ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മലിവാളിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്വാതി മലിവാളും അവരുടെ സഹപ്രവര്‍ത്തകരും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തി വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. കാറില്‍ മദ്യപിച്ചെത്തിയ പ്രതി മോശമായ രീതിയിലാണ് മലിവാളിനോട് സംസാരിച്ചത്.
‘നഗരത്തിലെ സ്ത്രീസുരക്ഷ പരിശോധിക്കാനായി എത്തിയതാണ് ഞാന്‍. പെട്ടെന്നാണ് ഒരു കാര്‍ എന്റെ മുന്നില്‍ വന്ന് നിന്നത്. അതിലെ ഡ്രൈവര്‍ മദ്യപിച്ചിരുന്നു. വളരെ മോശമായ രീതിയിലാണ് അയാള്‍ എന്നോട് പെരുമാറിയത്. അയാളെ പിടിക്കാനായി ഞാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കൈ കാറിന്റെ ഡോറില്‍ കുടുക്കി കുറച്ച് ദൂരം എന്നെ അയാള്‍ വലിച്ചിഴച്ചു. ഈശ്വരാധീനം കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഡല്‍ഹി വനിതാ കമ്മീഷന് അധ്യക്ഷയുടെ ഗതി ഇതാണെങ്കില്‍ നഗരത്തിലെ സാധാരണ സ്ത്രീകളുടെ അവസ്ഥയെന്തായിരിക്കും?’ സ്വാതി മല്‍വാള്‍ പറഞ്ഞു.
Also Read-നരേന്ദ്രമോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി: ബിബിസിക്കെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ
ഡല്‍ഹി എയിംസ് പരിസരത്ത് വെച്ചാണ് സംഭവം നടന്നത്. അവിടെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു സ്വാതി മലിവാള്‍. അപ്പോഴാണ് കാറിലെത്തിയ പ്രതി വളരെ മോശമായി പെരുമാറിയതെന്നാണ് വനിതാ കമ്മീഷന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലിവാളിന് മുന്നില്‍ കാര്‍ നിര്‍ത്തിയ ഇയാള്‍ അവരോട് കാറിലേക്ക് കയറാന്‍ ആവശ്യപ്പെടുകയും അശ്ലീലമായി സംസാരിക്കുകയും ചെയ്തു. ഇയാളെ പിടികൂടാന്‍ ശ്രമിക്കവെയാണ് കാര്‍ വിന്‍ഡോയില്‍ മലിവാളിന്റെ കൈ കുടുങ്ങിയത്. തുടര്‍ന്ന് പ്രതി മലിവാളിനെ കുറച്ച് ദൂരം കാറില്‍ വലിച്ചിഴയ്ക്കുകയായിരുന്നു വനിതാ കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു.
പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു ഈ സംഭവം നടന്നത്. തുടര്‍ന്ന് എയിംസിന് തൊട്ടുപിറകിലുണ്ടായിരുന്ന പട്രോളിംഗ് ടീം എത്തി സ്വാതിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഹരീഷ് ചന്ദ്രയെ കണ്ടെത്തിയതെന്ന് ഡല്‍ഹി ഡെപ്യൂട്ടി കമ്മീഷണര്‍ ചന്ദന്‍ ചൗധരി പറഞ്ഞു.
ഐപിസി സെക്ഷന്‍ 323(മനപ്പൂര്‍പ്പം ഉപദ്രവിക്കാന്‍ ശ്രമിക്കുക), ഐപിസി 341(തെറ്റായ രീതിയില്‍ തടവിലാക്കാന്‍ ശ്രമിക്കുക) ഐപിസി 509(സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കുക) എന്നീ കുറ്റങ്ങള്‍ പ്രതിയ്ക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.
അതേസമയം സ്ത്രീകളുടെ നഗരത്തിലെ സുരക്ഷയെപ്പറ്റി പരിശോധിക്കാനാണ് സ്വാതി മലിവാളും സംഘവും എത്തിയത്. നഗരത്തിലെ പ്രധാന ബസ്റ്റോപ്പുകളും സംഘം പരിശോധിച്ചിരുന്നു. ഡല്‍ഹി കന്ജ്വാലയില് പുതുവര്‍ഷ ദിനത്തില്‍ 20കാരി അപകടത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയത്.
അന്വേഷണത്തിന്റെ ഭാഗമായി മുനീര്‍ക്ക, ഹൗസ് ഖാസ് എന്നിവിടങ്ങളിലും സ്വാതി മലിവാളും സംഘവും പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിരവധി പ്രദേശങ്ങള്‍ ഇരുട്ടുമൂടിക്കിടക്കുകയാണെന്നും സുരക്ഷാ സംവിധാനങ്ങള്‍ യാതൊന്നുമില്ലെന്നും കണ്ടെത്തിയതായി മലിവാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മലിവാള്‍ അറിയിച്ചു.
സ്വാതി മലിവാളിന് നേരേയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മയും രംഗത്തെത്തി. പ്രതിയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രേഖ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.
അതേസമയം രാഷ്ട്രീയം മറന്ന് രാജ്യതലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
‘ഡല്‍ഹിയില്‍ ക്രമസമാധാന നില തകരുകയാണോ? ക്രിമിനലുകള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. വനിതാ കമ്മീഷന് അധ്യക്ഷയ്ക്ക് വരെ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല. രാഷ്ട്രീയം മറന്ന് ഡല്‍ഹി ലെഫ്റ്റ്നന്റ് ഗവര്‍ണര്‍ രാജ്യതലസ്ഥാനത്തെ ക്രമസമാധാന പാലനത്തില്‍ ശ്രദ്ധിക്കണം. ഞങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകും,’ കെജ്രിവാള് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.