ചെന്നൈ: വികെ ശശികല സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നുവെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഒരു പാർട്ടി പ്രവർത്തകനുമായി നടത്തിയ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 'തീർച്ചയായും രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തും.. എഐഎഡിഎംകെയിലെ പ്രശ്നങ്ങൾ പരിഹരിക്കും' എന്നാണ് സംഭാഷണത്തിൽ ശശികല പറയുന്നത്. കോവിഡ് മഹാമാരിക്കാലം മെച്ചപ്പെടുമ്പോൾ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തുമെന്നാണ് വാക്കുകള്‍.
' ഞാന്‍ ഉറപ്പായും മടങ്ങി വരും. വിഷമിക്കണ്ട. പാർട്ടിയിലെ പ്രശ്നങ്ങൾ നമ്മള് തീർച്ചയായും പരിഹരിക്കും. ധൈര്യമായിരിക്കു. കൊറൊണക്കാലം മെച്ചപ്പെടുമ്പോൾ ഞാൻ മടങ്ങിവരും'ഫോൺ സംഭാഷണത്തിൽ ശശികല പറയുന്നു. 'നിങ്ങൾക്ക് പിന്നിൽ ഞങ്ങളുണ്ട് 'അമ്മ'' എന്നാണ് പ്രവര്ത്തകൻ ഇതിന് മറുപടിയായി പറയുന്നത്.
ഫോൺ സംഭാഷണം സത്യമാണെന്ന് തന്നെയാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ. AMMK ജനറൽ സെക്രട്ടറി ടിടിവി ദിനകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ജനാർദ്ധനൻ, ഈ ഓഡിയോ സത്യമാണെന്ന് സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ പരാജയപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പാർട്ടിക്കുള്ളില്‍ തന്നെ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ശശികലയുടെ സംഭാഷണം പുറത്തായത് എന്നതും ശ്രദ്ധേയമാണ്.
ജയലളിതയുടെ ഏറ്റവും അടുത്ത അനുയായികളിലൊരാളായ ശശികല, അവരുടെ മരണശേഷം എഐഎഡിഎംകെയുടെ തലപ്പത്തെത്തിയിരുന്നു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ടതോടെ ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കി. 2016 ൽ ജയലളിതയുടെ മരണശേഷമാണ് തമിഴ്നാട്ടുകാരുടെ 'അമ്മ'യായ ജയലളിതയുടെ സ്ഥാനത്തേക്ക് 'ചിന്നമ്മ'യായി ശശികലയുടെ രംഗപ്രവേശം. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഐകകണ്ട്ഠേനെ അവർ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരിയിൽ AIADMK ലെജിസ്ലേച്ചർ പാർട്ടി നേതാവായും തെരഞ്ഞെടുക്കപ്പെട്ടു.
മുഖ്യമന്ത്രിയായിരുന്ന ഒ.പനീർസെൽവത്തിന്റെ രാജിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടെങ്കിലും ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായി. കുറ്റക്കാരെന്ന് തെളിഞ്ഞതോടെ ശശികല ഉൾപ്പെടെയുള്ളവര്‍ക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ചു. ബംഗളൂരിവിലെ ജയിലിലേക്കാണിവരെ അയച്ചത്. ഇതിന് പിന്നാലെയാണ് ശശികല പാർട്ടിക്ക് പുറത്തായത്. നാല് വർഷത്തെ ജയില്‍ ശിക്ഷ പൂർത്തിയാക്കി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മടങ്ങിയെത്തിയ ശശികല, താൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവും നടത്തി. ഈ തീരുമാനത്തിന് മാറ്റം വന്നുവെന്നാണ് പുതിയ സംഭവവികാസങ്ങൾ നൽകുന്ന സൂചന.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.