ടയ്ക്കാന്‍ മിര്‍സാപൂരിലെ പ്രത്യേക പോക്സോ കോടതി (Special Pocso Court) ഉത്തരവിട്ടിരിക്കുകയാണ്. തടവുശിക്ഷ ഇനിയും നീളുന്നത് തന്റെ ഭാര്യ കൂടിയായ ഇരയായ പെണ്‍കുട്ടിയുടെ ദുരിതം വര്‍ദ്ധിപ്പിക്കുമെന്ന പ്രതിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ വിധി. ഇരയായ യുവതിയും തന്റെ സത്യവാങ്മൂലത്തില്‍ ഇതേ വാദം ഉന്നയിക്കുകയും ഭര്‍ത്താവിനെ ഉടന്‍ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

      ഗുജറാത്തിലെ അംറേലി നിവാസിയായ നരേഷ്ഭായ് ചുഡാസമ, 2018 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. അന്ന് 20 വയസ്സുണ്ടായിരുന്ന ചുഡാസമ 15 കാരിയുമായാണ് ഒളിച്ചോടിയത്. ബന്ധുക്കളുടെ പരാതിയിന്മേല്‍ സുരേന്ദ്രനഗറിലെ വധ്വാന്‍ പോലീസ് സ്റ്റേഷനില്‍ ചുഡസമയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പോലീസ് ദമ്പതികളെ കണ്ടെത്തിയപ്പോള്‍, പെണ്‍കുട്ടി പിതാവിനൊപ്പം പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് രാജ്കോട്ടിലെ വനിതാ അഭയകേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.

      പക്ഷെ ദമ്പതികള്‍ വീണ്ടും ഒന്നിക്കുകയും അഭയകേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തു. ചുഡാസമയ്‌ക്കെതിരെ പോക്സോ, ഐപിസി വകുപ്പുകള്‍ പ്രകാരം പെണ്‍കുട്ടിയുടെ പിതാവ് അഹമ്മദാബാദ് ജില്ലയിലെ ധോലേര പോലീസില്‍ വീണ്ടും പരാതി നല്‍കി. ഏകദേശം മൂന്ന് വര്‍ഷത്തിന് ശേഷം ചുഡാസമയെ ധോലേര പോലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയ്ക്കുകയും ചെയ്തു. പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം, ചുഡാസമയുടെ ജാമ്യാപേക്ഷയിൽ മിര്‍സാപൂര്‍ റൂറല്‍ കോടതിയിലെ പ്രത്യേക പോക്സോ ജഡ്ജി വാദം കേട്ടു.

      പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞപ്പോള്‍, 2021 ജൂണ്‍ 14 ന് ഒരു സബ്-രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തതായി ചുഡാസമ കോടതിയില്‍ അവകാശപ്പെട്ടു. ''വിവാഹത്തിന് ശേഷം ദമ്പതികള്‍ ഭാര്യാ ഭര്‍ത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. പ്രതിയെ ദീര്‍ഘകാലം ജയിലില്‍ പാര്‍പ്പിച്ചാല്‍, ഈ കേസിലെ ഇരയായ പെണ്‍കുട്ടി ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരും. നിലവില്‍ പെണ്‍കുട്ടി പ്രതിയുടെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുകയാണ്'', ചുഡാസമയുടെ അഭിഭാഷകന്‍ വാദിച്ചു.

      പ്രോസിക്യൂഷനും പെണ്‍കുട്ടിയുടെ പിതാവും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. എങ്കിലും ഇരയായ പെണ്‍കുട്ടി സത്യവാങ്മൂലം സമര്‍പ്പിക്കുകയും പ്രതിയെ ഉടന്‍ വിട്ടയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തങ്ങള്‍ ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. "തനിക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. താന്‍ ഇപ്പോള്‍ പ്രതിയുടെ വീട്ടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം താമസിക്കുന്നത്. തന്റെ ഭര്‍ത്താവ് ദീര്‍ഘകാലം ജയിലില്‍ കിടക്കേണ്ടി വന്നാല്‍ തനിക്ക് കൂടുതൽ ദുരിതം നേരിടേണ്ടി വരും",അവര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

      കേസിൽ വാദം കേട്ടതിന് ശേഷം പതിവായി കോടതി നടപടികളില്‍ ഹാജരാകണമെന്നതും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതും ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ ചുഡാസാമയ്ക്ക് ജാമ്യം അനുവദിച്ചു.

      (ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ സുപ്രീം കോടതി നൽകിയിട്ടുള്ള നിര്‍ദ്ദേശം പ്രകാരം, ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി അവരുടെവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല)
      Published by:Naveen
      First published: