സ്കൂളിന്റെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാല്‍ എട്ട് പതിറ്റാണ്ട് പഴക്കമുള്ള, തമിഴ്നാട്ടിലെ ഒരു സ്കൂള്‍ (School) അടച്ചുപൂട്ടലിന്റെ വക്കിലാണ്. എന്നാല്‍, അവിടത്തെ ഗ്രാമവാസികള്‍ (Villagers) തന്നെ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. തൂത്തുക്കുടി ജില്ലയിലെ അന്തോണിയാര്പുരം ഗ്രാമത്തിലെ സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധി പനങ്കള്ള് (Palmyra Toddy) വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് പരിഹരിക്കാനാണ് ഗ്രാമവാസികള്‍ തീരുമാനിച്ചത്.
ധാരാളം പനകളുള്ള ഈ ഗ്രാമത്തിൽ ഏകദേശം 500 കുടുംബങ്ങളാണ് കഴിയുന്നത്. അവിടത്തെ മിക്കവാറും പുരുഷന്മാര് പനയില്‍ നിന്ന് കള്ള് ചെത്തിയെടുത്ത് അതുപയോഗിച്ച് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിറ്റാണ് വരുമാനം കണ്ടെത്തുന്നത്.
ഗ്രാമത്തിലെ ഏക സ്കൂളായ ആര്‍സി പ്രൈമറി സ്കൂളിലാണ് പ്രദേശത്തെ കുട്ടികളെല്ലാം പഠിക്കുന്നത്. ഒരു ദശാബ്ദത്തിനു മുമ്പ് 6, 7, 8 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടി ആര്‍സി സ്കൂള്‍ ഒരു സെക്കന്‍ഡറി സ്കൂളാക്കി ഉയർത്തിയിരുന്നു. ഈ സമയത്ത് പ്രൈമറി സ്കൂള്‍ എയ്ഡഡ് ആയി തന്നെ നിലനിര്‍ത്തി. എന്നാൽ പിന്നീട് സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ക്കുള്ള ശമ്പളം നല്കാന് പോലും കഴിയാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. സ്കൂള്‍ ഫീസ് അടയ്ക്കാന്‍ സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളാണ് ഗ്രാമത്തിലുള്ളത്.
ഈ പ്രശ്നം ഉടലെടുത്തപ്പോള്‍ സ്കൂളിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനായി ഗ്രാമവാസികള്‍ ഒരു കമ്മിറ്റി രൂപീകരിച്ചു. വര്‍ഷം മുഴുവനും കള്ള് വിറ്റ് കിട്ടുന്ന പണം സ്കൂളിന്റെ ആവശ്യങ്ങള്‍ക്കും അധ്യാപകരുടെ ശമ്പളത്തിനുമായി നീക്കിവെക്കാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി അവര്‍ ഇത് തുടര്‍ന്നുപോരുന്നുണ്ട്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഗ്രാമത്തിലെ നൂറോളം കുട്ടികള്‍ മിഡില്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. അതേസമയം, സ്കൂള്‍ അധ്യാപകരുടെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടിയിരിക്കുകയാണ്. ഗ്രാമത്തിലെ ചെത്തുകാരില്‍ നിന്ന് മധുര കള്ള് വാങ്ങി കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് വിറ്റാണ് സമിതി സ്കൂളിന്റെ നടത്തിപ്പിനായുള്ള പണം കണ്ടെത്തുന്നത്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിദിനം 600 ലിറ്റര്‍ പനങ്കള്ള് ചെത്തുമെന്ന് കമ്മിറ്റി പ്രസിഡന്റ് സിലുവായ് ആന്റണി പറയുന്നു. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ ആറ് മാസത്തേക്ക് പനകളില്‍ നിന്ന് കള്ള് ലഭിക്കില്ല. അതിനാല്‍, കയറ്റു തൊഴിലാളികള്‍ക്ക് ഈ കാലയളവിൽ ജോലിയില്ലാത്ത സ്ഥിതിയാണ്. മാത്രമല്ല, ഇപ്പോള്‍ കയറ്റുതൊഴിലാളികളുടെ എണ്ണവും കുറഞ്ഞുവരികയാണ്. അപകടങ്ങള്‍ കണക്കിലെടുത്ത് പല കുടുംബങ്ങളും മറ്റ് ജോലികള്‍ തേടിപ്പോകുകയാണെന്നും അദ്ദേഹം പറയുന്നു.
അന്തോണിയാര്പുരം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജ്ഞാനരാജ് പഠിച്ചത് ഈ സ്കൂളിലാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ മരണത്തിനു ശേഷം കോളേജ് ഫീസിനായി പണം കണ്ടെത്തിയിരുന്നത് പനങ്കള്ള് ചെത്തിയാണെന്ന് അദ്ദേഹം ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.