• HOME
 • »
 • NEWS
 • »
 • india
 • »
 • Modi@8 | അടിസ്ഥാന സൗകര്യ വികസനം: മോദി സർക്കാരിന്റെ എട്ട് നേട്ടങ്ങളും എട്ട് പോരായ്മകളും

Modi@8 | അടിസ്ഥാന സൗകര്യ വികസനം: മോദി സർക്കാരിന്റെ എട്ട് നേട്ടങ്ങളും എട്ട് പോരായ്മകളും

എട്ട് വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിന്റെ പ്രകടനം വിലയിരുത്തപ്പെടുന്നു

നരേന്ദ്ര മോദി

നരേന്ദ്ര മോദി

 • Share this:
  #അഖിലേശ്വർ സഹായ്

  2022 മെയ് 25. സമയം രാവിലെ 5 മണി. രണ്ടു രാത്രി വിമാനത്തിലും ഒരു രാത്രി ടോക്കിയോയിലും താമസിച്ച്, 41 മണിക്കൂറിനുള്ളിൽ 24 മീറ്റിംഗുകൾ നടത്തിയിട്ടും നരേന്ദ്ര ദാമോദർ ദാസ് മോദി പാലം എയർഫോഴ്സ് സ്റ്റേഷനിൽ (Palam Airforce Station) ഫ്രഷ് ആയാണ് ഇറങ്ങി വന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം, വീണ്ടും പ്രവർത്തന നിരതമാകേണ്ട സമയം ആയിരുന്നു അത്. ആദ്യ കാബിനറ്റ് മീറ്റിംഗ്, അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി അവലോകനം, ഒഡീഷയിൽ വാഹനാപകടത്തിൽ മരിച്ച ആറ് വിനോദസഞ്ചാരികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കൽ അങ്ങനെ പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു. "നാളെ ഞാൻ ഹൈദരാബാദും ചെന്നെയും സന്ദർശിക്കും" എന്ന ട്വീറ്റോടെ ആ ദിവസം അവസാനിപ്പിച്ചു. ഇതാണ് മോദിയുടെ രീതി.

  നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തിയിട്ട് എട്ട് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. മുൻകാലങ്ങളിലൊന്നും കൈവരിക്കാത്ത രീതിയിൽ ആധുനികവും മികച്ച നിലവാരമുള്ളതും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനുള്ള പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഒൻപതാം വർഷം ആരംഭിച്ചത്. ഈ എട്ട് വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മോദി സർക്കാരിന്റെ പ്രകടനം വിലയിരുത്താനാണ് ഈ ലേഖനം ശ്രമിക്കുന്നത്. മോദിയും ഞാനും, മോദിയും നിലെകനിയും, മോദിയും മോദിയും എന്നിങ്ങനെ മൂന്ന് കഥകൾ പങ്കുവെച്ചാണ് ഞാൻ ആരംഭിക്കുന്നത്.

  മോ​ദിയും ഞാനും

  64 വർഷത്തിനിടെ ആദ്യമായി, ഞാൻ നരേന്ദ്ര മോദിയെ ഒരു നാനോ സെക്കൻഡ് നേരത്തേക്ക് നേരിൽ കണ്ടു. 2000-കളുടെ തുടക്കത്തിൽ ആയിരുന്നു അത്. ഇന്ത്യയുടെ ആദ്യത്തെ പ്രത്യേക നിക്ഷേപ മേഖലയായ (Special Investment Region (SIR)) ധോലേരയിൽ ജാപ്പനീസ് നിക്ഷേപകരെ ആകർഷിക്കാൻ മുഖ്യമന്ത്രിയായിരുന്ന മോദി ശ്രമിക്കുന്നതിനിടെ ​ഗാന്ധിന​ഗറിൽ വെച്ചായിരുന്നു ആ ഹസ്തദാനം. 'ഗുജറാത്തിനകത്ത് പുതിയ ഗുജറാത്ത്, സിംഗപ്പൂരിന്റെ നാലിരട്ടി വലിപ്പമുള്ള പുതിയ സിംഗപ്പൂർ' എന്ന് മോദി പറഞ്ഞത് ഞാൻ കേട്ടു.

  തലേന്ന് രാത്രി, ഗാന്ധിനഗറിലെ കാംബെ റിസോർട്ടിൽ അത്താഴം കഴിക്കുമ്പോൾ, ഞാൻ ഈ വാക്കുകൾ ഒരു പേപ്പറിൽ എഴുതി. പിറ്റേന്ന് രാവിലെ ഗുജറാത്ത് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ബോർഡിന്റെ സിഇഒയ്ക്ക് അത് നൽകി. മോദിയും ഞാനും കണ്ടത് ഒരേ സ്വപ്നം ആയിരുന്നു. അന്ന് ഞാൻ ധോലേര-എസ്‌ഐആറിന്റെ പ്രീ-ഫീസിബിലിറ്റി സ്റ്റഡിയുടെ പ്രോജക്ട് ഡയറക്ടറും ടീം ലീഡറുമായിരുന്നു.

  2011ൽ നടന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് ഉച്ചകോടിയുടെ (Vibrant Gujarat Global Investors’ Summit) അഞ്ചാം പതിപ്പിന്റെ അവസാനത്തിൽ മോദി ചിരിക്കുന്നത് ഞാൻ കണ്ടു. ധോലേരയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബില്യൺ കണക്കിന് ഡോളറിന്റെ പദ്ധതികൾ ഉൾപ്പെടെ 20.83 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി 7,936 ധാരണാപത്രങ്ങളാണ് അവിടെ ഒപ്പുവെച്ചത്. ധോലേരയിലെ പ്രത്യേക നിക്ഷേപ പദ്ധതികളെല്ലാം യാഥാർഥ്യമായി.

  മോദിയും നിലേകനിയും

  പുതിയ ഇന്ത്യയെ പടുത്തുയർത്തുന്നതിൽ സാങ്കേതികവിദ്യയുടെ ശക്തി മനസ്സിലാക്കുന്ന രണ്ട് ഇന്ത്യക്കാർ മോദിയും നന്ദൻ നിലേകനിയും (Nandan Nilekani) മാത്രമാണ്.

  2014-ൽ നന്ദൻ നിലേകനി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ചിരുന്നു. അദ്ദേഹത്തിനെതിരെയും അദ്ദേഹം മുന്നോട്ടു വെച്ച ആശയമായ ആധാറിനെതിരെയും പ്രചാരണം നടത്താൻ മോദി ബെംഗളൂരുവിലെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സൗത്തിൽ നിന്ന് 2.3 ലക്ഷം വോട്ടുകൾക്കാണ് നന്ദൻ നിലേകനി ബിജെപിയുടെ അനന്ത്കുമാറിനോട് പരാജയപ്പെട്ടത്. 'നന്ദൻ നിലേകനി തോറ്റു: പണത്തിന് നിങ്ങളുടെ വോട്ട് വാങ്ങാൻ കഴിയില്ല' എന്നാണ് ഇന്ത്യ ടുഡേ അതേക്കുറിച്ച് എഴുതിയത്.

  പുതിയ ഇന്ത്യയെ പടുത്തുയർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ നിലേകനി അവിടം കൊണ്ടും നിർത്തിയില്ല. തോൽവിക്ക് ശേഷം, നിലേകനി സർക്കാർ ബംഗ്ലാവ് ഒഴിഞ്ഞു. പക്ഷേ പുതിയ പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്ച നടത്തി. ആധാറിന്റെ ശക്തി മോദിക്ക് വിശദീകരിക്കാനുള്ള അവസരം കൂടിയായി അദ്ദേഹം അത് ഉപയോ​ഗപ്പെടുത്തി.

  ബിജെപിയുടെ കാഴ്ചപ്പാടിന് വിരുദ്ധമായി ആധാറിനെ പിന്തുണക്കുന്നവരിൽ പ്രധാനിയായി മോദി മാറി. ആധാർ മോദിയുടെ ആശയമായിരുന്നില്ല, എന്നാൽ അദ്ദേഹം അത് വളർത്തി വലുതാക്കി. എല്ലാവർക്കും വീട് ഉൾപ്പെടെയുള്ള നിരവധി പദ്ധതികളുടെ നടത്തിപ്പിനായും മറ്റും അത് ഉപയോഗപ്പെടുത്തി.

  മോദിയും മോദിയും

  ഗുജറാത്തിൽ ഉണ്ടായിരുന്ന എട്ട് വർഷം കൊണ്ട് (2002 മുതൽ 2010 വരെ), നാളത്തെ അടിസ്ഥാന സൗകര്യങ്ങൾക്കായി ഇന്ന് എന്തെല്ലാം ചെയ്യാമെന്ന് ഞാൻ പഠിച്ചു. ഇടനാഴികളുടെ വികസനത്തെക്കുറിച്ചുള്ള രണ്ട് പഠനങ്ങൾ (പാലൻപൂർ-മെഹ്‌സാന-വഡോദര, സുരേന്ദ്രനഗർ-രാജ്‌കോട്ട്-മോർബി-കണ്ട്ല ഇടനാഴികൾ), റെയിൽവേ പ്രോജക്ടുകൾ (ബഹ്രുച്ച് ദഹേജ്, അങ്കലേശ്വർ-ജക്കാഡിയ), അഹമ്മദാബാദ്-ഗാന്ധിനഗർ മെട്രോ റെയിലിനുള്ള സാമ്പത്തിക തന്ത്രം, ധോലേര-എസ്‌ഐആർ പ്രീ-ഫെയ്‌സിബിലിറ്റി എന്നിവ ഞാൻ കൈകാര്യം ചെയ്തു.

  ഗുജറാത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ കാര്യത്തിൽ മോദിയുടെ ദീർഘ വീക്ഷണത്തെക്കുറിച്ച് എനിക്കൊരു ധാരണ ലഭിച്ചു. 2014ൽ മോദി ഗുജറാത്ത് മോഡൽ തലസ്ഥാനത്ത് കൊണ്ടുവരികയും അതിനെ പലമടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്തു.

  സാങ്കേതിക രം​ഗത്ത് ആവിഷ്കരിച്ച 'പ്ര​ഗതി'യിലൂടെ (PRAGATI (Pro-Active Governance and Timely Implementation)) മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയതിനേക്കാൾ മികച്ച പദ്ധതികൾ പ്രധാനമന്ത്രി പദത്തിലിരുന്ന് അദ്ദേഹം നടപ്പിലാക്കി. ആദ്യത്തെ പ്രഗതി യോഗം 2015 മാർച്ച് 25-നാണ് നടന്നത്. ഏറ്റവും അവസാനത്തെ മീറ്റിംഗ് 2022 മെയ് 25-നും. ഇതിനിടയിൽ, 14.82 ലക്ഷം കോടി രൂപയുടെ 311 അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഗതി പദ്ധതി വഴി നടപ്പിലാക്കി. എല്ലാ മാസവും അവസാന ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പ്രഗതി യോഗം നടത്തിപ്പുകാരുമായി ആശയവിനിമയം നടത്തുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ നിർണായകമായ ഗേജ് കൺവേർഷൻ റെയിൽവേ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നതിനിടെ എനിക്ക് പ്രഗതി പദ്ധതിയുടെ ​ഗുണങ്ങൾ മനസിലായി.

  ഇനി, മോദിയുടെ എട്ട് വർഷത്തെ അടിസ്ഥാന വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എട്ട് നേട്ടങ്ങളെക്കുറിച്ചും എട്ട് പോരായ്മകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും പറയാൻ ഞാൻ ആ​ഗ്രഹിക്കുകയാണ്. അതിനു മുൻപ് ഈ സർക്കാർ നടപ്പിലാക്കിയ വിപ്ലവകരമായ രണ്ട് പദ്ധതികളെക്കുറിച്ച് മനസിലാക്കാം.

  സ്വച്ഛ് ഭാരത്

  2014 ഒക്ടോബർ 2 നാണ് സാർവത്രിക ശുചിത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാ ​ഗാന്ധിയുടെ 145-ാം ജന്മവാർഷികത്തിൽ മോദി സ്വച്ഛ് ഭാരത് അഭിയാൻ ആരംഭിച്ചത്. അത് എല്ലാവരിലും എത്തിയോ?

  പദ്ധതി ആരംഭിച്ച് അഞ്ച് വർഷത്തിന് ശേഷം, 2019 ഒക്ടോബർ 2 ന്, എല്ലാ ഗ്രാമങ്ങളും ഗ്രാമപഞ്ചായത്തുകളും ജില്ലകളും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വയം പൊതു സ്ഥലത്ത് മലമൂത്രവിസർജ്ജനം നടത്താത്ത സ്ഥലങ്ങളായി (open-defecation free (ODF)) പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാർ 100 ദശലക്ഷം വീടുകളിൽ ശുചിമുറി നിർമ്മിച്ചു.

  വേഗതയും നടപ്പിലാക്കുന്ന രീതിയിൽ ഉള്ള മാറ്റങ്ങളുമാണ് സ്വച്ഛ് ഭാരതിന്റെ നേട്ടത്തിന് കാരണമെന്ന് പദ്ധതി നിരീക്ഷിച്ചതിലൂടെ ഞാൻ കണ്ടെത്തി. നിലവിൽ ഉപയോ​ഗത്തിലുള്ളതും ഉപയോഗശൂന്യമായതുമായ ടോയ്‌ലറ്റുകളുടെ കൃത്യമായ എണ്ണം വിലയിരുത്തുന്നതിന്, പാൻ-ഇന്ത്യ തലത്തിലുള്ള സോഷ്യൽ ഓഡിറ്റ് ആവശ്യമാണ്. എങ്കിലും സ്വച്ഛ് ഭാരത് നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു.

  സ്വച്ഛ് 1.0 യുടെ വിജയത്തിനു ശേഷം, നഗരങ്ങളെ മാലിന്യമുക്തമാക്കാനുള്ള സ്വച്ഛ് 2.0 നടപ്പിലാക്കുന്നതിന് മോദി മുൻകൈയെടുത്തു. സ്വച്ഛ് 2.0 ന് 50 ശതമാനം വിജയമെങ്കിലും നേടാനായാൽ അത് ഇന്ത്യൻ ന​ഗരങ്ങളുടെ രൂപം തന്നെ മാറ്റിമറിക്കും. എന്നാൽ റോഡുകളിലേക്ക് മാലിന്യം തള്ളാനുള്ള നമ്മുടെ പ്രവണത കണക്കിലെടുക്കുമ്പോൾ, ഈ ദൗത്യം ഫലം കാണുന്നതിന് ധാരാളം സമയവും പരിശ്രമവും എടുക്കും.

  ​ഗതി ശക്തി

  2021 ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടത്തിയ 88 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിനിടെ പ്രഖ്യാപിച്ച 'ഗതി ശക്തി' അടിസ്ഥാന സൗകര്യങ്ങളോടുള്ള മോദിയുടെ ഏറ്റവും ധീരവും സമഗ്രവുമായ സമീപനമാണ് വ്യക്തമാക്കുന്നത്.

  100 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് ഗതി ശക്തി. ആറ് വർഷത്തിനുള്ളിൽ കൂട്ടായ സമീപനത്തിലൂടെ മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ ബജറ്റിൽ പ​ദ്ധതിക്കായി 20,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റോഡുകൾ, റെയിൽവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ബഹുജന ഗതാഗതം, ജലപാതകൾ, ലോജിസ്റ്റിക്‌സ് എന്നിങ്ങനെ ഏഴ് മേഖലകളുമായി ബന്ധപ്പെട്ടതാണ് ഗതി ശക്തി. ഇത് ആദ്യ ദിവസങ്ങളാണ്, കർമോത്സുകത നഷ്ടമാകാതെയും പാതിയിൽ നിലക്കാതെയും പദ്ധതി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്.

  ഇനി, ഈ എട്ട് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങളും പോരായ്മകളും എന്തൊക്കെയാണെന്ന് നോക്കാം

  എട്ട് ഹിറ്റുകൾ

  ആദ്യം, ഏറ്റവും മാതൃകാപരമായ ഒരു നേട്ടം നോക്കാം. അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായുള്ള ബജറ്റ് 2015 സാമ്പത്തിക വർഷത്തിലെ 1.81 ലക്ഷം കോടി രൂപയിൽ നിന്ന് നടപ്പു സാമ്പത്തിക വർഷത്തിൽ 7.5 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 35 ശതമാനം വർധനവാണിത്. 2022 സാമ്പത്തിക വർഷത്തിൽ 15.9 ശതമാനം, 2021സാമ്പത്തിക വർഷത്തിൽ 13.54 ശതമാനം, 2020 -ൽ 12.58 ശതമാനം, എന്നിങ്ങനെയാണ് വിഹിതം.

  രണ്ടാമത്തെ നേട്ടം, അധികാരമേറ്റെടുക്കുമ്പോൾ കെട്ടിക്കിടന്ന പദ്ധതികൾക്കും മോദി പരിഹാരമുണ്ടാക്കി എന്നതാണ്. അത്തരം പദ്ധതികൾ അദ്ദേഹം വേ​ഗത്തിൽ നടപ്പിലാക്കി.

  മൂന്നാമതായി പറയാനുള്ളത്, വടക്കുകിഴക്കൻ മേഖലകളുടെ ഐക്യമാണ്. 1990-കളിൽ, പ്രശസ്ത ഗതാഗത സാമ്പത്തിക വിദഗ്ധൻ എം.ക്യു. ദാൽവി (M.Q. Dalvi) വടക്കുകിഴക്കൻ മേഖലയിൽ വൻതോതിലുള്ള റെയിൽ വികസനം നടപ്പിലാക്കുന്നതിനുള്ള ബ്ലൂപ്രിന്റ് സൃഷ്ടിച്ചു. റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, റെയിൽവേ, വ്യോമ ​ഗതാ​ഗതം തുടങ്ങിയവ മേഖലകളിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ വടക്കുകിഴക്കൻ മേഖലയെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് മോദിയാണ്. താമസിയാതെ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ എല്ലാ തലസ്ഥാനങ്ങളും റെയിൽ ഭൂപടത്തിൽ ഇടം നേടും.

  നാലാമത്, അതിർത്തിമേഖലയിലെ അടിസ്ഥാന സൗകര്യ വികസനമാണ്. ഈ മേഖലയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കി. 2008-2014 കാലഘട്ടത്തിൽ ഈ മേഖലയിൽ ഒരൊറ്റ തുരങ്കമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ ആറ് തുരങ്കങ്ങൾ നിർമിച്ചു (രണ്ട് ഡസൻ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്). പാലങ്ങളുടെ എണ്ണം ഇരട്ടിയായി. 2008-2014 കാലഘട്ടത്തിൽ 3,610 കി.മീ റോഡ് ആണ് നിർമിച്ചതെങ്കിൽ 2014-2020 ൽ കാലഘട്ടത്തിൽ 4,764 കി.മീഅതിവേഗ റോഡ് നിർമിച്ചു.

  അഞ്ചാമതായി, വൈദ്യുതിയാണ്. പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങിയിരുന്ന ഗ്രാമീണ വൈദ്യുത പദ്ധതി മോ​ദി റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി. അഞ്ച് വർഷത്തിനുള്ളിൽ, സൗരോർജ്ജവും കാറ്റും ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകൾ ഇരട്ടിയാക്കുകയും 2022 ഡിസംബറോടെ 175 ജിഗാവാട്ട് എന്ന ലക്ഷ്യത്തിലേക്കെത്തുകയും ചെയ്തു. ഫോസിൽ ഇതര ഊർജ്ജ ശേഷി 158 ജിഗാവാട്ട് ആണ്. ഇത് മൊത്തം വൈദ്യുതി ശേഷിയുടെ 40 ശതമാനമാണ്.

  ആറാമത്തെ ഹിറ്റ് സ്ട്രിംഗ് ഹൈവേകളും എക്സ്പ്രസ് വേകളും ആണ്. യുപിഎ കാലത്ത് പ്രതിദിനം 8 മുതൽ 12 കിലോമീറ്റർ വരെ ആയിരുന്ന എക്സ്പ്രസ് ഹൈവം നിർമാണം മോദി ഭരണകാലത്ത് 37 മുതൽ 38 കിലോമീറ്റർ വരെ ആയി വർധിച്ചു.

  ഏഴാമത്തേത് മെട്രോ റെയിൽ ആണ്. 2014-ൽ, ഡൽഹി-എൻസിആർ മേഖലയിൽ 200 കിലോമീറ്റർ മെട്രോ റെയിൽ നിർമ്മിച്ചത് വലിയ നേട്ടമാണ്. ഇന്ന് അതിൽ നിന്നെല്ലാം ഏറെ മുന്നോട്ടു പോയിരിക്കുന്നു. 20 നഗരങ്ങളിലായി പ്രവർത്തനക്ഷമമായ മെട്രോ റെയിലുകളുടെ നീളം 800 കിലോമീറ്റർ പിന്നിട്ടു. 900 കിലോമീറ്റർ പൂർത്തീകരണ ഘട്ടത്തിലും 1000 കിലോമീറ്റർ ആസൂത്രണ ഘട്ടത്തിലുമാണ്.. 2031 ഓടെ ഇന്ത്യയിൽ 50 നഗരങ്ങളിൽ മെട്രോ റെയിൽ സ്ഥാപിക്കുമെന്ന മോദിയുടെ കാഴ്ചപ്പാട് അപ്രാപ്യമല്ല.

  എട്ടാമത്തേത് ഡിജിറ്റൽ രം​ഗത്തുണ്ടായ വളർച്ചയാണ്. 2019-ൽ, മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച Digital India: Technology to transform a connected nation എന്ന ലേഖനത്തിൽ ഡിജിറ്റൽ ഉപഭോക്താക്കൾക്കായി ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ വിപണിയാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഡിജിറ്റൽ മേഖല മെച്ചപ്പെടുകയും കണക്റ്റിവിറ്റി എല്ലായിടത്തും എത്തുകയും ചെയ്യുന്നതോടെ, സാങ്കേതികവിദ്യ എല്ലാ മേഖലകളെയും സമൂലമായി മാറ്റുകയും സാമ്പത്തിക ഉയർച്ച സൃഷ്ടിക്കുകയും ചെയ്യും. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ വൻതോതിലുള്ള നിക്ഷേപം, മൊബൈൽ ബ്രോഡ്ബാൻഡ്, ഫൈബർ-ഒപ്റ്റിക് കണക്റ്റിവിറ്റി, കുറഞ്ഞ വിലയുള്ള സ്‌മാർട്ട്‌ഫോണുകൾ തുടങ്ങിയവെയെല്ലാം സാധ്യമാക്കി മക്കിൻസിയുടെ പ്രവചനത്തെ ഇന്ത്യ ശരിവെച്ചു. ഇത് സാങ്കേതിക രം​ഗത്തേക്കുള്ള പുതിയ ഒരു തരംഗത്തിനു തന്നെ തുടക്കമിട്ടു.

  8 പോരായ്മകൾ

  ഒന്നാമത്തേത് ഇന്ത്യൻ റെയിൽവേ ആണ്. നേരത്തേ തന്നെ അത് വളരെ ​തകർന്ന അവസ്ഥയിലായിരുന്നു. ഇപ്പോൾ സ്ഥിതി കൂടുതൽ ​ഗുരുതരമായി. പദ്ധതികളൊന്നും വേണ്ട വിധം നടപ്പിലാക്കപ്പെടുന്നില്ല. പ്രധാനപ്പെട്ട, ഘടനാപരമായ പരിഷ്കാരങ്ങൾ പോലും നടക്കുന്നില്ല.

  രണ്ടാമത്തേത്, 2022-ഓടെ എല്ലാവർക്കും പാർപ്പിടം എന്ന പദ്ധതിയാണ്. പദ്ധതി അതിമോഹമെന്ന് തോന്നിയേക്കാം. അതിന് തീർച്ചയായും പോരായ്മകളും ഉണ്ടാകും. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം വേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് നല്ലതു തന്നെയാണ്. എങ്കിലും പ്രധാന മന്ത്രി ആവാസ് യോജനക്ക് വേഗത്തിലുള്ള ട്രാക്കിംഗ് ആവശ്യമാണ്.

  മൂന്നാമത്തെ പോരായ്മ, സ്‌മാർട്ട് സിറ്റി മിഷൻ ഇതുവരെ സ്‌മാർട്ടാണെന്ന് തെളിയിച്ചിട്ടില്ല എന്നതാണ്. തിരഞ്ഞെടുത്ത 100 നഗരങ്ങളിൽ (ബ്രൗൺഫീൽഡും ഗ്രീൻഫീൽഡും) ദൗത്യം പിന്നിലാണ്.

  നാലാമത്തേത് നഗരങ്ങളിലൂടെയുള്ള യാത്ര ആണ്. ഡൽഹി ഒഴികെ മറ്റു ന​ഗരങ്ങളിലെ മെട്രോ റെയിലിൽ യാത്രക്കാരുടെ എണ്ണം കുറവാണ്. ഇവിടങ്ങളിൽ വേണ്ടത്ര ബസുകൾ ഇല്ലാത്തത് സഞ്ചാരം ബുദ്ധിമുട്ടാക്കുന്നു. നഗരത്തിലെ റോഡുകളിൽ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ഇടമില്ല. മൾട്ടി-മോഡൽ ഇന്റഗ്രേഷന്റെ അഭാവമാണ് ഇന്ത്യൻ നഗരങ്ങളിലെ നിരത്തുകളിൽ സ്വകാര്യ കാർ ഉപയോഗം കൂടാൻ കാരണം.

  അഞ്ചാമത്തേത് ജലക്ഷാമം ആണ്. മോദി സർക്കാർ 9.5 കോടി പാവപ്പെട്ട കുടുംബങ്ങൾക്കായി 'ഹർ ഘർ, നാൽ സേ ജൽ' എന്ന പേരിൽ ഒരു പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ പോലും 24 മണിക്കൂറും ജലലഭ്യത ഉറപ്പാക്കുക എന്നത് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു. ഭൂഗർഭ ജലനിരപ്പ് കുറഞ്ഞു. കുടിവെള്ളം കുടിക്കാൻ യോഗ്യമല്ല.

  ആറ്, ദേശീയ പൈപ്പ്‍ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. 6,835 പദ്ധതികളിൽ നിന്ന് 9,335 ആയി ഇത് വർദ്ധിച്ചു. എന്നാൽ പദ്ധതി പൂർണമായി ന‍ടപ്പിലാക്കാൻ 108 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്. അതിനുള്ള സാമ്പത്തികം രാജ്യത്തിനില്ല. പ​ദ്ധതിയുടെ നടത്തിപ്പിന് 18 മുതൽ 20 ശതമാനം വരെ കേന്ദ്രവും 24 മുതൽ 26 ശതമാനം വരെ സംസ്ഥാനങ്ങളും ബാക്കി തുക സ്വകാര്യമേഖലയും നൽകണം. ധനസഹായത്തിന്റെ അഭാവം ഒരു വെല്ലുവിളിയായി തുടരുകയാണ്.

  അടുത്ത രണ്ട് പോരായ്മകൾ നഗരങ്ങളുമായി ബന്ധപ്പെട്ടതു തന്നെയാണ്. ഇന്ത്യൻ നഗരങ്ങളിലെ ജനസംഖ്യ ഉടൻ തന്നെ 600 മില്യൺ കടക്കും. സ്വച്ഛ് 2.0, അമൃത് എന്നീ പദ്ധതികൾ നടപ്പിലാക്കിയിട്ടും, ഡൽഹിയോ ചെന്നൈയോ മുംബൈയോ ബെംഗളൂരുവോ അല്ലെങ്കിൽ ഹൈദരാബാദോ കൊൽക്കത്തയോ അങ്ങനെ ഒരു ന​ഗരം പോലും ഇക്കാര്യത്തിൽ മാതൃക കാണിച്ചിട്ടില്ല. ഖരമാലിന്യവും ദുർഗന്ധം വമിക്കുന്ന മലിനജലവും നിറഞ്ഞ പ്രദേശങ്ങളാണ് ഇവ. മോദി ചുക്കാൻ പിടിച്ചാൽ തന്നെയും നഗരങ്ങളുടെ പുനരുജ്ജീവനത്തിന് കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്.

  വെല്ലുവിളികൾ

  ഞാൻ കണ്ടെത്തിയ വെല്ലുവിളികളുടെ ലിസ്റ്റ് ഇതാ: പദ്ധതികൾക്ക് മതിയായ ധനസഹായം കണ്ടെത്തുന്നത്, കൃത്യസമയത്ത് നടപ്പിലാക്കുന്നത്, അസാധുവാക്കുന്നതും ആവശ്യമില്ലാത്തതുമായ പദ്ധതികൾ, ജനങ്ങളുടെ യാത്രയും ചരക്ക് ഗതാഗതത്തിന്റെ നീക്കവും പരിഹരിക്കുന്നത്, , വൈദ്യുതി വിതരണം ഉറപ്പാക്കുന്നത്, അഴിമതി പരിശോധിക്കുന്നത്.

  സുതാര്യതയുടെ കാര്യത്തിൽ മോദിയുടെ ഇന്ത്യ എപ്പോഴും 85-ാം സ്ഥാനത്തു തന്നെ തുടരില്ല എന്നാണ് എന്റെ വിശ്വാസം.

  അമൃത കാലത്തിലേക്ക് (Amrit Kaal) ചുവടു വെച്ച്, കഴിഞ്ഞ 75 വർഷങ്ങളിൽ രാജ്യം കടന്നു പോയതും രാജ്യത്ത് വരാനിരിക്കുന്നതുമായ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാൻ സമയമായിരിക്കുന്നു.

  (കൺസൾട്ടിംഗ് സ്ഥാപനമായ BARSYL-ലെ നഗര ഗതാഗതവുമായി ബന്ധപ്പെട്ട ഇൻഫ്രാസ്ട്രക്ചർ വിദഗ്ധനും ഉപദേശകസംഘത്തിന്റെ പ്രസിഡന്റുമാണ് അഖിലേശ്വർ സഹായ്. ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വീക്ഷണങ്ങൾ എഴുത്തുകാരന്റേതാണ്. ഈ പ്രസിദ്ധീകരണത്തിന്റെയോ, ലേഖകൻ പ്രവർത്തിക്കുന്ന കമ്പനിയുടെ നിലപാടിനെയോ ഈ അഭിപ്രായങ്ങൾ പ്രതിനിധീകരിക്കുന്നില്ല)
  Published by:user_57
  First published: