അമേരിക്കയിൽ കഴിഞ്ഞദിവസം സംഭവിച്ച കാര്യങ്ങൾ നടുക്കത്തോടെ ആയിരുന്നു ലോകം കണ്ടത്. ക്യാപിറ്റോൾ മന്ദിരത്തിനു മുന്നിൽ ട്രംപ് അനുകൂലികൾ നടത്തിയ അക്രമത്തിനിടെ ഇന്ത്യൻ പതാകയും കണ്ടു. അതിനുപിന്നാലെ ആ ഇന്ത്യൻപതാക ഉയർത്തിയ ആളെ നെറ്റിസൺസ് അന്വേഷിച്ച് തുടങ്ങി. ഒരു മലയാളി ആയിരുന്നു ട്രംപ് അനുകൂല പ്രക്ഷോഭത്തിനിടെ ഇന്ത്യൻ പതാക വീശിയത്. എറണാകുളം സ്വദേശിയായ വിൻസൻ സേവ്യർ പാലത്തിങ്കൽ ആയിരുന്നു അത്.
അതേസമയം, 25 വർഷക്കാലത്തോളം താൻ ഇന്ത്യയിൽ ആയിരുന്നു ചെലവഴിച്ചതെന്നും തനിക്ക് ഇപ്പോൾ 54 വയസുണ്ടെന്നും വിൻസൻ സേവ്യർ പറഞ്ഞു. ഇന്ത്യയിൽ ആയിരുന്ന സമയത്ത് ഒരു അക്രമസമരങ്ങളിലും താൻ പങ്കെടുത്തിട്ടില്ലെന്നും വിൻസൻ സേവ്യർ വ്യക്തമാക്കി. ന്യൂസ് 18നോട് സംസാരിക്കവെ ആയിരുന്നു വിൻസൻ സേവ്യർ ഇങ്ങനെ പറഞ്ഞത്.
'ഇന്നലെ ഒരു ലക്ഷം ആളുകൾ കാപ്പിറ്റോൾ ഹില്ലിൽ തടിച്ചുകതൂടി. ഇതിൽ നിന്ന് ഏകദേശം 10 - 15 ആളുകൾ മാത്രമാണ് അക്രമം നടത്തുകയും മതിലുകളിൽ സ്പൈഡർമാനെ പോലെ വലിഞ്ഞുകയറുകയും ചെയ്തത്. അവർ പ്രൊഫഷണൽ മോഷ്ടാക്കളെ പോലെ പരശീലനം ലഭിച്ച ആളുകളായിരുന്നു. അവർ ഞങ്ങളുടെ ഭാഗത്തു നിന്നോ അല്ലെങ്കിൽ എതിർഭാഗത്തു നിന്നോ ഇതിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു. അത്തരത്തിൽ അമ്പതോളം ആളുകളുടെ പ്രവർത്തനം കാരണം ഞങ്ങളുടെ സമരത്തിന്റെ ഉദ്ദേശ്യം തന്നെ നഷ്ടമായി'. - വിൻസൻ സേവ്യർ പറഞ്ഞു.
ചോദ്യം: അക്രമം സൃഷ്ടിച്ച ഈ ആളുകൾ ആരാണ്?
വിൻസൻ സേവ്യർ: അവർ ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അവർ മതിലുകൾ കയറുന്നത് കണ്ടാൽ അറിയാം നല്ല പരിശീലനം ലഭിച്ചവരാണെന്ന്. മിലിട്ടറിയിലുള്ള ആളുകൾക്കേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവർ ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞു കയറിയതാണ് ഇത്. അവരാണ് വാതിൽ തുറന്നത്. അല്ലാതെ പൊലീസ് അല്ല. അമ്പതോളം പേർ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഞങ്ങൾ സമാധാനപരമായി പോകുകയായിരുന്നു. ട്രംപ് റാലികൾ പൊതുവേ വളരെ സന്തോഷം നൽകുന്നവയായിരിക്കും. ഇത് ഞാൻ പങ്കെടുക്കുന്ന അഞ്ചാമത്തെ ട്രംപ് റാലിയാണ്. ട്രംപ് അനുകൂലികളുടെ റാലികൾ പൊതുവേ മാന്യമാണ്. ഇത് ആദ്യമായാണ് ട്രംപ് റാലിയിൽ അക്രമം നടക്കുന്നത്. അക്രമം നടത്തിയത് ആരാണെന്ന് കണ്ടുപിടിക്കാൻ അന്വേഷണം നടന്നുവരികയാണ്. അക്രമം നടത്തിയത് ഡെമോക്രാറ്റിക് അനുകൂലികളാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഞങ്ങളുടെ ലക്ഷ്യത്തിന് വിരുദ്ധമായതിനാൽ ഞങ്ങൾക്ക് ഈ അക്രമത്തെ പിന്തുണയ്ക്കാൻ കഴിയില്ല.
You may also like:ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്ക്; 'റിസ്ക്' വ്യക്തമാക്കി സക്കർബർഗ് [NEWS]'തനിച്ചാക്കാൻ പറ്റില്ല': രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് താലികെട്ടി, അതും 500 പേരുടെ മുമ്പിൽ വച്ച് [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]
ചോദ്യം: ഈ റാലിയുടെ ലക്ഷ്യം എന്തായിരുന്നു ?
വിൻസൻ സേവ്യർ: ഒരു തരത്തിലും തെരഞ്ഞെടുപ്പ് തട്ടിപ്പ് ക്ഷമിക്കാൻ ഞങ്ങൾക്ക് കഴിയില്ല. പുറത്തുനിന്ന് നോക്കുമ്പോൾ അമേരിക്കൻ ജനാധിപത്യം ശക്തമാണെന്ന് തോന്നിയേക്കാം. എന്നാൽ, ഇവിടെ വോട്ടു ചെയ്യാൻ വോട്ടർ തിരിച്ചറിയൽ കാർഡ് ആവശ്യമില്ല, ഒപ്പ് സ്ഥിരീകരണമില്ല, നിങ്ങൾ ഹാജരാകേണ്ട ആവശ്യം പോലുമില്ല. അമ്പതു ശതമാനത്തിലധികം വോട്ടുകളും ഇത്തവണ ഹാജരാകാതെ ബാലറ്റുകൾ വഴിയാണ് നടന്നത്. തട്ടിപ്പ് നടന്ന എല്ലാ വഴികളും തുറന്നു കാണിക്കാൻ കഴിയും. എന്നാൽ, ഇത് തെളിയിക്കാൻ സമയം വേണം. അതിനായി ഒരു അന്വേഷണം നടക്കണം. അന്വേഷണം നടത്താതെ എല്ലാ കേസുകളും നിരസിച്ചു. യു എസിന് നിയമപരമായി ഒരു പ്രസിഡന്റ് ഉണ്ട്. ശരിയായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രസിഡന്റ് ആണ് ഞങ്ങളുടെ ലക്ഷ്യം.
ചോദ്യം: റിപ്പബ്ലിക്കൻ പാർട്ടിയിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ളവർ ഈ അവകാശവാദങ്ങശളെ പിന്തുണയ്ക്കുന്നില്ലല്ലോ?
വിൻസൻ സേവ്യർ: വൈസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ പോസ്റ്റിൽ അദ്ദേഹത്തിന്റെ നയം വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, അഴിമതിയുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. എന്നാൽ, അത് തെളിയിക്കാനാവില്ല. ട്രംപ് വ്യത്യസ്തനാണ്. അദ്ദേഹം തന്റെ കേസുമായി പോരാടുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ ട്രംപിനോട് നന്ദി പറയുന്നത്.
ചോദ്യം: ഈ പ്രതിഷേധങ്ങളിൽ ധാരാളം ഇന്ത്യക്കാർ പങ്കെടുക്കുന്നുണ്ടോ?
വിൻസൻ സേവ്യർ: ഞങ്ങളുടെ ഗ്രൂപ്പിൽ പത്തോളം ഇന്ത്യക്കാർ ഉണ്ടായിരുന്നു. അതിൽ അഞ്ചോളം ആളുകൾ കേരളത്തിൽ നിന്നാണ്.
ചോദ്യം: പ്രതിഷേധവേളയിൽ ഇന്ത്യൻ പതാക കൈവശം വച്ചതിന്റെ കാരണം എന്താണ്?
വിൻസൻ സേവ്യർ: ഞാൻ ട്രംപ് റാലിയിൽ പങ്കെടുക്കുമ്പോഴൊക്കെ വിയറ്റ്നാമീസ്, കൊറിയൻസ്, പാകിസ്ഥാനികൾ എന്നിവർ അവരുടെ പതാകയുമായി എത്തുന്നത് കാണാം. ഇത്തരം റാലികൾ വംശീയ പ്രക്ഷോഭമല്ലെന്ന് കാണിക്കുന്നതിന് കൂടി വേണ്ടിയാണത്. അതുകൊണ്ടുതന്നെ ഇതൊരു വംശീയ പ്രക്ഷോഭമാണെങ്കിൽ എനിക്ക് ഇന്ത്യൻ പതാക കൈയിലേന്താൻ കഴിയുകയുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.