കൊൽക്കത്ത : ഹെലികോപ്ടർ ഇറക്കാൻ പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാളിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് യോഗം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റദ്ദു ചെയ്തു. സംസ്ഥാനത്തെ സിലിഗുരിയിലായിരുന്നു രാഹുൽ പങ്കെടുക്കാനുള്ള യോഗം നിശ്ചയിച്ചിരുന്നത്. കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ ഇവിടെ പൊലീസ് ഗ്രൗണ്ടിൽ ഇറക്കുന്നതിന് പാർട്ടി നേതൃത്വം അനുമതി തേടുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് യോഗം റദ്ദു ചെയ്തത്.
മുതിർന്ന കോൺഗ്രസ് നേതാവും ഡാർജിലിംഗ് ലോക്സഭാ സ്ഥാനാർഥിയുമായ ശങ്കർ മലകർ ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ഏപ്രിൽ 14 ന് ഒരു യോഗത്തിൽ പങ്കെടുക്കാനായി എത്തുന്ന രാഹുൽ ഗാന്ധിയുടെ ഹെലികോപ്ടർ പൊലീസ് ഗ്രൗണ്ടിൽ ഇറക്കുന്നതിനായി താൻ അനുമതി തേടിയിരുന്നു എന്നാൽ ഇത് നിഷേധിക്കപ്പെടുകയാണുണ്ടായതെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
Also Read-
പെരുമാറ്റചട്ട ലംഘനം: അനധികൃതമായി സ്ഥാപിച്ച BJP പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു
നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും സമാന അനുഭവം മമതാ സർക്കാരിൽ നിന്ന് നേരിടേണ്ടി വന്നിരിന്നു. പശ്ചിമ ബംഗാളിൽ ഒരു റാലിയിൽ പങ്കെടുക്കാൻ ഹെലികോപ്ടറിലെത്താനിരുന്ന യോഗിക്ക്, യോഗ സ്ഥലത്ത് ഹെലികോപ്ടർ ഇറക്കാൻ അനുമതി നിഷേധിക്കപ്പെട്ടിരുന്നു. വിവാദം ഉയർത്തിയ ഈ സംഭവത്തിൽ ബംഗാള്‍ സർക്കാരിനെതിരെയും മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിക്കെതിരെയും രൂക്ഷ വിമർശനങ്ങളുമായി ബിജെപി രംഗത്തെത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.