• HOME
 • »
 • NEWS
 • »
 • india
 • »
 • വിജയദിവസം: 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയതെങ്ങനെ? എന്തിനായിരുന്നു യുദ്ധം?

വിജയദിവസം: 1971ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയതെങ്ങനെ? എന്തിനായിരുന്നു യുദ്ധം?

യുദ്ധത്തില്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് 1971 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയോട് മനേക് ഷാ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു.

 • Share this:

  ന്യൂഡല്‍ഹി: ഇന്നലെയാണ് (ഡിസംബര്‍ 16) രാജ്യം ഇന്ത്യ-പാക് യുദ്ധത്തിലെ വിജയത്തിന്റെ ഓർമക്കായി രാജ്യം വിജയദിവസമായി ആചരിച്ചത്. ബംഗ്ലാദേശിന്റെ രൂപവത്കരണത്തിലേക്ക് നയിച്ച പോരാട്ടമായിരുന്നു 1971ലെ ഇന്ത്യ-പാക് യുദ്ധം. യുദ്ധത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 16 ന് ഇന്ത്യന്‍ സൈന്യം വിജയക്കൊടി പാറിച്ചതോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം പിറവികൊണ്ടത്. പാക് സൈനിക മേധാവിയായിരുന്ന എഎകെ നിയാസിയും ഇന്ത്യന്‍ ആർമിയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് വിഭാ​ഗം തലവൻ ലെഫ്റ്റ്‌നന്റ് ജനറല്‍ ജഗജീത്ത് സിംഗ് അറോറയുമായിരുന്നു കീഴടങ്ങല്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചത്. പിന്നീട് അങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ ഡിസംബര്‍ 16, രാജ്യം വിജയ് ദിവസ് ആയി ആചരിക്കാനും തുടങ്ങിയിരുന്നു.

  എന്നാല്‍ വിജയ് ദിവസം എല്ലാവര്‍ഷവും മുടങ്ങാതെ കൊണ്ടാടുമ്പോഴും ഇപ്പോഴും രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും ഈ യുദ്ധത്തെപ്പറ്റി യാതൊന്നും അറിയില്ല എന്നതാണ് വാസ്തവം. എന്തിനായിരുന്നു യുദ്ധം നടന്നത്? എന്തായിരുന്നു യുദ്ധമുണ്ടാകാനുള്ള കാരണം? ഇന്ത്യ എങ്ങനെയാണ് പാകിസ്ഥാന്‍ സൈന്യത്തെ തോല്‍പ്പിച്ചത്? എന്നൊന്നും പലര്‍ക്കും കൃത്യമായി അറിയില്ല. ഈ യുദ്ധത്തിന്റെ വിശദാംശങ്ങള്‍ നമുക്ക് ഒന്ന് പരിശോധിക്കാം.

  Also read-‘മോർബി പാലം തകർന്നും കുറേപ്പേർ മരിച്ചില്ലേ’; വിഷമദ്യ ദുരന്തത്തിൽ ബിജെപിയ്ക്ക് നിതീഷ് കുമാറിന്റെ മറുപടി

  എന്തായിരുന്നു യുദ്ധത്തിന്റെ പ്രധാന കാരണം?

  • ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനത്തോടെ ഇന്ത്യയെ രണ്ടായി വിഭജിച്ച് പാകിസ്ഥാന്‍ എന്ന ഒരു പുതിയ രാജ്യം പിറന്നു. എന്നാല്‍ അതോടെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. പുതിയതായി രൂപീകരിച്ച പാകിസ്ഥാന് കിഴക്കന്‍ പാകിസ്ഥാന്‍, പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരുന്നു. ഭൂമിശാസ്ത്രപരമായും ഭാഷാപരമായും സാംസ്‌കാരികമായും വ്യത്യസ്തമായ രണ്ട് ഭൂവിഭാഗങ്ങളായിരുന്നു ഇവ.
  • ബംഗാളി മുസ്ലിം എന്നറിയപ്പെടുന്ന കിഴക്കന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ തങ്ങളുടെ പ്രദേശത്ത് പഞ്ചാബികളുടെയും മൊഹാജിര്‍ വിഭാഗത്തിന്റെയും സ്വാധീനം വര്‍ധിക്കുന്നതിനെതിരെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിഭവങ്ങളുടെ വിതരണത്തിലുണ്ടാകുന്ന അസന്തുലിതാവസ്ഥയായിരുന്നു ഈ നീരസത്തിന്റെ പ്രധാന കാരണം.
  • എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണം ഇതായിരുന്നില്ല. അത് സംഭവിക്കുന്നത് 1970ലാണ്. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് മൃഗീയ ഭൂരിപക്ഷം നേടി അവാമി ലീഗ് നേതാവ് ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍ വിജയിച്ചു. ബംഗ്ലാദേശ് രാജ്യത്തിന്റെ പിതാവ് എന്ന് പിന്നീട് വിശേഷിപ്പിക്കപ്പെട്ട നേതാവ് കൂടിയാണ് ഷെയ്ക് മുജീബുര്‍ റഹ്മാന്‍.
  • ഇതേസമയം പടിഞ്ഞാറൻ പാകിസ്ഥാനില്‍ സുല്‍ഫിക്കല്‍ അലി ഭൂട്ടോയാണ് അധികാരത്തിലെത്തിയത്. 138 സീറ്റില്‍ 81 സീറ്റ് നേടിയാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സുല്‍ഫിക്കര്‍ വിജയം സ്വന്തമാക്കിയത്. തുടര്‍ന്ന് കിഴക്കന്‍ പാകിസ്ഥാനില്‍ ഷെയ്ക് മുജീബുര്‍ റഹ്മാന്‍ നേടിയ വിജയത്തെ അംഗീകരിക്കാന്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയും വിസമ്മതിച്ചു. പ്രധാനമന്ത്രിയാകാനുള്ള മുജീബുര്‍ റഹ്മാന്റെ അവകാശം പാകിസ്ഥാന്‍ നിഷേധിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്.
  • തുടര്‍ന്ന് 1971 മാര്‍ച്ച് 25ന് പാകിസ്ഥാന്‍ സൈന്യം കിഴക്കന്‍ പാകിസ്ഥാനിലേക്ക് ഇരച്ചുകയറുകയും മുജീബൂര്‍ റഹ്മാനെ തടവിലാക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ച സംഘര്‍ഷത്തിന് ശേഷം ഏകദേശം ഒരു ലക്ഷത്തോളം പേരാണ് അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്ക് എത്തിയത്.
  • തുടര്‍ന്നാണ് ഇന്ത്യ കിഴക്കന്‍ പാകിസ്ഥാന് പിന്തുണയുമായി യുദ്ധരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 13ന് ഇരു രാജ്യങ്ങളും ഒരു തുറന്ന യുദ്ധത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
  • വെറും 13 ദിവസം കൊണ്ടാണ് ഇന്ത്യ ഈ യുദ്ധത്തില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ചത്. പ്രധാനമായും ഇന്ത്യന്‍ സൈനിക മേധാവിയായിരുന്ന ചീഫ് സാം ഹോര്‍മുസ്ജി ഫ്രാംജി ജംഷഡ്ജി മനേക് ഷായുടെ തന്ത്രങ്ങളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
  • യുദ്ധത്തില്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് 1971 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയോട് മനേക് ഷാ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. സൈന്യം എല്ലാത്തരത്തിലും യുദ്ധത്തിന് തയ്യാറായിട്ടില്ലെന്ന് അന്ന് മനേക് ഷാ പറഞ്ഞിരുന്നു. നദികള്‍ വരെ നിറഞ്ഞുകവിയുന്ന തരത്തിലുള്ള കാലാവസ്ഥയായിരുന്നു അന്ന് കിഴക്കന്‍ പാകിസ്ഥാനില്‍ ഉണ്ടായിരുന്നത്. ഇത് യുദ്ധത്തിനിടെ നിരവധി പ്രതിസന്ധികൾക്ക് കാരണമായേക്കാം എന്ന് മനേക് ഷാ പറഞ്ഞിരുന്നു. എന്നിരുന്നാലും പാകിസ്ഥാനെതിരെ പോരാടാന്‍ തന്നെയായിരുന്നു ഇന്ത്യയുടെ തീരുമാനം.
  • മേഘ്‌ന ഓപ്പറേഷന്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ ആക്രമണമാണ് പാകിസ്ഥാനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയത്. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണമായിരുന്നു താംഗെയ്ല്‍ ഓപ്പറേഷന്‍. ഈ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് പിടിച്ചു നിൽക്കാനായില്ല.

  Also read-അടൽ തുരങ്കത്തിന്റെ പേരിൽ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് ബിജെപി തർക്കം; തറക്കല്ലിട്ട സോണിയ ഗാന്ധിയുടെ പേരുൾപ്പെടുത്തും

  ഡിസംബര്‍ 14നാണ് അവസാനത്തെ ആക്രമണം ഉണ്ടാകുന്നത്. അന്ന് ധാക്കയിലെ ഗവര്‍ണര്‍ ഹൗസിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തോടെയാണ് യുദ്ധം പരിസമാപ്തിയിലേക്ക് എത്തിയത്. ഇതോടെ ഗവര്‍ണര്‍ രാജിവെയ്ക്കുകയും 93000 പാക് സൈനികര്‍ ഇന്ത്യന്‍ സേനയ്ക്കുമുന്നില്‍ കീഴടങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുമായി ഒരു നയതന്ത്ര ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയാണുണ്ടായത്.ഡിസംബര്‍ 16ന് പാകിസ്ഥാന്‍ സൈന്യം പൂര്‍ണ്ണമായി കീഴടങ്ങിയതോടെയാണ് യുദ്ധം അവസാനിച്ചത്.

  Published by:Sarika KP
  First published: