കൊറോണവൈറസ് മഹാമാരി തുടങ്ങിയതിനു ശേഷം നിരവധി പേർക്കാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) പ്രതീക്ഷയും ആശ്വാസവുമാകുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനാണ് എയിംസ് പടുത്തുയർത്തിയതിന്റെ പൂർണ ക്രെഡിറ്റും കൊടുക്കുന്നത്. എന്നാൽ, ഇന്ത്യയുടെ അഭിമാനമായി എയിംസ് പണി കഴിപ്പിച്ചതിന് പിന്നിൽ ഒരു സ്ത്രീ വഹിച്ച പങ്ക് പലപ്പോഴും നമ്മൾ കണ്ടില്ലെന്ന് നടിക്കുകയാണ്.
കപുർത്തലയിലെ രാജകുമാരിയും ഇന്ത്യയുടെ ആദ്യത്തെ ആരോഗ്യമന്ത്രിയും ആയിരുന്ന രാജ്കുമാരി അമൃത് കൗർ ആണ് ആ സ്ത്രീരത്നം. അതു മാത്രമല്ല, WHO ഗവേണിംഗ് ബോഡിയിൽ എത്തിയ ഏഷ്യയിൽ നിന്നുള്ള ആദ്യത്തെ സ്ത്രീയും ആയിരുന്നു അവർ. എന്നാൽ അവരെക്കുറിച്ച് അധികമൊന്നും പറഞ്ഞു കേൾക്കുന്നില്ലെന്ന് ഒരു ഡോക്ടർ തന്നെയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
എയിംസ് ജനറൽ സെക്രട്ടറിയാണെന്ന് ട്വിറ്റർ ബയോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഡോ ശ്രീനിവാസയുടെ ട്വീറ്റ് ചെയ്ത ഫോട്ടോയ്ക്ക് മറുപടി നൽകവേയാണ് ഡോ. സോനാലി വായിദ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. നെഹ്റു അദ്ദേഹത്തിന്റെ മന്ത്രിമാർക്കും ആർക്കിടെക്കുമാർക്കും ഒപ്പം നിൽക്കുന്ന ഫോട്ടോ ആയിരുന്നു ശ്രീനിവാസ പങ്കുവെച്ചത്.
You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]
ഫോട്ടോയിൽ നെഹ്റു ആണ് എയിംസിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതെന്നാണ് വ്യക്തമാകുന്നതെന്ന് ഡോ വായിദ് പറയുന്നു. എന്നാൽ, ആരോഗ്യമന്ത്രി അമൃത് കൗറിന്റെ ദീർഘവീക്ഷണം ആയിരുന്നു എയിംസ് എന്നും ഡോ വായിദ് വ്യക്തമാക്കുന്നു. "എയിംസ് അവരുടെ കാഴ്ചപ്പാട് ആയിരുന്നു, ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രിയും മറ്റ് പലമേഖലകളിലും ഒന്നാമതായിരുന്നു അവർ" - വായിദ് കുറിച്ചു.
ആരാണ് രാജ്കുമാരി അമൃത് കൗർ ?
കുട്ടിക്കാലം മുതലേ ഇംഗ്ലണ്ടിൽ വിദ്യാഭ്യാസം നേടിയ കൗർ ഓക്സ്ഫോർഡ് സർവകലാശാലയിലെ ബിരുദദാരി ആയിരുന്നു. എന്നാൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം കൂടുതൽ ശക്തമായപ്പോൾ രാജകുമാരി ഗോപാൽ കൃഷ്ണ ഗോഖലെയുടെ കീഴിൽ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി.
നിരാലംബരെ സഹായിക്കുന്നതിനായി അവർ അഖിലേന്ത്യ സേവക പാർട്ടി ആരംഭിച്ചു. സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കാനും മറ്റുമായി 1926ൽ കൗർ അഖിലേന്ത്യ വിമൻസ് കോൺഫറൻസ് ആരംഭിച്ചു. ദേശീയപ്രസ്ഥാനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിൽ കൗർ മുഖ്യപങ്കു വഹിച്ചു. ഇന്ത്യയുടെ ആദ്യ ആരോഗ്യമന്ത്രിയാകുന്നതിന് മുമ്പ് വരെ മഹാത്മാ ഗാന്ധിയുടെ സെക്രട്ടറിയായി അവർ പ്രവർത്തിച്ചു.
എയിംസിനെക്കുറിച്ച് കൂടുതൽ അറിയാം
നിരവധി നേട്ടങ്ങളാണ് കൗറിന്റെ പേരിലുള്ളത് എങ്കിലും അതിൽ പ്രധാനപ്പെട്ടത് എയിംസ് തന്നെയാണ്. രാജ്യത്തെ പാവപ്പെട്ടവർക്കും പണക്കാർക്കും യാതൊരു വേർതിരിവുമില്ലാതെ എയിംസ് വർഷങ്ങളായി ചികിത്സ നൽകുന്നു. ഇതിനു പിന്നിലെ മാർഗദർശി കൗർ ആയിരുന്നു.
എയിംസിന്റെ നിർമാണത്തിനായി 1957ൽ കൗർ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സ്വീഡൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, വെസ്റ്റ് ജർമനി എന്നി രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിച്ചു. ലോകാരോഗ്യ അസംബ്ലിയുടെ പ്രസിഡന്റ് ആയിരുന്നതും 1950ൽ ലോകാരോഗ്യ സംഘടനയുടെ ഗവേണിംഗ് ബോഡി ആയിരുന്നതും ഇതിൽ കൂടുതൽ സഹായകമായി. കൗറിന്റെ നേതൃത്വത്തിലാണ് എയിംസ് ഇന്ത്യയുടെ ആരോഗ്യസംരക്ഷണ മേഖലയിൽ മികച്ച കേന്ദ്രമായി മാറിയത്.
പ്രവേശനപ്പരീക്ഷയിലൂടെ മാത്രമാണ് എയിംസിൽ ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കുകയുള്ളൂ. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിൽ ആയിരിക്കും ഇവിടെ നിയമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.