• HOME
  • »
  • NEWS
  • »
  • india
  • »
  • Unparliamentary | എംപിമാർ അൺപാ‍ർലമെന്ററി വാക്കുകൾ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും? നടപടിയുണ്ടാകുമോ?

Unparliamentary | എംപിമാർ അൺപാ‍ർലമെന്ററി വാക്കുകൾ ഉപയോ​ഗിച്ചാൽ എന്തു സംഭവിക്കും? നടപടിയുണ്ടാകുമോ?

അൺപാർലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക ഉൾപ്പെടുത്തി ഒരു ലഘുപുസ്തകവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്

  • Last Updated :
  • Share this:
    65-ഓളം വാക്കുകൾ അൺപാ‍ർലമെന്ററിയായി (unparliamentary) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ (Central government) നീക്കത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയാണ്. അഹങ്കാരി, അഴിമതിക്കാരൻ, അരാഷ്ട്രീയവാദി, ഗുണ്ടായിസം, ഖലിസ്ഥാനി, വിനാശ പുരുഷൻ തുടങ്ങിയ വാക്കുകളെല്ലാം പുതിയ ലിസ്റ്റിലുണ്ട്.

    അൺപാർലമെന്ററി വാക്കുകളുടെയും പ്രയോഗങ്ങളുടെയും പട്ടിക ഉൾപ്പെടുത്തി ഒരു ലഘുപുസ്തകവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളിലും നടക്കുന്ന ചർച്ചകളിൽ ഈ വാക്കുകൾ ഇനി മുതൽ ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഒരു പാർലമെന്റം​ഗം (Member of Parliament (MP)) ഈ നിയമം പാലിക്കാതിരിക്കുകയും സഭയിൽ അൺപാർലമെന്ററി വാക്കുകൾ ഉപയോ​ഗിക്കുകയും ചെയ്താൽ എന്തു സംഭവിക്കും? അയാൾക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള നടപടികൾ സ്വീകരിക്കുമോ? അതേക്കുറിച്ച് വിശദമായി അറിയാം.

    ഒരു എംപി പാർലമെൻ്റിൽ ഏതെങ്കിലും 'അൺപാർലമെന്ററി' വാക്ക് ഉപയോ​ഗിച്ചാൽ അയാൾക്കെതിരെ നടപടിയെടുക്കാൻ കഴിയില്ല. ''പാർലമെന്റിലോ അതിന്റെ ഏതെങ്കിലും കമ്മിറ്റിയിലോ താൻ ഉപയോ​ഗിച്ച ഏതെങ്കിലും വാക്കിനെക്കുറിച്ച് ഏതെങ്കിലും കോടതിയിലെ നടപടിക്രമങ്ങൾക്ക് വിധേയമായി ഉത്തരം പറയാൻ ഒരു പാർലമെന്റ് അംഗവും ബാധ്യസ്ഥനല്ല'', എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 105(2) ൽ വ്യക്തമായി പറയുന്നുണ്ട്. എന്നാൽ, എംപിമാർക്ക് സഭയിൽ സ്വതന്ത്രമായി എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നല്ല ഇതിനർഥം.

     Also Read- ഇനി' അഴിമതിക്കാരൻ' പാർലമെന്റിൽ ഉണ്ടാവില്ല; വിലക്ക് 65 വാക്കുകൾക്ക്

    എംപിമാർ സഭയിൽ അൺപാർലമെന്ററി വാക്കുകൾ ഉപയോഗിച്ചാൽ അവ പാർലമെന്റിന്റെ രേഖകളിൽ നിന്ന് നീക്കം ചെയ്യും. ഓരോ പാർലമെന്റ് അം​ഗവും സംസാരിക്കുന്ന വാക്കുകൾ അതാത് സഭകളിൽ രാജ്യസഭാ ചെയർമാനോ ലോക്സഭാ സ്പീക്കറോ പരിശോധിക്കും. അൺപാർലമെന്ററി വാക്കുകൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനുള്ള അവകാശവും ഇവർക്കുണ്ട്. ലോക്‌സഭയുടെയും രാജ്യസഭയുടെയും പാർലമെന്റ് രേഖകളിൽ ഈ വാക്കുകൾ ഉണ്ടാകില്ല.

    ചരിത്രം

    ഇന്ത്യയിലെ അൺപാർലമെന്ററി വാക്കുകൾ സംബന്ധിച്ച നിയമങ്ങൾക്ക് വർഷങ്ങളുടെ ചരിത്രമുണ്ട്. ബ്രിട്ടീഷ് കാലം മുതലേ രാജ്യത്ത് ഇതു സംബന്ധിച്ച നിയമങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. 1604 ൽ ഇതു സംബന്ധിച്ച ഒരു ജേണൽ പുറത്തിറക്കിയിരുന്നെന്ന് ചരിത്രകാരനായ പോൾ സ്യൂവാർഡ് പറയുന്നു.

    മറ്റു രാജ്യങ്ങളിലെ ചില അൺപാർലമെന്ററി വാക്കുകൾ

    ചില വാക്കുകളും പദപ്രയോഗങ്ങളും ബ്രിട്ടനിലെ വിവിധ നിയമസഭകളിലും കോമൺവെൽത്ത് പാർലമെന്റുകളിലും അൺപാർലമെന്ററിയായി ഇടക്ക് പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇന്ത്യയിലെ ബ്രിട്ടനിലോ മാത്രമല്ല അൺപാർലമെന്ററി വാക്കുകൾ ഉള്ളത്.

    ഓസ്‌ട്രേലിയയിൽ, നുണയൻ (liar), വിഡ്ഢി എന്നീ വാക്കുകൾ പിൻവലിക്കാനും അൺപാർലമെന്ററിയായി കണക്കാക്കാനും 1997-ലെ സെനറ്റ് സെഷനിൽ ഉത്തരവിട്ടിരുന്നു.

    ന്യൂസിലാൻഡിൽ, കമ്മോ ((commo) (കമ്മ്യൂണിസ്റ്റിനെ സൂചിപ്പിക്കാൻ ഉപയോ​ഗിക്കുന്ന പദം)) എന്ന വാക്ക് അൺപാർലമെന്ററി ആയാണ് കണക്കാക്കുന്നത്.

    കാനഡയിലുമുണ്ട് അൺ പാർലമെന്ററി വാക്കുകളുടെ നീണ്ട ലിസ്റ്റ്. ദുഷ്ട പ്രതിഭ (evil genius), കനേഡിയൻ മുസോളിനി (Canadian Mussolini), രോഗി (sick animal), ആഡംബര കഴുത (pompous ass) എന്നീ വാക്കുകളെല്ലാം രാജ്യത്ത് അൺപാർലമെന്ററിയായാണ് കണക്കാക്കപ്പെടുന്നത്.
    Published by:Arun krishna
    First published: