നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Colleges Reopening | ഐഐടി മുതല്‍ ഐഐഎം വരെ: ഇന്ത്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പുനഃരാരംഭിക്കുന്നത് എപ്പോൾ?

  Colleges Reopening | ഐഐടി മുതല്‍ ഐഐഎം വരെ: ഇന്ത്യയിലെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ പുനഃരാരംഭിക്കുന്നത് എപ്പോൾ?

  ഐഐടികളും, ഐഐഎമ്മുകളും ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഓഫ്‌ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കുകയാണ്

  • Share this:
   രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ മിക്ക സംസ്ഥാന സര്‍ക്കാരുകളും സ്‌കൂളുകളും കോളേജുകളും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ മുഴുവന്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്ത വിദ്യാര്‍ത്ഥികളെ മാത്രമെ നേരിട്ട് ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിച്ചിട്ടുള്ളൂ. മറ്റുള്ള വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇതുവരെ പല അധികൃതരും തീരുമാനമെടുത്തിട്ടില്ല. ഐഐടികളും, ഐഐഎമ്മുകളും ഉള്‍പ്പടെയുള്ള രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളും കോളേജുകളും ഓഫ്‌ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കുകയാണ്. വിശദാംശങ്ങള്‍ അറിയാം:

   ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT - INDIAN INSTITUTE OF TECHNOLOGY)
   ബോംബെ ഐഐടിയില്‍ രണ്ടാം വര്‍ഷ, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള നേരിട്ടുള്ള ക്ലാസുകള്‍ ഡിസംബറില്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ട്. എല്ലാ രണ്ടാം വർഷ, മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും ഇത് സംബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കത്തെഴുതിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും ക്യാമ്പസിലേക്ക് മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും ബോംബെ ഐഐടി ഡയറക്ടര്‍ എസ് സുദര്‍ശന്‍ പറഞ്ഞു.

   ഖരഗ്പൂര്‍ ഐഐടി ഭാഗികമായി തുറന്നിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ നേരിട്ട വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് വര്‍ഷത്തെ എംടെക്, എംഎസ്സി പ്രോഗ്രാമുകള്‍ ചെയ്യുന്ന, വാക്‌സിന്‍ കുത്തിവയ്പെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുമായി ഖരഗ്പൂര്‍ ഐഐടി അവരുടെ ക്യാമ്പസ് ഭാഗികമായി വീണ്ടും തുറന്നു.

   പട്ന ഐഐടി, കുറഞ്ഞത് ഒരു ഡോസ് കോവിഡ് -19 വാക്സിന്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ക്യാമ്പസിലേക്ക് മടങ്ങാന്‍ അനുവദിച്ചിട്ടുണ്ട്.

   ഡല്‍ഹി ഐഐടി, ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥികള്‍ക്കായി നവംബറില്‍ വ്യക്തിഗത ക്ലാസുകള്‍ പുനരാരംഭിക്കും. ബാക്കിയുള്ള ക്ലാസുകള്‍ അടുത്ത വര്‍ഷം ജനുവരിയോടെ വീണ്ടും തുറക്കുമ്പോള്‍ ആരംഭിക്കുമെന്ന് ഡല്‍ഹി ഐഐടി ഡയറക്ടര്‍ വി രാംഗോപാല്‍ റാവു പറഞ്ഞു.

   നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (NIT - NATIONAL INSTITUTE OF TECHNOLOGY)
   ദുര്‍ഗാപൂര്‍ എന്‍ഐടി, ഹൈബ്രിഡ് ക്ലാസുകള്‍ നടത്താനാണ് ആലോചിക്കുന്നത്. അതായത്, വ്യക്തിഗത ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ രീതിയിലും, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയും ക്ലാസുകള്‍ അനുവദിക്കാനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്.

   ആന്ധ്രാപ്രദേശ് എന്‍ഐടി ഒന്നാം വര്‍ഷ എംടെക് വിദ്യാര്‍ത്ഥികള്‍ക്കായി സെപ്തംബര്‍ 1 ന് വീണ്ടും ക്ലാസുകള്‍ തുറന്നിട്ടുണ്ട്. എന്നിരുന്നാലും അവിടുത്തെ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.

   ഡല്‍ഹി യൂണിവേഴ്സിറ്റി (DU - DELHI UNIVERSITY)
   അഫിലിയേറ്റഡ് കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഡല്‍ഹി യൂണിവേഴ്സിറ്റി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അതേസമയം, തലസ്ഥാനത്തെ എല്ലാ സ്‌കൂളുകളുംവീണ്ടും തുറക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ഓഫ്ലൈന്‍ ക്ലാസുകള്‍ വീണ്ടും ആരംഭിക്കണമെന്ന് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ദീപാവലിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് നേരത്തെ ഡല്‍ഹി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പറഞ്ഞിരുന്നതെങ്കിലും ഇതുവരെ നിര്‍ദ്ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ല.

   മുംബൈ യൂണിവേഴ്സിറ്റി (MU - MUMBAI UNIVERSITY)
   കര്‍ശനമായ കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടയില്‍ ഒക്ടോബര്‍ 20 ന് മുംബൈ യൂണിവേഴ്സിറ്റി കോളേജുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ക്യാമ്പസിലെ കാന്റീനുകളും കഫ്റ്റീരിയകളും ഉള്‍പ്പെടെയുള്ള പൊതുയിടങ്ങളും വിദ്യാര്‍ത്ഥികളുടെ യോഗങ്ങളും നിരോധിച്ചിട്ടുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മുംബൈ, താനെ, റായ്ഗഡ്, പാല്‍ഘര്‍, രത്നഗിരി എന്നിവിടങ്ങളിലുള്ള മൊത്തം 837 കോളേജുകളിലെയും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്.

   കല്‍ക്കട്ട യൂണിവേഴ്സിറ്റി (CU - CALCUTTA UNIVERSITY)
   മൂന്നാം സെമസ്റ്ററിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ മാത്രം നവംബര്‍ 16 മുതല്‍ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കല്‍ക്കട്ട യൂണിവേഴ്സിറ്റി അനുവദിച്ചിരുന്നു. അതേസമയം ബാക്കിയുള്ള ക്ലാസുകള്‍ അടച്ചിടും. എന്നിരുന്നാലും, കല്‍ക്കട്ട യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള നിരവധി കോളേജുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിക്കാന്‍ അനുവദിച്ചിരുന്നു. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽമാത്രമേ നടത്താന്‍ സാധിക്കൂ.

   ജാദവ്പൂര്‍ സര്‍വ്വകലാശാല (JU - Jadavpur University) നവംബര്‍ 16 മുതല്‍ എംഫില്‍, പിഎച്ച്ഡി എന്നിവയ്ക്ക് മാത്രമായി ക്ലാസുകള്‍ പുനരാരംഭിച്ചു. ബാക്കിയുള്ള ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ എത്തിയിട്ടില്ല.

   ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി (JMI - JAMIA MILLIA ISLAMIA UNIVERSITY)
   ഡിസംബര്‍ 31-നകം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കേണ്ട ബിരുദ, ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി സെപ്റ്റംബറില്‍ ജാമിയ മില്ലിയ ഇസ്ലാമിയ കാമ്പസ് വീണ്ടും തുറന്നു.

   ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി (BHU - BANARAS HINDU UNIVERSITY)|
   നേരിട്ടുള്ള ക്ലാസുകള്‍ വീണ്ടും ആരംഭിക്കുന്നത് സംബന്ധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ഇതുവരെ തീരുമാനിച്ചിട്ടില്ല. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഓഫ്ലൈന്‍ ക്ലാസുകള്‍ വീണ്ടും തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

   സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്‌സിറ്റി (SPPU - SAVITRIBAI PHULE PUNE UNIVERSITY)
   വാക്‌സിനേഷന്‍ എടുത്ത മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാവിത്രിഭായ് ഫൂലെ പൂനെ യൂണിവേഴ്‌സിറ്റി അനുവദിച്ചിട്ടുണ്ട്. അതേസമയം അവരുടെ അഫിലിയേറ്റഡ് കോളേജുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് വിട്ടുകൊടുത്തു. ചില കോളേജുകള്‍ ഒക്ടോബറില്‍ വിദ്യാര്‍ത്ഥികളെ ഓഫ്ലൈന്‍ ക്ലാസുകളിലേക്ക് തിരികെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു പലതും അടഞ്ഞ് തന്നെ കിടക്കുകയാണ്.

   ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (IIM - INDIAN INSTITUTE OF MANAGEMENT)
   ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരേ സമയം നടക്കുമ്പോള്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഐഐഎം കല്‍ക്കട്ട തിരികെ വിളിച്ചിരുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ക്യാമ്പസിലെ ഓണ്‍ലൈന്‍ നെറ്റ് സൗകര്യം ഉപയോഗിക്കുന്നു. ഹൈബ്രിഡ് മോഡില്‍ ക്ലാസുകള്‍ നടത്താനാകുമോ എന്ന് ഐഐഎം ശ്രമിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ ദി ടെലിഗ്രാഫിനോട് പറഞ്ഞു. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശോധിച്ച് വരികയാണെന്നും അതിനനുസരിച്ച് തീരുമാനമെടുക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, അഹമ്മദാബാദ്, ബെംഗളൂരു, കോഴിക്കോട്, ലഖ്നൗ തുടങ്ങിയ മറ്റ് ചില ഐഐഎമ്മുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുന്നതിനിടെ ഫെബ്രുവരിയില്‍ കാമ്പസുകള്‍ വീണ്ടും ആരംഭിച്ചിരുന്നു.
   Published by:Jayesh Krishnan
   First published:
   )}