• HOME
 • »
 • NEWS
 • »
 • india
 • »
 • അതിർത്തിയിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ സുസജ്ജം: വ്യോമസേനാ മേധാവി വിആർ ചൗധരി

അതിർത്തിയിൽ ചൈനയുടെ വെല്ലുവിളി നേരിടാൻ സുസജ്ജം: വ്യോമസേനാ മേധാവി വിആർ ചൗധരി

എത്ര മോശം സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയർ ചീഫ് മാർഷൽ ചൗധരി പറഞ്ഞു.

 • Last Updated :
 • Share this:
  കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈന നടത്തുന്ന പ്രവർത്തനങ്ങളെ നേരിടാൻ ഇന്ത്യ സുസജ്ജമാണെന്ന് വ്യോമസേനാ മേധാവി (Indian Air Force) എയർ ചീഫ് മാർഷൽ വി ആർ ചൗധരി (VR Chaudhari) പറഞ്ഞു. ഉചിതമായ "നോൺ എസ്കലേറ്ററി" നടപടികൾക്ക് ഇന്ത്യൻ വ്യോമസേന തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ എട്ടിനുള്ള വ്യോമസേനാ ദിനത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ചൗധരി.

  ആഗോള തലത്തിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ ശക്തമായ സൈന്യത്തിന്റെ ആവശ്യകതയാണ് കാണിക്കുന്നത്. എല്ലാത്തരം സുരക്ഷാ വെല്ലുവിളികളെയും എതിരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. എത്ര മോശം സാഹചര്യം ഉണ്ടായാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയർ ചീഫ് മാർഷൽ ചൗധരി പറഞ്ഞു.

  വ്യോമസേന പ്രായോഗികമായ തയ്യാറെടുപ്പുകൾ എപ്പോഴും നടത്തുന്നുണ്ട്. എല്ലാ മേഖലയിലും കൂടുതൽ ജാഗ്രതയോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിൽ ചൈനയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് യുദ്ധവിമാനങ്ങൾ അതി‍ർത്തി രേഖയിൽ വിന്യസിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി അയൽരാജ്യത്തിന് സന്ദേശം അയച്ചിട്ടുണ്ടെന്നും ചൗധരി കൂട്ടിച്ചേർത്തു.

  കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മേഖലയിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്ന തരത്തിലുള്ള ഏതൊരു നീക്കത്തെയും ജാഗ്രതയോടെ നേരിടും. ഭാവിയിൽ യുദ്ധങ്ങളോ മറ്റോ ഉണ്ടായാൽ ഇതരസേനാ വിഭാഗങ്ങളുമായി കൈകോ‍ർത്ത് ഒരുമിച്ച് നേരിടേണ്ടതുണ്ട്. സേനകളുടെ സംയുക്ത ആസൂത്രണത്തിന്റെയും നിർവ്വഹണത്തിന്റെയും ആവശ്യകത വ്യോമസേനയ്ക്ക് ബോധ്യമുള്ള കാര്യമാണെന്നും സൈനിക മേധാവി വ്യക്തമാക്കി.

  Also read : കാർ വാങ്ങാൻ 5000 രൂപ വായ്പയെടുത്ത മുൻ പ്രധാനമന്ത്രി; അദ്ദേഹത്തിന്റെ മരണശേഷം തിരിച്ചടച്ചത് ഭാര്യ

  മൂന്ന് സേനകളും യോജിച്ച് പ്രവർത്തിക്കുന്നതിന് വ്യോമസേന എതിരല്ല. സൈന്യത്തിൻെറ ഘടനയുടെ കാര്യത്തിൽ മാത്രമാണ് ചില ആശങ്കകൾ ബാക്കിനിൽക്കുന്നത്. പ്രതിരോധ മേഖലയിൽ സാശ്രയത്വത്തിന് വേണ്ടി സർക്കാരിനോട് യോജിച്ച് പ്രവർത്തിക്കുമെന്നും ചൗധരി പറഞ്ഞു.

  അതിനിടെ, ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലഫ്റ്റെനൻറ് ജനറൽ (റിട്ട) അനിൽ ചൗഹാൻ കഴിഞ്ഞയാഴ്ച ചുമതലയേറ്റു. രാജ്യത്തെ പ്രഥമ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷം ഏകദേശം 10 മാസം കഴിഞ്ഞാണ് പിൻഗാമിയെ പ്രഖ്യാപിച്ചത്. സൈനിക കാര്യ വകുപ്പ് സെക്രട്ടറിയായും ചൗഹാൻ സേവനമനുഷ്ഠിക്കും. സംയുക്ത സൈനിക മേധാവി, സൈനിക കാര്യ വകുപ്പ് സെക്രട്ടറി ചുമതലകൾ വ്യത്യസ്ത ആളുകളെ ഏൽപ്പിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് ചൗഹാൻെറ നിയമനം.

  കിഴക്കൻ ആർമി കമാൻഡറായി കരസേനയിൽ നിന്ന് വിരമിച്ചതിന് ശേഷം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിലെ സൈനിക ഉപദേഷ്ടാവായി സേവനം അനുഷ്ഠിക്കുകയായിരുന്നു അനിൽ ചൗഹാൻ. 40 വർഷം നീണ്ട സൈനിക സേവനത്തിൻെറ ഭാഗമായി ജമ്മു കശ്മീരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും കലാപങ്ങൾ അവസാനിപ്പിക്കുന്നതിൽ പലതവണ നേതൃത്വം നൽകിയിട്ടുണ്ട് ഇദ്ദേഹം. ഈ മാസം ആദ്യം കിബിതു സൈനിക സ്റ്റേഷന്റെ പേര് ജനറൽ ബിപിൻ റാവത്ത് മിലിട്ടറി ഗാരിസൺ എന്ന് പുനർനാമകരണം ചെയ്യുന്ന ചടങ്ങിൽ റാവത്തിന്റെ മകൾ തരിണി റാവത്തിനും മറ്റ് പ്രമുഖർക്കുമൊപ്പം ചൗഹാനും പങ്കെടുത്തിരുന്നു. ജനറൽ റാവത്തിന്റെ അതേ യൂണിറ്റിൽ നിന്നുള്ളയാളാണ് അനിൽ ചൗഹാൻ.
  Published by:Amal Surendran
  First published: