• HOME
 • »
 • NEWS
 • »
 • india
 • »
 • Assembly Elections Result | മൂന്നു വർഷം കൊണ്ട് ഭരണം എങ്ങനെ നഷ്ടപ്പെടുത്താം? പഞ്ചാബിൽ നിന്നൊരു പാഠം

Assembly Elections Result | മൂന്നു വർഷം കൊണ്ട് ഭരണം എങ്ങനെ നഷ്ടപ്പെടുത്താം? പഞ്ചാബിൽ നിന്നൊരു പാഠം

പഞ്ചാബിൽ കോൺഗ്രസിന് എവിടെയാണ് അടിപതറിയത്?

 • Last Updated :
 • Share this:
  #അമൻ ശർമ്മ

  2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ (Lok Sabha Elections) രാജ്യത്ത് രണ്ടാം നരേന്ദ്ര മോദി (Narendra Modi) തരംഗത്തിന് മുന്നിൽ കോൺഗ്രസ് (Congress) ദയനീയമായി പരാജയപ്പെട്ടെങ്കിലും കോൺഗ്രസിന്റെ ഏക ആശ്വാസം പഞ്ചാബ് (Punjab) ആയിരുന്നു. പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Captain Amarinder Singh) മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തെ 13 ലോക്‌സഭാ സീറ്റുകളിൽ എട്ടെണ്ണം കോൺഗ്രസ് കൈപ്പിടിയിൽ ഒതുക്കി.

  എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ, കോൺഗ്രസിന് പഞ്ചാബ് നഷ്ടപ്പെട്ടു. മുൻനിര നേതാക്കൾ പോലും പരാജയം ഏറ്റുവാങ്ങി. അഞ്ച് മാസം മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി നീക്കപ്പെട്ട ക്യാപ്റ്റൻ തന്റെ പുതിയ പാർട്ടിയിൽ നിന്ന് മത്സരിച്ചപ്പോൾ പട്യാലയിൽ അദ്ദേഹവും പരാജയപ്പെട്ടു. കോൺഗ്രസിന്റെ ദളിത് തുറുപ്പുചീട്ടും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ചരൺജിത് സിംഗ് ചന്നി മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. സംസ്ഥാന പാർട്ടി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും പരാജയം ഏറ്റുവാങ്ങി.

  പഞ്ചാബിൽ കോൺഗ്രസിന് എവിടെയാണ് അടിപതറിയത്? 2017ൽ കോൺഗ്രസിനെ അധികാരത്തിലെത്തിച്ച അതേ നുണകൾക്കുള്ള ഉത്തരം. ഗാന്ധി സഹോദരങ്ങളുടെ തെറ്റായ ചില തീരുമാനങ്ങളും അണികളിലെ ഒരിയ്ക്കലും അവസാനിക്കാത്ത ചേരിപ്പോരും തന്നെ കാരണം.

  ക്യാപ്റ്റൻ അമരീന്ദർ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായത് ജനങ്ങൾക്ക് രണ്ട് പ്രധാന കാര്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഫരീദ്കോട്ടിലെ പോലീസ് വെടിവയ്പ്പ് കേസുകളിൽ നീതി ഉറപ്പു വരുത്തും, സംസ്ഥാനത്തെ മയക്കുമരുന്ന് ഭീഷണി പരിഹരിക്കും എന്നിവയായിരുന്നു ആ വാഗ്ദാനങ്ങൾ. സിഖുകാരുടെ വിശുദ്ധ ഗ്രന്ഥങ്ങളെ സാക്ഷിയാക്കി ഈ വിഷയങ്ങളിൽ താൻ ഇടപെടുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തു.

  എന്നാൽ 2019ന് ശേഷം ആളുകളുടെ ക്ഷമ നശിച്ചു തുടങ്ങി. പോലീസ് വെടിവെപ്പ് കേസുകളിൽ പ്രതികൾക്കെതിരെയോ മയക്കുമരുന്ന് കേസുകളിൽ അകാലിദൾ നേതാവ് ബിക്രം മജിതിയയ്‌ക്കെതിരെയോ ക്യാപ്റ്റൻ ഒരു നടപടിയും സ്വീകരിച്ചില്ല. കഴിഞ്ഞ വർഷത്തെ എസ്‌ഐടി അന്വേഷണം റദ്ദാക്കാനുള്ള ഹൈക്കോടതിയുടെ നീക്കം ക്യാപ്റ്റൻ സർക്കാരിന് കനത്ത തിരിച്ചടിയായി മാറി. സർക്കാരിന്റെ വിശ്വാസ്യത ഇല്ലാതാക്കുകയും ചെയ്തു. ഇത് മനസിലാക്കിയ കോൺഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുപ്പിന് അഞ്ച് മാസം മാത്രം ശേഷിക്കെ ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചു.

  എന്നാൽ നിലവിലെ പരാജയം വ്യക്തമാക്കുന്നത് ഇത് ഒരു വൈകിയ തീരുമാനമായി പോയി എന്നാണ്. ക്യാപ്റ്റനെ നീക്കാൻ കരുനീക്കം നടത്തിയ നവജ്യോത് സിംഗ് സിദ്ദുവിന് പകരം ഹൈക്കമാൻഡ് പാർട്ടിയിലെ താരതമ്യേന സുപരിചിതമല്ലാത്ത മുഖമായ ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ഇതും ഒരു തെറ്റായ തീരുമാനമായിരുന്നു എന്ന് വേണം കരുതാൻ. ജാതി രാഷ്ട്രീയം നിലവിലില്ലാത്ത പഞ്ചാബ് പോലൊരു സംസ്ഥാനത്ത് ചന്നി ഒരു 'ദലിത് തുറുപ്പ്ചീട്ടായി' ഉയർത്തിക്കാട്ടപ്പെട്ടു.

  സിദ്ദുവും ക്യാപ്റ്റനും തമ്മിലുള്ള ശീതസമരം അങ്ങനെ സിദ്ദുവും ചന്നിയും തമ്മിലുള്ള ശീതസമരമായി മാറി. ഇരു നേതാക്കളും പരസ്യമായി തന്നെ കൊമ്പുകോർക്കുകയും ചെയ്തു. പാർട്ടിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിദ്ദു പാർട്ടി അധ്യക്ഷ സ്ഥാനം പോലും രാജിവയ്ക്കാൻ ഒരുങ്ങി. ഒരവസരത്തിലും പാർട്ടിക്ക് ഒറ്റക്കെട്ടായി മാറാൻ കഴിഞ്ഞില്ല. കൂടാതെ സിദ്ദുവിനെ മുൻനിർത്തി ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത് ഒരു അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു.

  ഭഗവന്ത് മാനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത്. 'കൂട്ടായ നേതൃത്വത്തിന്' കീഴിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കില്ലെന്നും പരസ്യമായി പറഞ്ഞ കോൺഗ്രസ്, AAPയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു യു-ടേൺ തന്നെ എടുത്തു. പാർട്ടിയുടെ തീരുമാനത്തിൽ പരിഭവം ഉണ്ടായിരുന്ന സിദ്ദു ഒടുവിൽ തന്റെ അമൃത്‌സർ (കിഴക്ക്) സീറ്റിൽ ഒതുങ്ങി. പ്രചാരണത്തിന് പോലും ഇറങ്ങിയില്ല. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മാൾവ മേഖലയിൽ പോലും സിദ്ദു, സുനിൽ ജാഖർ, പർതാപ് സിംഗ് ബജ്‌വ തുടങ്ങിയ കോൺഗ്രസ് മുൻനിര നേതാക്കളാരും പ്രചാരണത്തിനിറങ്ങിയില്ല.

  എന്നാൽ ഇതിനിടെ സംസ്ഥാനത്തെ ഭൂരിഭാഗം എംഎൽഎമാരും തനിയ്ക്കൊപ്പമാണെന്ന അവകാശവാദവുമായി സുനിൽ ജാഖറും രംഗത്തെത്തി. കൂടാതെ പ്രചാരണത്തിനിടയിൽ രാഷ്ട്രീയം വിടുകയാണെന്നും ജാഖർ പ്രഖ്യാപിച്ചു. മനീഷ് തിവാരിയെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ക്യാപ്റ്റൻ അമരീന്ദർ സിങ്ങുമായി കൂടുതൽ അടുപ്പമുള്ളവരാണെന്ന് തിരിച്ചറിഞ്ഞതിനാൽ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.

  111 ദിവസം മുഖ്യമന്ത്രി കസേരയിലിരുന്ന ചന്നിക്ക് പോലീസ് വെടിവയ്പ്പ് കേസിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത് മാൾവ മേഖലയിൽ നിന്ന് കോൺഗ്രസ് പാർട്ടിയെ തുടച്ചുനീക്കുന്നതിന് വഴിയൊരുക്കി. എന്നാൽ അതേസമയം, സിഖ് പാന്തിക് താവളമായ മജാ മേഖലയിൽ ആം ആദ്മി പാർട്ടി ചുവടുറപ്പിച്ചു.

  മയക്കുമരുന്ന് ദുരുപയോഗ കേസിൽ ചന്നി ഒടുവിൽ മജീതിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ ഇതും വളരെ വൈകിപ്പോയിരുന്നു. കാരണം കോൺഗ്രസിനെതിരെ വോട്ടുചെയ്യാൻ ജനങ്ങളുടെ മനസ്സ് അപ്പോഴേക്കും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

  എല്ലാറ്റിനുമുപരിയായി, പഞ്ചാബിലെ കോൺഗ്രസിന്റെ പരാജയം സംസ്ഥാനത്ത് ജനങ്ങൾ ആഗ്രഹിച്ച 'മാറ്റത്തിന്' കൂടി വേണ്ടിയാണ്. അരവിന്ദ് കെജ്രിവാളും ഭഗവന്ത് മാനും വാഗ്ദാനം ചെയ്ത അഴിമതി രഹിത ഭരണത്തിന്റെയും മാറ്റത്തിന്റെയും സ്വപ്നം ജനങ്ങൾ ഏറ്റുവാങ്ങി.

  പഞ്ചാബിൽ പലരും കോൺഗ്രസിനെയും അകാലിദളിനെയും വിമർശിച്ചപ്പോൾ, സംസ്ഥാനത്തെ യഥാർത്ഥ രോഷം നിലവിലെ 'വ്യവസ്ഥിതിയ്ക്ക്' എതിരായിരുന്നു, അധികാരത്തിലിരിക്കുമ്പോൾ കോൺഗ്രസും അകാലിദളും പരസ്പരം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കൈകോർത്തിരുന്നു എന്ന തോന്നലാണ് ജനങ്ങൾക്കുണ്ടായിരുന്നത്.

  എന്നാൽ ഈ 'വ്യവസ്ഥിതിയും കൂട്ടുകെട്ടും' തകർക്കുമെന്നും അനധികൃത മണൽ ഖനന മാഫിയ, അനധികൃത ട്രാൻസ്പോർട്ട് മാഫിയ എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുമെന്നും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും AAP വാഗ്ദാനം ചെയ്തു. പഞ്ചാബിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യുവാക്കളെ ഐഇഎൽടിഎസ് പരീക്ഷ എഴുതുന്നതിൽ നിന്നും കാനഡയിലേക്ക് കുടിയേറുന്നതിൽ നിന്നും തടയുമെന്നുമുള്ള ഭഗവന്ത് മാന്റെ വാക്കുകൾ തരംഗം സൃഷ്ടിച്ചു.

  കോൺഗ്രസ് കർഷകരെ പൂർണമായി പിന്തുണച്ചിട്ടും കർഷകപ്രക്ഷോഭത്തിന് പോലും തിരഞ്ഞെടുപ്പിൽ ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല. ‘മാറ്റം’ എന്ന ജനങ്ങളുടെ ആഗ്രഹം അത്രമാത്രം ശക്തമായിരുന്നു എന്ന് വേണം കരുതാൻ.

  പഞ്ചാബിൽ തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ ജീവിതം മെച്ചപ്പെടുത്തുന്നതിനോ രാഷ്ട്രീയക്കാരിലുള്ള പ്രതീക്ഷ ജനങ്ങൾ കൈവിട്ട അവസ്ഥയിലാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്ത് കൃഷിയിറക്കുന്നു. ഈ സാഹചര്യത്തിൽ അന്യരാജ്യങ്ങളിലേയ്ക്ക് പോകുന്നതാണ് നല്ലതെന്ന് പഞ്ചാബിലെ യുവാക്കൾ കരുതുന്നു.

  ആം ആദ്മി പാർട്ടി ‘രംഗ്ല പഞ്ചാബ്’ മോഡലിലൂടെ പ്രതീക്ഷയുടെ വലിയ വെളിച്ചവുമായാണ് പഞ്ചാബിൽ എത്തിയിരിക്കുന്നത്. മന്നിൽ നിന്നും കെജ്‌രിവാളിൽ നിന്നും പഞ്ചാബികൾ പ്രതീക്ഷിക്കുന്നതും വലിയ മാറ്റം തന്നെയാണ്.
  Published by:user_57
  First published: