• HOME
 • »
 • NEWS
 • »
 • india
 • »
 • പശുവിനെ ഇടിച്ചു തെറിപ്പിച്ച് വീണ്ടും വന്ദേഭാരത് അപകടം; മുംബൈ-അഹമ്മദാബാദ് റൂട്ടിൽ വേലികൾ സ്ഥാപിക്കാൻ 264 കോടിയുടെ പദ്ധതി

പശുവിനെ ഇടിച്ചു തെറിപ്പിച്ച് വീണ്ടും വന്ദേഭാരത് അപകടം; മുംബൈ-അഹമ്മദാബാദ് റൂട്ടിൽ വേലികൾ സ്ഥാപിക്കാൻ 264 കോടിയുടെ പദ്ധതി

കഴിഞ്ഞ സെപ്തംബർ 30 ന് സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് നാല് തവണ കന്നുകാലികളെ ഇടിച്ച് തെറിപ്പിച്ചിരുന്നു

 • Share this:

  റെയിൽവേ ട്രാക്കുകളിൽ മൃഗങ്ങൾ കയറാതിരിക്കാനും ട്രെയിൻ ഇടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാനും മുംബൈ-അഹമ്മദാബാദ് റൂട്ടിൽ വേലികൾ സ്ഥാപിക്കാൻ പദ്ധതി. അടുത്ത വർഷം മെയ് മാസത്തോടെ വേലികൾ സ്ഥാപിക്കുമെന്ന് വെസ്റ്റേൺ റെയിൽവേ വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ സെപ്തംബർ 30 ന് സർവ്വീസ് ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് നാല് തവണ കന്നുകാലികളെ ഇടിച്ച് തെറിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം.

  264 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 620 കിലോ മീറ്റർ ദൈർഘ്യമുള്ള പാതയിൽ വേലി നിർമിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ചർച്ച്ഗേറ്റിലെ റെയിൽവേ സോൺ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വെസ്റ്റ് റെയിൽവേ ജനറൽ മാനേജർ അശോക് കുമാർ മിശ്ര പറഞ്ഞു.ഗുജറാത്തിലെ ഗാന്ധിനഗറിനും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിനും ഇടയിൽ സെപ്റ്റംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത മൂന്നാമത്തെ സെമി സൂപ്പർഫാസ്റ്റ് വന്ദേ ഭാരത് എക്സ്പ്രസ് ഇതുവരെ നാല് തവണ കന്നുകാലികളെ ഇടിച്ച് തെറിപ്പിച്ചിരുന്നു. തുടർന്ന് ട്രെയിന്റെ എഞ്ചിന്റെ എയറോഡൈനാമിക് സിസ്റ്റത്തിന് ചെറിയ കേടുപാടുകളും ഉണ്ടായി. ഇത്തരത്തിൽ ഏറ്റവും അവസാനത്തെ അപകടം നടന്നത് വ്യാഴാഴ്ച ഗുജറാത്തിലെ ഉദ്‌വാഡ, വാപി സ്റ്റേഷനുകൾക്കിടയിലാണ്.

  Also Read-രാജ്യത്തെ മറ്റ് അതിവേഗ ട്രെയിനുകളില്‍ നിന്ന് വന്ദേഭാരത് എക്‌സ്പ്രസ്സിനെ വ്യത്യസ്തമാക്കുന്നതെന്ത്?

  സ്റ്റെയിൻലെസ് സ്റ്റീൽ വേലികൾ നിലത്തു നിന്ന് 1.5 മീറ്റർ ഉയരത്തിൽ ഒരു “ഡബ്ല്യു-ബീം” ഘടനയിലായിരിക്കും നിർമിക്കുകയെന്ന് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. “വേലി 1.5 മീറ്റർ ഉയരത്തിലാണ് ഇൻസ്റ്റാൾ ചെയ്യുക. ആളുകൾക്ക് ഇത് മറികടക്കാൻ കഴിയും. പക്ഷേ മൃഗങ്ങൾക്ക് കഴിയില്ല എന്നതാണ് നേട്ടം. റെയിൽവേ ജീവനക്കാരും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ ഉദ്യോഗസ്ഥരും പാളത്തിനരികിലുള്ള ഗ്രാമങ്ങൾ സന്ദർശിച്ച് ആളുകളോട് ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിന്റെ എയറോഡൈനാമിക് ഡിസൈൻ കൂട്ടിയിടിക്കലുകൾക്ക് ശേഷം മൃഗങ്ങൾ എഞ്ചിന്റെ അടിയിൽ കുടുങ്ങിപ്പോകില്ലെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.

  നിലവിൽ വന്ദേ ഭാരത് സർവ്വീസ് ശരാശരി 130 ശതമാനം ആളുകളുമായി ഓടുന്നുണ്ടെന്നും ഇത് യാത്രക്കാർക്കിടയിൽ വളരെ ജനപ്രിയമായെന്നും വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പറഞ്ഞു. വെസ്റ്റേൺ റെയിൽവേക്ക് പുതുതായി രണ്ട് അധിക എയർ കണ്ടീഷൻഡ് സബർബൻ ട്രെയിനുകൾ ലഭിച്ചിട്ടുണ്ടെന്നും മിശ്ര കൂട്ടിച്ചേർത്തു. നിലവിൽ മുംബൈയിലൂടെയുള്ള 1,383 സബർബൻ സർവീസുകളിൽ 79 എണ്ണവും എയർകണ്ടീഷൻ ചെയ്തവയാണ്.
  വെസ്റ്റേൺ റെയിൽവേയുടെ കണക്കുകൾ പ്രകാരം 2022-23 വർഷത്തിൽ പ്രതിദിന ശരാശരി യാത്രക്കാരുടെ എണ്ണം 25.68 ലക്ഷം ആണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് 2021-22ൽ യാത്രക്കാരുടെ എണ്ണം 15.12 ലക്ഷം, 2020-21ൽ 7.72 ലക്ഷം എന്നിങ്ങനെയായി കുറഞ്ഞിരുന്നു.

  Published by:Arun krishna
  First published: