രാജ്യത്തെ ചൂടേറിയ രാഷ്ട്രീയ വിവാദങ്ങളിൽ ഒന്നായി ഡൽഹി മദ്യനയ അഴിമതി മാറിയിരിക്കുകയാണ്. അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി പരിഗണിച്ചപ്പോൾ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിനും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതയ്ക്കും മദ്യനയ അഴിമതിക്കേസിൽ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചില പേരുകൾ കോടതിയിൽ പറഞ്ഞു.
Also Read- ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ തിഹാർ ജയിലിലെത്തി ഇ ഡി അറസ്റ്റ് ചെയ്തു
സിസോദിയയുടെ സഹായി വിജയ് നായരാണ് “മുഴുവൻ ഗൂഢാലോചനയുടെയും പിന്നിലെന്ന് ഇഡി കോടതിയിൽ പറഞ്ഞു. ദിനേശ് അറോറ കൈക്കൂലി ഏകോപിപ്പിക്കുകയായിരുന്നെന്നും അറിയിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ വിവിധ റെസ്റ്റോറന്റുകളിൽ നിന്ന് ഫണ്ട് തേടണമെന്ന് എഎപി നേതാവ് സഞ്ജയ് സിങ് ദിനേശ് അറോറയെ വിളിച്ച് പറഞ്ഞതായുംഇഡി പറയുന്നു.
ഡൽഹി മദ്യനയക്കേസിലെ പ്രമുഖർ ആരൊക്കെ എന്ന് നോക്കാം
വിജയ് നായർ:
മുംബൈ ആസ്ഥാനമായുള്ള ഒൺലി മച്ച് ലൗഡറിന്റെ (ഒഎംഎൽ) മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് വിജയ് നായർ. ഒൺലി മച്ച് ലൗഡർ ആരംഭിച്ച നായർ പിന്നീട് തമാശ പരിപാടികളുടെ വ്യവസായത്തിലേക്കും തത്സമയ മ്യൂസിക് കൺസേർട്ടിലേയ്ക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. 2014-ൽ വിജയ് നായർ 10 മില്യൺ ഡോളർ മൂല്യമുള്ള ഒരു ബിസിനസിന്റെ ചുക്കാൻ പിടിച്ചിരുന്നതായും വിവരമുണ്ട്.
ദിനേശ് അറോറ:
ഡൽഹിയിലെ ഭക്ഷ്യ വ്യവസായത്തിൽ അറിയപ്പെടുന്ന പേരാണ് ദിനേശ് അറോറ. 2009 മുതൽ അറോറ ഈ വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, 2009-ൽ ഡൽഹിയിലെ ഹൗസ് ഖാസ് ഏരിയയിൽ അദ്ദേഹം തന്റെ ആദ്യത്തെ കഫേ തുറന്നു. ചിക്ക ഡൽഹി, അൺപ്ലഗ്ഗ്ഡ് കോർട്ട്യാർഡ്, ലാ റോക്ക എയ്റോസിറ്റി എന്നിവയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് അറോറ എന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പറയുന്നു. രാധ ഇൻഡസ്ട്രീസിന്റെ ഡയറക്ടറാണ് ദിനേശ് അറോറയെന്നാണ് സിബിഐ പറയുന്നത്. ഇത് കൂടാതെ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (NRAI) കമ്മിറ്റി അംഗം കൂടിയാണ് അറോറ. 2018 ജൂലൈയിൽ അറോറ ഈസ്റ്റ്മാൻ കളർ റെസ്റ്റോറന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ആരംഭിച്ചു. NRAI വെബ്സൈറ്റ് അനുസരിച്ച്, നിലവിൽ ദിനേഷ് അറോറയ്ക്ക് ഡൽഹിയിലെ എല്ലാ പ്രധാന മാർക്കറ്റുകളിലും റെസ്റ്റോറന്റുകളുണ്ട്.
ഗോരന്ത്ല ബുച്ചിബാബു
ഹൈദരാബാദ് ആസ്ഥാനമായുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഗോരന്ത്ല ബുച്ചിബാബു. വൈഎസ്ആർസിപി ഓംഗോൾ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡി (എംഎസ്ആർ), മകൻ മഗുന്ത രാഘവ റെഡ്ഡി, ബിആർഎസ് ന്റെ എംഎൽസി കെ കവിത എന്നിവരടങ്ങുന്ന ‘സൗത്ത് ഗ്രൂപ്പിന്റെ’ ഭാഗമാണ് ഇയാൾ. ഈ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ബുച്ചിബാബു, ഹൈദരാബാദ് വ്യവസായി അഭിഷേക് ബോയിൻപള്ളി, പ്രമുഖ ഫാർമ കമ്പനി ഡയറക്ടർ പി ശരത് ചന്ദ്ര റെഡ്ഡി എന്നിവർ ഈ അഴിമതിയുടെ ഭാഗമായി എന്നാണ് റിപ്പോർട്ട്. അരുൺ പിള്ള, അഭിഷേക് ബോയിൻപള്ളി, ബുച്ചിബാബു എന്നിവരാണ് സൗത്ത് ഗ്രൂപ്പിനെ പ്രതിനിധീകരിച്ചതെന്നും ഇഡി ആരോപിച്ചു.
അരുൺ പിള്ള
ആം ആദ്മി പാർട്ടി (എഎപി) നേതാക്കൾക്ക് 100 കോടി രൂപയുടെ ‘കൈക്കൂലി’ അയച്ചതായി ആരോപിക്കപ്പെടുന്ന ‘സൗത്ത് ഗ്രൂപ്പിന്റെ’ ഭാഗമാണ് അരുൺ പിള്ള. ഇഡി പറയുന്നതനുസരിച്ച് ദക്ഷിണേന്ത്യ ആസ്ഥാനമായുള്ള മദ്യ നിർമ്മാതാക്കളുടെ ഗ്രൂപ്പായ ഇൻഡോസ്പിരിറ്റിന്റെ മുൻനിരക്കാരനാണ് പിള്ള. കമ്പനിയുടെ 32.5% ഓഹരിയാണ് അദ്ദേഹത്തിനുള്ളത്. ഇൻഡോസ്പിരിറ്റ്‌സ് കാർട്ടലൈസേഷനിലൂടെ നേടിയെന്ന് പറയപ്പെടുന്ന 68 കോടി രൂപ ലാഭത്തിൽ 29 കോടി രൂപ പിള്ളയുടെ അക്കൗണ്ടിലേക്ക് കൈമാറിയെന്നാണ് ഇഡി പറയുന്നത്. പിള്ള ടിവി ചാനൽ ഉടമയ്ക്ക് 4.75 കോടി രൂപയും കേസിൽ അറസ്റ്റിലായ മറ്റ് പ്രതികളിലൊരാളായ അഭിഷേക് ബോയിൻപള്ളിക്ക് 3.85 കോടി രൂപയും നൽകിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.