• HOME
 • »
 • NEWS
 • »
 • india
 • »
 • അയോധ്യയിൽ കെ കെ നായർ ശരിയായിരുന്നോ?

അയോധ്യയിൽ കെ കെ നായർ ശരിയായിരുന്നോ?

അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ ജില്ലാ കലക്ടർ ആയിരുന്ന കെ.കെ നായർ 1949ൽ സ്വീകരിച്ച നടപടികൾ ശരിയായിരുന്നോ എന്ന ചോദ്യത്തിനു കൂടിയുള്ള ഉത്തരമാണ് അയോധ്യാകേസിൽ വരാൻ പോകുന്നത്

കെകെ നായരും ഭാര്യ ശകുന്തള നായരും

കെകെ നായരും ഭാര്യ ശകുന്തള നായരും

 • News18
 • Last Updated :
 • Share this:
  അതുവരെ ബാബറി മസ്ജിദ് എന്ന് അറിയപ്പെട്ടിരുന്ന സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദു മഹാസഭയ്ക്ക് അനുമതി നൽകിയ ജില്ലാ കലക്ടർ കെ.കെ നായർ ശരിയായിരുന്നോ? ഈ ചോദ്യത്തിനു കൂടിയുള്ള ഉത്തരമാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ച് വിധിക്കാൻ പോകുന്നത്. നവംബർ 17നു മുൻപുള്ള ഏതുദിവസവും വന്നേക്കാവുന്ന ആ വിധി പഴയ മലയാളി ഐസിഎസ് ഓഫീസറുടെ നടപടികളിലുള്ള തീർപ്പുകൂടിയാണ്.

  ആരായിരുന്നു കെ കെ നായർ?

  ആലപ്പുഴ കൈനകരി സ്വദേശി ശങ്കരൻനായരുടെ മകനായ കെ കെ നായർ ആലപ്പുഴയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനും തിരുവനന്തപുരത്തെ കോളജ് വിദ്യാഭ്യാസത്തിനും ശേഷം ചെന്നൈയിലും ലണ്ടനിലും ഉപരിപഠനം നടത്തി. പിന്നെ ഐസിഎസിൽ ചേർന്നു. അയോധ്യ സംഘർഷങ്ങളുടെ തുടക്കമായി കരുതുന്ന 1949ലെ വിഗ്രഹം കണ്ടെത്തൽ സമയത്ത് ഫൈസാബാദ് ജില്ലാ കലക്ടറായിരുന്നു.

  ബാബറി മസ്ജിദിൽ കണ്ട വിഗ്രഹങ്ങൾ

  1949 ഡിസംബർ 22നും 23നും ആണ് ബാബറി മസ്ജിദിൽ രണ്ടു വിഗ്രഹങ്ങൾ കണ്ടെത്തുന്നത്. ശ്രീരാമന്റേയും സീതയുടേയും വിഗ്രഹങ്ങളായിരുന്നു അവ. 22ന് രാത്രി 11 മണിക്കാണ് വിഗ്രഹം പള്ളിയിൽ എത്തിച്ചതെന്ന് പിന്നീട് പൊലീസ് കുറ്റപത്രത്തിൽ എഴുതി. ഉദ്ധാരക് ബാബയെന്ന ബാബ അഭിറാം ദാസും ഇന്ദുശേഖർ ഷാ, യുഗൽ കിഷോർ ഷാ എന്നീ സഹോദരന്മാരും ചേർന്ന് എത്തിച്ചു എന്നാണ് കേസ്. ബാബാ അഭിരാം ദാസ് നേരിട്ടാണ് വിഗ്രഹം സ്ഥാപിച്ചതെന്ന് ഇവരുടെ സഹായി ആയിരുന്ന ദാസ് പരമഹംസ പിന്നീട് മൊഴി നൽകി.

  കെ.കെ നായരും ശകുന്തള നായരും

  വിഗ്രഹം കണ്ടെത്തിയ 22ന് പുലർച്ചെ നാലുമണിക്കു തന്നെ ജില്ലാ കലക്ടർ കെ.കെ നായർ ബാബറി മസ്ജിദിൽ എത്തി. പക്ഷേ, പൊലീസിനേയോ സംസ്ഥാന ഭരണകൂടത്തെയോ വിവരം അറിയിച്ചത് രാവിലെ ഒൻപതു മണിക്കാണ്. ഈ സമയത്തു തന്നെ ഹിന്ദു മഹാസഭ ക്ഷേത്രം കയ്യടക്കിയിരുന്നു. പൊലീസ് എത്തുമ്പോൾ ഭജന ചൊല്ലിയിരുന്നത് കെ കെ നായരുടെ ഭാര്യ ശകുന്തള നായരായിരുന്നെന്നാണ് എഫ്.ഐ.ആർ. ഹിന്ദു മഹാസഭ നേതാവായിരുന്ന ശകുന്തള നായർ ഉത്തർപ്രദേശ് സ്വദേശിനിയാണ്. 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഗോണ്ടയിൽ നിന്ന് ലോക്‌സഭയിലെത്തി. ജനസംഘത്തിന്റെ സ്ഥാനാർത്ഥി ആയിരുന്നില്ല ശകുന്തള. ഹിന്ദുമഹാസഭ എന്ന പേരിലാണ് മൽസരിച്ചത്.

  നെഹ്‌റുവും കെ.കെ നായരും

  വിഗ്രഹം കണ്ടെടുത്ത സംഭവത്തിൽ കെ.കെ നായരെ വിമർശിച്ച് ജവഹർലാൽ നെഹ്‌റു എഴുതിയ മൂന്നുകത്തുകൾ പിൽക്കാലത്തു പുറത്തുവന്നു. 1538ൽ ഇന്ത്യയിലെത്തിയ ബാബർ സ്ഥാപിച്ച പള്ളിയുടെ പേരിൽ 400 വർഷങ്ങൾക്കു ശേഷമുള്ള അവകാശ വാദം അംഗീകരിക്കുന്നത് ചരിത്ര നിഷേധമാണെന്നായിരുന്നു നെഹ്‌റുവിന്റെ കത്ത്. ചരിത്രത്തിൽ ഇങ്ങനെ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ടെന്നും ഐതിഹ്യങ്ങളുടെ പേരിലുള്ള കടന്നാക്രമണം പുതിയ കാലത്ത് അംഗീകരിക്കാനാവില്ലെന്നും നെഹ്‌റു എഴുതി. വിഗ്രഹങ്ങൾ സരയൂ നദിയിൽ എറിയണമെന്ന് നെഹ്‌റു ഫോണിലൂടെ നിർദേശിച്ചെങ്കിലും ബാബറി മസ്ജിദിൽ തൽസ്ഥിതി തുടർന്നു.

  കെ.കെ നായരുടെ രാജിയും ജനസംഘവും

  1952ലെ തെരഞ്ഞെടുപ്പിനു ശേഷം കെകെ നായർ ഐസിഎസിൽ നിന്നു രാജിവച്ചു. പൊലീസ് റിപ്പോർട്ടിലെ ഒരു പരാമർശം ആയിരുന്നു രാജിക്കു കാരണം. വിഗ്രഹങ്ങൾ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപ് ഡിസംബർ 21ന് അയോധ്യയിലെ ജാംബവന്ത് ക്വിലയിൽ വച്ച് വിഗ്രഹം സ്ഥാപിച്ചവരുമായി കലക്ടർ കൂടിക്കാഴ്ച നടത്തി എന്നായിരുന്നു പരാമർശം. കെ.കെ നായർ എല്ലാം നേരത്തെ അറിഞ്ഞു എന്ന ആ വാചകം വലിയ വിവാദമായതോടെയായിരുന്നു രാജി. പിന്നീട് നാലാം ലോക്‌സഭയിലേക്ക് ഉത്തർപ്രദേശിലെ ബഹ്‌റിയയിൽ നിന്ന് കെ.കെ നായർ ജയിച്ചു. ജനസംഘത്തിന്റെ സ്ഥാനാർത്ഥിയായാണ് മൽസരിച്ചത്. ഭാര്യ ശകുന്തള ഒന്ന്, മൂന്ന്, നാല് ലോക്‌സഭകളിലും അംഗമായി. ബാബറി മസ്ജിദ് നിന്ന സ്ഥലത്താണ് രാമൻ ജനിച്ചതെന്ന് പാർലമെന്റിന് അകത്തും പുറത്തും വാദിച്ചിരുന്നവരാണ് ഇരുവരും. അന്നു കലക്ടറായിരിക്കുമ്പോൾ കെ.കെ നായർ സ്വീകരിച്ചിരുന്ന ആ നിലപാടിന്റെ കൂടി വിധിയാണ് 70 വർഷങ്ങൾക്കു ശേഷം വരുന്നത്.

  Also Read-  അയോധ്യ തർക്കത്തിൽ മറക്കാനാകാത്ത മലയാളി മജിസ്ട്രേറ്റ്

  First published: