ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസമാണ് സിബിഐ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വേട്ടയുടെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റ് എന്ന് ആരോപിച്ച് പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന എക്‌സൈസ് നയത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. എന്നാല്‍ ഈ ആരോപണങ്ങള്‍ ആംആദ്മി പാര്‍ട്ടി നിഷേധിച്ചിരുന്നു.
എന്നാല്‍ മനീഷ് സിസോദിയയെ കസ്റ്റഡിയില്‍ വയ്ക്കാനും ചോദ്യം ചെയ്യുന്നതിനും മതിയായ തെളിവുകളും കാരണങ്ങളും ഉണ്ടെന്നാണ് സിബിഐ വാദം. തെളിവ് നശിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, സംസ്ഥാനത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുക എന്നീ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്നാണ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
കാണാതായ ചില ഫയലുകള്‍
പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, പോളിസിയുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ എന്നിവയെക്കുറിച്ച് വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്ന്സിബിഐ പറയുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സിസോദിയയുടെ മറുപടി ‘തനിക്ക് അറിയില്ല’ എന്ന് മാത്രമാണ് എന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവുകള്‍ നിരത്തിയപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറിയെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Also read-മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ CBI അറസ്റ്റിൽ
അതേസമയം എക്‌സൈസ് നയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം ലഭിച്ചത് എക്‌സൈസ് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയയില്‍ നിന്നുമാണെന്നാണ് അദ്ദേഹത്തിന്റെ മുന്‍ സെക്രട്ടറിയും എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും സിബിഐയോട് വ്യക്തമാക്കിയത്.
കാണാതായ ഫോണുകള്‍
എക്‌സൈസ് നയത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം ലഭിച്ചത് വാട്‌സ് ആപ്പ് വഴിയായിരുന്നുവെന്നും ആ നമ്പറുകള്‍ സിസോദിയയുടെ തന്നെയായിരുന്നുവെന്നുമാണ് എക്‌സൈസ് വകുപ്പിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥന്‍ സിബിഐയെ അറിയിച്ചത്.ന്യൂസ് 18ന് ലഭിച്ച വിവരമനുസരിച്ച് 2022 ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിൽ സിസോദിയ 18 മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും 4 സിംകാര്‍ഡുകളും ഉപയോഗിച്ചിരുന്നു.
2022 ആഗസ്റ്റ് 19നാണ് സിബിഐ മനീഷ് സിസോദിയയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേ ദിവസം ഒരു സിം കാര്‍ഡ് സിസോദിയ മൂന്ന് ഫോണുകളിൽ ഉപയോഗിച്ചിരുന്നുവെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ആഗസ്റ്റ് 20ന് ഒരു സിം കാര്‍ഡ് മൂന്ന് ഫോണുകളിലായി അദ്ദേഹം ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്.
മറ്റൊരു ഫോണ്‍ നമ്പറിനായി എഴ് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളാണ് സിസോദിയ ഉപയോഗിച്ചത്. ഏകദേശം രണ്ട് മാസത്തേക്കായിരുന്നു ഇത്. ഒറ്റദിവസം, ഒരേ സിം കാര്‍ഡ് രണ്ട് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലിട്ട് ഇദ്ദേഹം ഉപയോഗിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റുകളൊന്നും തന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. എല്ലാ ഹാന്‍സ്സെറ്റുകളും ഒന്നുകില്‍ കാണാതാവുകയോ അല്ലെങ്കില്‍ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കാം. ഇത് അന്വേഷണ ഏജന്‍സിയെ ആകെ കുഴക്കിയിരിക്കുകയാണ്. ഇവയെപ്പറ്റി സിസോദിയയോട് ചോദിച്ചെങ്കിലും തൃപ്തകരമായ ഒരു മറുപടി ലഭിച്ചില്ലെന്ന് സിബിഐ ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പറഞ്ഞു.
അടുത്ത കൂട്ടാളി
സിസോദിയയുടെ അടുത്ത കൂട്ടാളിയെന്ന് എഫ്‌ഐആറില്‍ സിബിഐ വിശേഷിപ്പിച്ചയാളാണ് ദിനേഷ് അറോറ. സിസോദിയയില്‍ നിന്ന് ലഭിച്ച എക്‌സൈസ് നയത്തിലെ മാറ്റങ്ങള്‍ സംബന്ധിച്ച അനൗദ്യോഗിക നിര്‍ദ്ദേശങ്ങള്‍ സ്ഥിരീകരിച്ചത് അറോറയാണെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ നിഗമനം. പുതിയ എക്‌സൈസ് നയത്തില്‍, മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിച്ചതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
സിസോദിയയുടെ വാദം
അതേസമയം തനിക്ക് എതിരെ ഉയരുന്നത് വ്യാജ ആരോപണങ്ങള്‍ ആണെന്നും ഇവയെല്ലാം കോടതിയില്‍ തെളിയിക്കപ്പെടുമെന്നുമാണ് അറസ്റ്റിന് മുമ്പ് സിസോദിയ പറഞ്ഞത്.ഈ വിവരങ്ങള്‍ മുന്‍നിര്‍ത്തി സിസോദിയ എഴുതിയ കത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
”ഇവര്‍ എന്നെ ഇന്ന് ചിലപ്പോള്‍ അറസ്റ്റ് ചെയ്യും. എനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഉയരുന്നത്. ഇതെല്ലാം കോടതിയില്‍ തെളിയിക്കപ്പെടും. എന്നാല്‍ അതിന് കുറച്ച് സമയമെടുക്കും. കുറച്ച് നാള്‍ ഞാന്‍ ചിലപ്പോള്‍ ജയിലില്‍ കഴിയേണ്ടി വന്നേക്കാം. എന്നാല്‍ അതൊന്നും ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നില്ല,’ എന്നാണ് സിസോദിയ കത്തില്‍ പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.