ബംഗളുരൂ: കര്‍ണ്ണാടയിലെ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയത് ചെവിയില്‍ പൂവ് വെച്ച്. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് ചെവിയില്‍ പൂവ് തിരുക്കി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബജറ്റ് സമ്മേളനത്തിനെത്തിയത്. ”കിവി മേലെ ഹൂവ്- (Kivi Mele Hoovu)” (ചെവിയില്‍ പൂവ്) എന്നാണ് ഈ ക്യാംപെയ്നിന്റെ പേര്.
സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും കഴിഞ്ഞ ബജറ്റില്‍ പറഞ്ഞ ഒരു വാഗ്ദാനം പോലും അവര്‍ നിറവേറ്റിയിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. 2018ല്‍ ബിജെപി അവതരിപ്പിച്ച പ്രകടന പത്രികയിലെ ഒരു നിര്‍ദ്ദേശവും ഇതുവരെ സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അതേമയം കര്‍ഷകര്‍ക്ക് എടുക്കാന്‍ കഴിയുന്ന പലിശ രഹിത ചെറുകിട വായ്പ പരിധി ഉയര്‍ത്തിയതായി കര്‍ണ്ണാടക മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ ബജറ്റ് അവതരണത്തില്‍ അറിയിച്ചിരുന്നു. 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി തുക ഉയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു.” ഈ വര്‍ഷം ഏകദേശം 30 ലക്ഷം കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി 25000 കോടി രൂപ അനുവദിച്ചിട്ടുണ്ട്”, ബൊമ്മൈ പറഞ്ഞു.
കര്‍ഷകര്‍ക്ക് ആവശ്യമായി വിത്തുകളും കീടനാശിനികളും വാങ്ങാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡ്. ഭോ സിരി എന്ന പുതിയ പദ്ധതി പ്രകാരം 2023-24 വര്‍ഷത്തില്‍ 10000 രൂപ അധിക സബ്സിഡി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 2500 രൂപയും നബാര്‍ഡ് 7500 രൂപയും ഇതിനായി നല്‍കും. ഏകദേശം 50 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ബിജെപി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ഇക്കഴിഞ്ഞ ദിവസം ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചത്. ഏപ്രില്‍-മെയ് മാസത്തിലാണ് കര്‍ണ്ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
അതേസമയം ഭൂരഹിതരായ സ്ത്രീകള്‍ക്കായുള്ള പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭൂമിയില്ലാത്ത സ്ത്രീകള്‍ക്ക് മാസം 500 രൂപ നല്കുന്ന ശര്‍മ്മ ശക്തി പദ്ധതിയാണ് ബൊമ്മൈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കൂടാതെ വിദ്യാഭ്യാസമേഖലയ്ക്കായും ചില പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സിഎം വിദ്യാശക്തി യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ ഡിഗ്രി കോളേജുകള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം സൗജന്യമായിരിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഏകദേശം എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതി ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.