'സോളാർ തേപ്പു വണ്ടി'യുമായി എട്ടാം ക്ലാസുകാരി; പുത്തൻ ആശയത്തിന് അന്തർദേശീയ അംഗീകാരം
'സോളാർ തേപ്പു വണ്ടി'യുമായി എട്ടാം ക്ലാസുകാരി; പുത്തൻ ആശയത്തിന് അന്തർദേശീയ അംഗീകാരം
ഇതാദ്യമായല്ല വിനിഷയുടെ ഈ കണ്ടുപിടിത്തത്തെ തേടി പുരസ്കാരം എത്തുന്നത്. 2019 ൽ സോളാർ ഇസ്തിരി വണ്ടിയെക്കുറിച്ച് ടെക്നിക്കൽ പേപ്പർ സമർപ്പിച്ചതിന് ഡോ.എപിജെ അബ്ദുൾ കലാം ഇഗ്നൈറ്റ് അവാര്‍ഡ് വിനിഷയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് പിതാവ് ഉമാശങ്കർ പറയുന്നത്.
ചെന്നൈ: നൂതന ആശയത്തിലൂടെ അന്താരാഷ്ട്ര പുരസ്കാരം നേടി എട്ടാം ക്ലാസ് വിദ്യാർഥി. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശിനിയായ വിനിഷ ഉമാശങ്കർ എന്ന കുട്ടിയാണ് ഇസ്തിരിയിടുന്നതിനായി നൂതന ആശയം ആവിഷ്കരിച്ച് സ്വീഡൻ ചിൽഡ്രൻസ് ക്ലൈമറ്റ് ഫൗണ്ടേഷന്‍റെ പുരസ്കാരം സ്വന്തമാക്കിയത്. സോളാർ എനർജിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു 'മൊബൈൽ തേപ്പ് വണ്ടി'യാണ് വിനിഷ ഡിസൈൻ ചെയ്തത്. വിദ്യാര്‍ഥിയുടെ ഈ വ്യത്യസ്ത കണ്ടുപിടിത്തം എല്ലാവരെയും അമ്പരപ്പിച്ചു എന്നാണ് റിപ്പോർട്ട്.
സോളാർ പാനലിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്റ്റീം അയൺ ബോക്സാണ് വിനിഷയുടെ തേപ്പ് വണ്ടിയിലുള്ളത്. സൂര്യപ്രകാശം ലഭ്യമല്ലെങ്കിൽ ബാറ്ററി, വൈദ്യുതി അല്ലെങ്കിൽ ഡീസൽ ജനറേറ്ററുകളുടെ സഹായത്തോടെ ഇത് പ്രവർത്തിപ്പിക്കാൻ സാധിക്കും. ഇസ്തിരി വണ്ടികളിൽ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന കല്‍ക്കരിയുടെ ഉപയോഗം ഇല്ലാതാക്കാമെന്നാതാണ് ഇതിന്‍റെ ഏറ്റവും വലിയ ഗുണം.
നാണയം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോൺ, യുഎസ്ബി-മൊബൈൽ ചാർജിംഗ് പോയിന്‍റുകൾ എന്നിവ കൂടി ഈ വണ്ടിയില്‍ സ്ഥാപിച്ച് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. അന്താരാഷ്ട്ര പുരസ്കാരം നേടിയ വിനിഷയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നു. 'തിരുവണ്ണാമലൈയിൽ നിന്നുള്ള ഒരു ചെറിയ പെൺകുട്ടി മികച്ച നേട്ടം തന്നെയാണ് കൈവരിച്ചിരിക്കുന്നത്. കൽക്കരി ഉപയോഗം മൂലമുള്ള മലിനീകരണം കുറയ്ക്കാൻ ഏറെ സഹായകമാണി കണ്ടുപിടിത്തം' എന്നാണ് അഭിനന്ദന ട്വീറ്റിൽ അദ്ദേഹം കുറിച്ചത്.
Hats off to Vinisha Umashankar, the young girl from Tiruvannamalai in #TamilNadu for developing solar-powered cart to press clothes that will go a long way in phasing out polluting coal usage. Green energy solutions and #AatmaNirbharBharat is the way forward. pic.twitter.com/s8Moj5nY0j
രണ്ടാഴ്ച മുമ്പാണ് ചിൽഡ്രൻസ് ക്ലൈമറ്റ് പ്രൈസിന്‍റെ ഭാഗമായ പുരസ്കാരം വിനിഷയെ തേടിയെത്തിയത്. തുടർന്ന് തിരുവണ്ണാമലെ കളക്ടറുടെ നേതൃത്വത്തിൽ ഈ കൊച്ചുമിടുക്കിക്ക് സ്വീകരണവും നൽകിയിരുന്നു. 2021 ലെ രാഷ്ട്രീയ ബാൽശക്തി പുരസ്കാര പട്ടികയിലും വിനിഷ ഇടം നേടിയിട്ടുണ്ട്.
ഇതാദ്യമായല്ല വിനിഷയുടെ ഈ കണ്ടുപിടിത്തത്തെ തേടി പുരസ്കാരം എത്തുന്നത്. 2019 ൽ സോളാർ ഇസ്തിരി വണ്ടിയെക്കുറിച്ച് ടെക്നിക്കൽ പേപ്പർ സമർപ്പിച്ചതിന് ഡോ.എപിജെ അബ്ദുൾ കലാം ഇഗ്നൈറ്റ് അവാര്‍ഡ് വിനിഷയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് പിതാവ് ഉമാശങ്കർ പറയുന്നത്. പിന്നീട് നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ ഇതിന്‍റെ ഡിസൈനും നിർമ്മിച്ചു. തന്‍റെ പേരിലാണ് ഇതിന് പേറ്റന്‍റിനായി അപേക്ഷിച്ചിരിക്കുന്നത്. കുട്ടിക്ക് പതിനെട്ട് വയസ് തികയുമ്പോൾ ഇത് വിനിഷയുടെ പേരിലേക്ക് മാറ്റുമെന്നും പിതാവ് വ്യക്തമാക്കി.
'അഞ്ച് മണിക്കൂറാണ് വണ്ടി ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം. ഈ ചാർജ് ഉപയോഗിച്ച് ആറ് മണിക്കൂറോളം വസ്ത്രങ്ങൾ ഇസ്തിരിയിടാൻ കഴിയും. രണ്ട് മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാൻ സാധിക്കുന്ന കസ്റ്റമൈസ്ഡ് സോളാർ പാനലുകൾക്കായി ഒരു ജർമ്മൻ കമ്പനിയെ സമീപിക്കാനൊരുങ്ങുകയാണെന്നും ഉമാശങ്കർ പറയുന്നു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.