HOME » NEWS » India »

വക്കീലെങ്കിൽ കോടതിയും കണ്ണടയ്ക്കും

News18 Malayalam | news18
Updated: November 6, 2019, 8:34 PM IST
വക്കീലെങ്കിൽ കോടതിയും കണ്ണടയ്ക്കും
ഡൽഹി സാകേത് കോടതി
  • News18
  • Last Updated: November 6, 2019, 8:34 PM IST
  • Share this:
ഡൽഹിയിൽ തുടരുന്ന അഭിഭാഷക പൊലീസ് തർക്കത്തിൽ ഡൽഹി ഹൈക്കോടതിയുടെ നിലപാടിനെതിരെ രോഷം പുകയുകയാണ്, പൊലീസുകാർക്കിടയില്‍ മാത്രമല്ല സാധാരണക്കാർക്കിടയിലും. അതുകൊണ്ടാണ് അവർ അഭിഭാഷകർ പൂട്ടിയ കോടതിയുടെ ഗേറ്റ് താഴ് പൊട്ടിച്ച് തള്ളിക്കയറാൻ ശ്രമിച്ചത്. ഒരു പൊലീസുകാരൻ പോലും ആ പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ല. അഭിഭാഷകരുടെ സമരം അവർ ബഹിഷ്കരിച്ചിരിക്കുകയാണ്. ആ സമരത്തിന് സംരക്ഷണം നൽകാൻ അവർ തയ്യാറല്ല. അത് നടുറോഡിലിട്ട് തല്ലി ചതച്ചതിലുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ട് മാത്രമല്ല ഇനിയും അങ്ങനെയുണ്ടാകില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ടു കൂടിയാണ്. നാളിതു വരെയുണ്ടാകാത്ത ഒരു സമരവും ഡൽഹി പൊലീസ് നടത്തി. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ 11 മണിക്കൂറോളം പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് കോടതികളുടെ ഗേറ്റുകൾ പൂട്ടി അഭിഭാഷകർ പ്രതിഷേധിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഈ പോരിൽ ഡൽഹി ഹൈക്കോടതി സ്വീകരിച്ച നടപടിയാണ് അതിലും വിചിത്രം. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ നടുറോഡിൽ കൈയ്യേറ്റം ചെയ്ത അഭിഭാഷകർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ഉത്തരവിട്ടു. നടപടി സ്വീകരിക്കാൻ പൊലീസിന് അധികാരമില്ല. ഒപ്പം അക്രമാസക്തരായ അഭിഭാഷകരെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടി വയ്ക്കുകയും ലാത്തി വീശുകയും ചെയ്തതിന് പൊലീസുകാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കേണ്ടതില്ലെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു.

ഇത് എന്ത് നീതി

അക്രമം നടത്തിയത് പൊലീസോ അതോ അഭിഭാഷകരോ. ആരായാലും നടപടി വേണം. രാജ്യത്തെ ക്രിമിനൽ ചട്ടം നിർദ്ദേശിക്കുന്നത് അതാണ്. ഡൽഹിയിൽ നടന്ന ചട്ടലംഘനത്തിന്‍റെ ഒരു ഭാഗത്ത് ചട്ടം ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടവർ മറുഭാഗത്ത് ചട്ടലംഘനം നടന്നാൽ അതിന് ശിക്ഷ ഉറപ്പാക്കേണ്ടവർ. ഈ രണ്ട് കൂട്ടരും നിയമം കൈയ്യിലെടുത്തപ്പോൾ കോടതി പക്ഷം പിടിച്ചുവെന്നാണ് ആക്ഷേപമുയരുന്നത്. കോടതി സ്വജനപക്ഷപാദം കാട്ടിയെന്നാണ് ആരോപണം. ആരോപണങ്ങളും ആക്ഷേപങ്ങളും എന്തായാലും ഡൽഹിയിലെ പ്രതിസന്ധിക്ക് പൊലീസുകാർ മാത്രം കുറ്റക്കാരായത് എങ്ങനെയാണ്. അഭിഭാഷകർക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചത് എന്തിനാണ്. അന്വേഷിച്ച് കുറ്റക്കാരെങ്കിൽ നടപടി സ്വീകരിക്കുകയല്ലേ വേണ്ടത്.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസം

സർക്കാർ ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്തിയാൽ എടുത്ത് പ്രയോഗിക്കാൻ ഒരു വകുപ്പുണ്ട്. കുറഞ്ഞത് മൂന്നുമാസം ജയിൽ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് - ഐപിസി സെക്ഷൻ 186. പൊലീസ് സ്റ്റേഷനിലേക്ക് കടന്നുകയറി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ ഒരു സംഘം അഭിഭാഷകർ തല്ലി ചതയ്ക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ ലക്ഷങ്ങൾ കണ്ടു. യൂണിഫോമിൽ ബൈക്കിൽ സഞ്ചരിക്കുന്ന പൊലീസുകാരനെ തടഞ്ഞു നിർത്തി തല്ലുന്ന ദൃശ്യങ്ങളും വൈറലാണ്. ഈ അഭിഭാഷകർക്കെതിരെയാണ് നിയമനടപടി സ്വീകരിക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടത്. ഏതു നിയമത്തിന്‍റെ അടിസ്ഥാനത്തിലാണിത്. അതോ നിയമം കൈകാര്യം ചെയ്യുന്ന അഭിഭാഷകർ നിയമം കൈയ്യിലെടുത്താൻ തെറ്റില്ലെന്നാണോ. ഇത് ആദ്യമായിട്ടല്ല വാഹനം പാർക്ക് ചെയ്യുന്നതിന്‍റെ പേരിൽ പൊലീസും അഭിഭാഷകരും തമ്മിൽ എറ്റുമുട്ടുന്നത്. എല്ലായ്പ്പോഴും ഫലം ഒന്നു തന്നെ. പൊലീസിന് പത്തി മടക്കും. അഭിഭാഷകർ അവരുടെ നടപടി തുടരും. റോഡിൽ വാഹനം പാർക്ക് ചെയ്യരുത് എന്നത് സുപ്രീംകോടതിയുടെ ഉത്തരവാണ്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ പല പ്രദേശങ്ങളിലും സാധാരണക്കാർക്ക് പൊലീസ് വൻപിഴ ചുമത്തുന്നുമുണ്ട്. നിർത്തിയിടുന്ന വാഹനത്തിന്‍റെ ടയർ ടാറിലാണ് നിൽക്കുന്നതെങ്കിൽ പിഴ ഈടാക്കണമെന്നാണ് നിയമം. പക്ഷേ ഡൽഹിയിലെ സകല കോടതികൾക്ക് പുറത്തും അഭിഭാഷകരുടെ വാഹനം പാർക്ക് ചെയ്യുന്നത് കാരണം വലിയ ട്രാഫിക് തടസമുണ്ടാകാറുണ്ട്. എന്നാൽ, ആരും പരാതിപെടാറില്ല. പരാതി പറഞ്ഞിട്ട് കാര്യവുമില്ല.

കോടതിയുടെ ഗേറ്റ് പൂട്ടി പൊതുജനത്തെ ആട്ടിയകറ്റി

പൊലീസിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിൽ കണ്ടത് ഇതാണ്. കോടതികളുടെ ഗേറ്റ് പൂട്ടി അഭിഭാഷകർ ഉള്ളിൽ നിന്ന് മുദ്രാവാക്യം വിളിക്കുന്നു. വ്യവഹാരങ്ങൾക്ക് എത്തിയ സാധാരണക്കാരെ വിരട്ടിയോടിക്കുന്നു. ഇത് എങ്ങനെയാണ് ന്യായീകരിക്കാനാകുക. ന്യായീകരണമില്ലെന്ന് കണ്ടപ്പോൾ ഒടുവിൽ ജനം പ്രതികരിച്ചു. പൂട്ട് തകർത്ത് പല കോടതിയിലേക്കും കടക്കാൻ പൊതുജനം ശ്രമിച്ചു. എന്നാൽ, ആ പ്രതിഷേധം അതിരു കടക്കാതെ അവർ നിയന്ത്രിച്ചു. പക്ഷേ, ഒരു പരിധിക്കപ്പുറത്ത് പൊതുജനത്തെ പരീക്ഷിക്കരുത്. എല്ലായ്പ്പോഴും അവർ ക്ഷമിക്കാൻ തയ്യാറായെന്ന് വരില്ല. ഒരു സംശയം കൂടി പങ്കു വെയ്ക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ഡൽഹി പൊലീസ്. അവർക്ക് അടികിട്ടിയാലും അവർ പ്രക്ഷോഭത്തിന് ഇറങ്ങിയാലും ഇടപെടേണ്ട കടമയുണ്ട് ആഭ്യന്തരമന്ത്രാലയത്തിന്. പൊലീസിന്‍റെ മാത്രമല്ല പൊതുജനത്തിന്‍റെ സുരക്ഷയും അവകാശവും സംരക്ഷിക്കേണ്ട ചുതമലയും ആഭ്യന്തരമന്ത്രാലയത്തിന് തന്നെ. പക്ഷേ, രാജ്യതലസ്ഥാനത്ത് തെരുവു യുദ്ധമുണ്ടായിട്ടും പൊലീസുകാരെ പിന്തുടർന്ന് അഭിഭാഷകർ ആക്രമിച്ചിട്ടും പൊലീസ് 11 മണിക്കൂർ പ്രക്ഷോഭം നടത്തിയിട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ മാത്രം പ്രതികരിച്ചില്ല. ഒരുപക്ഷേ ഇതിലും വലിയ യുദ്ധം ശിവസേനയുമായി നടത്തുന്നത് കൊണ്ടാകാം.
First published: November 6, 2019, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories