മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ (eknath shinde) മകൻ ശ്രീകാന്ത് ഷിൻഡെ (shrikant shinde) മുഖ്യമന്ത്രി കസേരയിലിരിക്കുന്ന (CM's chair) ചിത്രം വിവാദമാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുറിയിൽ മറ്റ് ഉദ്യോഗസ്ഥരെയും കാണാം. എല്ലാവരും ശ്രീകാന്ത് ഷിൻഡെയെ നോക്കി കൊണ്ടാണ് നിൽക്കുന്നത്. ചില രേഖകൾ അദ്ദേഹം കൈയിൽ വെച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം.
ശിവസേന തലവനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ (uddhav thackeray) നേതൃത്വത്തിലുള്ള പുതിയ പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തി. സൂപ്പർ മുഖ്യമന്ത്രി എന്നാണ് പ്രതിപക്ഷം ശ്രീകാന്ത് ഷിൻഡെയുടെ ചിത്രത്തിന് മറുപടി നൽകിയത്. ഉദ്ധവ് സർക്കാരിനെ അട്ടിമറിച്ച്, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിൻഡെ നടത്തിയിരുന്നു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. ഇതിനായി ഷിൻഡെ സേന ബിജെപിയുമായി കൈകോർക്കുകയും ചെയ്തിരുന്നു.
ഒക്ടോബർ 5 ന് ശിവാജി പാർക്കിൽ ദസറ റാലി നടത്താൻ ആർക്ക് അനുവാദം ലഭിക്കുമെന്നതിനെ ചൊല്ലി ഇരു സേനാ ക്യാമ്പുകളും തമ്മിലുള്ള തർക്കവും രൂക്ഷമായിരുന്നു.
അതേസമയം, ഏക്‌നാഥ് ഷിൻഡെയുടെ പുതിയ മന്ത്രിസഭയിൽ ആഭ്യന്തര, ധനകാര്യ വകുപ്പുകൾ ദേവേന്ദ്ര ഫഡ്നാവിസ് ആണ് കൈകാര്യം ചെയ്യുന്നത്. നേരത്തെ ആദിത്യ താക്കറെ നയിച്ച പരിസ്ഥിതി വകുപ്പും ഷിൻഡെ നിലനിർത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ബിജെപി എംഎൽഎ രാധാകൃഷ്ണ വിഖേ പാട്ടീലാണ് പുതിയ റവന്യൂ മന്ത്രി. മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്യും. വനം, സാംസ്‌കാരിക പ്രവർത്തനങ്ങൾ, മത്സ്യബന്ധനം എന്നീ വകുപ്പുകളുടെ ചുമതല സുധീർ മുൻഗന്തിവാറിനാണ്. ഉന്നത, സാങ്കേതിക വിദ്യാഭ്യാസം, ടെക്സ്‌റ്റൈൽ വ്യവസായം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതല മുൻ സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനാണ്.
also read : കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്റർ: കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
ശിവസേന എംഎൽഎ താനാജി സാവന്താണ് പുതിയ സംസ്ഥാന ആരോഗ്യമന്ത്രി. സേനയുടെ മറ്റ് എംഎൽഎമാരായ അബ്ദുൾ സത്താറിനും ദീപക് കേസാർക്കറിനും യഥാക്രമം കൃഷി, സ്‌കൂൾ വിദ്യാഭ്യാസ വകുപ്പുകൾ അനുവദിച്ചിട്ടുണ്ട്. ഗുലാബ്രാവു പാട്ടീൽ പുതിയ ജലവിതരണ-ശുചീകരണ മന്ത്രിയും സഞ്ജയ് റാത്തോഡ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പിന്റെ തലവനുമാണ്.
ബിജെപിയുടെ ഗിരീഷ് മഹാജൻ പുതിയ കായിക യുവജനക്ഷേമ മന്ത്രിയാണ്, കൂടാതെ ഗ്രാമ വികസനം, പഞ്ചായത്തിരാജ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ എന്നിവയും കൈകാര്യം ചെയ്യും. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം, കഴിഞ്ഞ മാസമാണ് ഷിൻഡെ തന്റെ മന്ത്രിസഭ വിപുലീകരിച്ചത്. ബി ജെ പിയിൽ നിന്നും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ക്യാമ്പിൽ നിന്നും ഒമ്പത് വീതം 18 പേരെ ഉൾപ്പെടുത്തിയാണ് മഹാരാഷ്ട്ര മന്ത്രിസഭ വിപുലീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maharashtra, Photo viral, Shiva sena