‘സേവ് ദി സോയിൽ’ (Save the Soil) ക്യാമ്പെയിനിന്റെ ഭാഗമായുള്ള 30,000 കിലോമീറ്റർ യാത്ര സദ്ഗുരു ജഗ്ഗി വാസുദേവ് ആരംഭിച്ചു. യാത്രയുടെ ഭാഗമായി അദ്ദേഹം കരീബിയൻ ദ്വീപുകളിൽ നിന്ന് യൂറോപ്പിലേയ്ക്ക് (Europe) കടന്നു. മണ്ണ് സംരക്ഷിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പെയ്നാണിത്.
"സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പിന്തുണയുമായി രംഗത്തെത്തിയതോടെ ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള പ്രസ്ഥാനത്തിന്റെ ശക്തി പൂർണ്ണമായും പ്രകടമായിട്ടുണ്ട്. മാധ്യമ പ്രവർത്തകരായ ട്രെവർ നോഹ, ജോ റോഗൻ, ദി ലോ സൊസൈറ്റി, യുകെ പാർലമെന്റേറിയൻമാർ, നേപ്പാൾ എംബസി എന്നിവ തുടങ്ങി കൊച്ചുകുട്ടികളും യുവാക്കളും ഉൾപ്പെടെയുള്ളവർ ക്യാമ്പെയ്നിന്റെ ഭാഗമായി" ഇതുവരെയുള്ള സേവ് ദി സോയിൽ യാത്രയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് ഇഷ ഫൗണ്ടേഷൻ പറഞ്ഞു.
സദ്ഗുരു തുടക്കമിട്ട ഒരു ആഗോള പ്രസ്ഥാനമാണ് സേവ് ദി സോയിൽ. മണ്ണ് സംരക്ഷണമാണ് ഇഷ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. "ലോകമെമ്പാടുമുള്ള ആളുകളെ മണ്ണിന്റെ ആരോഗ്യത്തിനായി വാദിക്കാൻ പ്രേരിപ്പിക്കുകയും ദേശീയ നയങ്ങളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്നതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെ പിന്തുണയ്ക്കുകയും കൃഷി ചെയ്യാവുന്ന മണ്ണിലെ ജൈവാംശം വർദ്ധിപ്പിക്കുകയുമാണ്" ക്യാമ്പെയ്നിന്റെ ലക്ഷ്യം.
ഇഷ ഫൗണ്ടേഷൻ പറയുന്നത് അനുസരിച്ച് "3.5 ബില്യണിലധികം ആളുകളുടെ പിന്തുണ വ്യക്തമാക്കാൻ സദ്ഗുരു 24 രാജ്യങ്ങളിലായി 30,000 കിലോമീറ്ററിലധികം ബൈക്കിൽ സഞ്ചരിക്കും"
ലണ്ടനിൽ നിന്ന് ആരംഭിക്കുന്ന യാത്ര ദക്ഷിണേന്ത്യയിലെ കാവേരി നദീ തീരത്ത് അവസാനിക്കും. "സദ്ഗുരുവിന്റെ കാവേരി കോളിംഗ് പദ്ധതി പ്രകാരം ഇതുവരെ 1,25,000 കർഷകർ ചേർന്ന് 62 മില്യൺ മരങ്ങൾ നട്ടുപിടിപ്പിച്ചത് വഴി മണ്ണിനെ പുനരുജ്ജീവിപ്പിക്കാനും കാവേരി നദിയുടെ ശോഷണം തടയാനും സാധിച്ചുവെന്നും" ഇഷ ഫൗണ്ടേഷൻ വ്യക്തമാക്കി.
"ധാരാളം പൗരന്മാർ പങ്കെടുക്കുമ്പോൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് പ്രശ്നങ്ങളായി മാറും. ഇതിനെ തുടർന്ന് സർക്കാരുകൾ നയങ്ങൾ സ്വീകരിക്കുകയും പാരിസ്ഥിതിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിനായി ബജറ്റുകൾ പ്രഖ്യാപിക്കുകയും ചെയ്യും" പദ്ധതിയുടെ ഔട്ട്റീച്ച് പേജിൽ പറയുന്നു.
പരിസ്ഥിതിയെയും വികസനത്തെയും സുസ്ഥിരമായ ഭൂപരിപാലനവുമായി ബന്ധിപ്പിക്കുന്ന നിയമപരമായ ഏക അന്താരാഷ്ട്ര ഉടമ്പടിയാണ് 1994ൽ സ്ഥാപിതമായ യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോംബാറ്റ് ഡെസേർട്ടിഫിക്കേഷൻ (UNCCD). ഇഷ ഫൗണ്ടേഷന്റെ സേവ് സോയിൽ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന പങ്കാളിയാണ് UNCCD.
തിങ്കളാഴ്ച ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറിയ യാത്ര ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ബിഎംഡ്ബ്യുവിന്റെ സ്പോര്‍ട്ട് ടൂറിങ് മോഡലായ കെ 1600 ജിടി ബൈക്കിലാണ് യാത്ര. ഫ്ളാഗ് ഓഫ് ചടങ്ങിന്റെയും ലണ്ടന്‍ റോഡുകളിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സദ്ഗുരു ട്വീറ്റ് ചെയ്തിരുന്നു.
വാഹന പ്രേമി കൂടിയായ സദ്ഗുരു ഇതിനുമുമ്പും നിരവധി തവണ ഇത്തരം യാത്രകള്‍ നടത്തിയിട്ടുണ്ട്. 2017ല്‍ കന്യാകുമാരി മുതല്‍ ഹരിദ്വാര്‍ വരെ മെഴ്സിഡിസ് ബെന്‍സ് ജി63 എഎംജിയിൽ ഒരു ബോധവത്കരണ റാലിയും സദ്ഗുരു നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.