• HOME
  • »
  • NEWS
  • »
  • india
  • »
  • അൽജാമിയ തുസ് സൈഫിയ അറബിക് അക്കാദമി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ക്യാംപസിന്റെ പ്രത്യേകതകൾ

അൽജാമിയ തുസ് സൈഫിയ അറബിക് അക്കാദമി; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ക്യാംപസിന്റെ പ്രത്യേകതകൾ

അന്ധേരിയിലെ മരോളില്‍ 850000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ക്യാംപസ് സജ്ജീകരിച്ചിരിക്കുന്നത്.

  • Share this:

    മുംബൈ: മുംബൈയിലെ അൽജാമിയ തുസ് സൈഫിയ എന്ന അറബിക് അക്കാദമിയുടെ പുതിയ ക്യാംപസ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം  ഉദ്ഘാടനം ചെയ്തിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ അല്‍ജാമിയയുടെ പുതിയ ക്യാംപസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം അധികൃതര്‍ പറഞ്ഞു. ഇസ്ലാമിക് കലണ്ടറിലെ ശവ്വാല്‍ മാസത്തിലാകും സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുക.

    ഷിയാ വിഭാഗമായ ദാവൂദി ബോറ വിഭാഗക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്ന ഒരു അക്കാദമിക് സ്ഥാപനമാണ് ജാമിയ തുസ് സൈഫിയ. മതപരവും ആത്മീയവുമായ കാര്യങ്ങളാണ് ഇവിടെ പഠിപ്പിക്കുന്നത്. അതോടൊപ്പം അന്തര്‍ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ രീതിയാണ് ഇവിടുത്തെ പ്രത്യേകത.

    അന്ധേരിയിലെ മരോളില്‍ 850000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ ക്യാംപസ് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്യാംപസാണ് ഇത്. 1810ലാണ് ദാവൂദി ബോറ വിഭാഗക്കാരുടെ ആദ്യത്തെ അക്കാദമി സ്ഥാപിച്ചത്. ബോറ ജനസംഖ്യ കൂടുതലുള്ള ഗുജറാത്തിലെ സൂററ്റ് നഗരത്തിലാണ് ആദ്യ ക്യാംപസ് സ്ഥാപിച്ചിരിക്കുന്നത്.

    വിവിധയിനം മാര്‍ബിളുകള്‍ കൊണ്ട് നിര്‍മ്മിച്ച മുംബൈയിലെ ക്യാംപസ് ഏവരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ഇടനാഴികളും , ഓഡിറ്റോറിയങ്ങളും, ക്യാംപസിലുണ്ട്.

    ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി പ്രത്യേകം ഹോസ്റ്റല്‍ സൗകര്യവും ക്യാംപസിനോടൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധ്യാപകര്‍ക്കുള്ള താമസസൗകര്യവും ഇതോടൊപ്പമുണ്ട്. വലിയ ക്ലാസ്സ് റൂമുകള്‍, ലൈബ്രറി സംവിധാനം, പ്രാര്‍ത്ഥനാ മുറികള്‍, ഖുറാന്‍ പഠിപ്പിക്കുന്നതിനായി പ്രത്യേകം ഒരു കെട്ടിടം എന്നിവയും ക്യാംപസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

    Also Read-‘വന്നത് പ്രധാനമന്ത്രിയായല്ല, കുടുംബാംഗമായി’: അൽജാമിയ തുസ് സൈഫിയ അറബിക് അക്കാദമി ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

    ലോകത്തിലെ തന്നെ ജാമിയയുടെ നാലാമത്തെ ക്യാംപസാണ് ഇത്. സൂററ്റ്(1810), കറാച്ചി(1983), നെയ്‌റോബി(2017) എന്നിവയാണ് ആദ്യം സ്ഥാപിച്ച മറ്റ് മൂന്ന് ക്യാംപസുകള്‍.

    ക്യാംപസിന്റെ പ്രധാന ലക്ഷ്യം

    ദാവൂദി ബോറ സമൂഹത്തെ സാംസ്‌കാരികവും സാഹത്യപരവുമായ കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണ് ഈ ക്യാംപസിന്റെ പ്രധാന ലക്ഷ്യം. പരമ്പരാഗത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 12 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് ജാമിയയിലേക്ക് പ്രവേശനം നല്‍കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാംപസില്‍ അഡ്മിഷന്‍ നല്‍കുന്നത്.

    ഖുറാന്‍, ഇംഗ്ലീഷ് , ഗണിതശാസ്ത്രം, ശാസ്ത്രവിഷയങ്ങൾ, മതപരമായ അറിവ്, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങള്‍ പ്രവേശന പരീക്ഷയിലുണ്ടാകും. 11 വര്‍ഷം നീണ്ടുനില്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണിത്.

    സെക്കൻഡറി തലം മുതല്‍ ബിരുദ തലം വരെയും, ബിരുദാനന്തര ബിരുദം വരെയുമുള്ള വിദ്യാഭ്യാസം ഇവിടെ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നതാണ്.

    ഇവിടുത്തെ വിദ്യാഭ്യാസ രീതിയെപ്പറ്റിയും ക്യാംപസ് അധികൃതര്‍ വിശദീകരിച്ചു. മതപരമായ അറിവുകളും ലൗകികമായി അറിവുകളും ഒരേ രീതിയില്‍ ആണ് ഈ ക്യാംപസിനുള്ളില്‍ പഠിപ്പിക്കുന്നത്. ലൗകികമായി അറിവ് വിശ്വാസത്തിന്റെയും പഠന പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഇതനുസരിച്ചുള്ള പഠനമാണ് ജാമിയയില്‍ പിന്തുടരുന്നതെന്നാണ് ഇവിടുത്തെ അധ്യാപകര്‍ പറയുന്നു.

    Published by:Arun krishna
    First published: