കൊൽക്കത്ത: പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് എന്തുകൊണ്ടാണ് അസുഖങ്ങൾ വരാത്തതെന്ന് പശ്ചിമബംഗാൾ ബി ജെ പി പ്രസിഡന്റ് ദിലിപ് ഘോഷ്. തണുപ്പുകാലത്ത് തെരുവിൽ ഇരുന്ന് സമരം ചെയ്യുന്നവർക്ക് എന്തുകൊണ്ടാണ് അസുഖങ്ങൾ വരാത്തത്, എന്തുകൊണ്ടാണ് അവർ മരിക്കാത്തതെന്നും ദിലിപ് ഘോഷ് ചോദിക്കുന്നു.
ഷഹീൻ ബാഗിലെ പ്രതിഷേധക്കാർക്ക് ആരാണ് ഫണ്ട് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. നൂറുകണക്കിന് സ്ത്രീകളാണ് ദക്ഷിണ ഡൽഹിയിലെ ഷഹീൻ ബാഗിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം നടത്തുന്നത്. 'പൗരത്വ നിയമഭേദഗതിക്ക് എതിരെ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഷഹീൻബാഗിൽ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നത്. തണുപ്പുകാലത്ത് രാത്രികാലങ്ങളിൽ ഇവർ തെരുവിലാണ് സമരം ചെയ്യുന്നത്. എന്നിട്ടും ഒരാൾക്ക് പോലും അസുഖം വരാത്തതിൽ എനിക്ക് അദ്ഭുതമുണ്ട്. അവർക്ക് ഒന്നും സംഭവിക്കാത്തത് എന്തുകൊണ്ടാണ്? ഒരു പ്രതിഷേധക്കാരൻ പോലും മരിക്കാത്തത് എന്തുകൊണ്ടാണ്' - ദിലിപ് ഘോഷ് ചോദിച്ചു.
ഇത് തികച്ചും അസംബന്ധമാണെന്നും തങ്ങൾക്ക് ഒന്നും സംഭവിക്കാതിരിക്കാൻ അവർ എന്തെങ്കിലും തരത്തിലുള്ള അമൃത് കഴിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സമരക്കാർക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വരും ദിവസങ്ങളിൽ ഇതിനു പിന്നിലെ സത്യം പുറത്തുവരും. ബംഗാളിൽ ഭയചകിതരായ നിരവധി പേരാണ് ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുപ്പതിനു മുകളിൽ
ആളുകൾ ബംഗാളിൽ ആത്മഹത്യ ചെയ്തതായി മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.