കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതിയ വിവാദം ഉയർത്തി തൃണമൂൽ സ്ഥാനാർഥിയും നടിയുമായ കൗഷാനി മുഖർജി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് അഭ്യർഥിച്ചു കൊണ്ട് ഇവർ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ബംഗാളി താരമായ കൗഷാനി, രണ്ടുമാസം മുമ്പാണ് തൃണമുൽ കോൺഗ്രസിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥിയാണിവർ. ഇവിടെ ഒരു പ്രദേശത്ത് പ്രചരണത്തിനെത്തിയപ്പോൾ ഇവർ നടത്തിയ പ്രസ്താവനായാണ് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയത്.
'ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണം. നിങ്ങളുടെ വീടുകളിൽ അമ്മയും സഹോദരിമാരും ഉള്ളതാണ്' എന്നായിരുന്നു വാക്കുകൾ. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ബിജെപി പ്രവർത്തകരാണ് ഈ വീഡിയോ പങ്കുവച്ച് തൃണമൂൽ സ്ഥാനാർഥിക്കെതിരെ രംഗത്തെത്തിയത്. ബിജെപി വോട്ടർമാരെ തൃണമൂൽ സ്ഥാനാർഥി ഭീഷണിപ്പെടുത്തിയെന്നാണ് ഇവർ ആരോപിക്കുന്നത്. പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതിന് ടിഎംസി നേതാക്കൾ എല്ലായ്പ്പോഴും ബലാത്സംഗ ഭീഷണികൾ ഉപയോഗിക്കുന്നുവെന്നും എന്നാൽ ഇത്തവണ ആരും ഭയപ്പെടില്ലെന്നുമാണ് കൗഷാനിയുടെ വീഡിയോ പങ്കുവച്ച് ബിജെപി നേതാവ് റിതേഷ് തിവാരി ട്വീറ്റ് ചെയ്തത്.
মাননীয়ার অনুপ্রেরণা ও আশীর্বাদ পাওয়া আরো এক বাংলার মেয়ে।@AITCofficial candidate from Krishnanagar North, Koushani Mukherjee is openly giving threats to BJP Voters.
TMC leaders have always used rape threats to intimidate the opposition.
നിങ്ങളെപ്പോലുള്ള നടിമാരെന്ന് വിളിക്കപ്പെടുന്ന രാഷ്ട്രീയക്കാരുടെ വാക്കുകൾ കാരണം ഞങ്ങളുടെ ശിരസ് അപമാനത്തിൽ താഴുന്നു എന്നാണ് കൗഷാനിയെ വിമർശിച്ച് ബിജെപി നേതാവും നടിയുമായ രൂപ ഭട്ടാചാര്യ പ്രതികരിച്ചത്. ' ഒരു നടിയ്ക്ക് സഭ്യമായ അഭിരുചിയാണ് വേണ്ടത്. ഇത്തരമൊരു മോശമായ അഭിപ്രായം പറയുന്നതിലൂടെ നിങ്ങൾ പ്രിയങ്കരിയായ തൃണമൂൽ പ്രവർത്തകയാകുമെന്ന് കരുതുന്നുവെങ്കിൽ അത് തെറ്റാണ്, നിങ്ങളുടെ കാപട്യത്തെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അവർ വെറുക്കുമെന്ന് ഉറപ്പാണ്' എന്നായിരുന്നു ഭട്ടാചാര്യയുടെ വാക്കുകൾ.
എന്നാൽ വാക്കുകൾ വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കൗഷൗനി തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും ബിജെപി ഐടി സെൽ അതിന് മറ്റൊരു അർഥം തന്നെ നല്‍കിയെന്നുമാണ് ഇവർ ആരോപിക്കുന്നത്. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്നും വ്യത്യസ്തമായി ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന വസ്തുത ഉയർത്തിക്കാട്ടാനാണ് താൻ ശ്രമിച്ചതെന്നാണ് കൗഷാനി വിശദീകരിക്കുന്നത്.
'ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ നിന്ന് വ്യത്യസ്തമായി ബംഗാൾ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണെന്ന വസ്തുത ഉയർത്തിക്കാട്ടാൻ ഞാൻ ശ്രമിച്ചിരുന്നു. ഹത്രാസിൽ സ്ത്രീകളെ ബലാത്സംഗം ചെയ്തു, പ്രതിഷേധിച്ചതിന് മാതാപിതാക്കളെ വെടിവച്ചു എന്നായിരുന്നു വാക്കുകൾ. എന്നാൽ തംരതാണ രാഷ്ട്രീയത്തിനായി ബിജെപി ഐടി സെൽ ആ ഫൂട്ടേജുകൾ എഡിറ്റ് ചെയ്തു' കൗഷാനി പ്രസ്താവനയിൽ അറിയിച്ചു.
താൻ യഥാർഥത്തിൽ എന്താണ് പറഞ്ഞതെന്ന് അവകാശവാദം ഉന്നയിച്ച് ഒരു വീഡിയോയും തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇവർ പങ്കുവച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.